റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ നോട്ടമിട്ട് പവര്‍ഗ്രിഡ്

റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ  പദ്ധതിയില്‍ നോട്ടമിട്ട് പവര്‍ഗ്രിഡ്

ന്യൂഡെല്‍ഹി: പൊതുമേഖല കമ്പനിയായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ (പിജിസിഐഎല്‍) 25,000 കോടി രൂപ ചെലവു വരുന്ന റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണ പദ്ധതിയില്‍ കണ്ണുവയ്ക്കുന്നു. അഞ്ചു വര്‍ഷത്തിനുള്ളില്‍ 24,000 കിലോമീറ്റര്‍ റെയ്ല്‍വെ ട്രാക്കുകള്‍ വൈദ്യുതീകരിക്കുന്ന പദ്ധതിയാണിത്. അതില്‍ നല്ലൊരു ശതമാനം ട്രാക്കുകളെയും വൈദ്യുതീകരിക്കുന്നതിനുള്ള അവകാശം നേടിയെടുക്കുന്നതിനുള്ള നീക്കത്തിലാണ് പവര്‍ഗ്രിഡ്.

റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരണം വേഗത്തിലാക്കുന്നതിനുവേണ്ടി ഈ മാസമാദ്യം പവര്‍ ഗ്രിഡ്, ഐആര്‍സിഒഎന്‍, ആര്‍ഐറ്റിഇഎസ് എന്നിവയുമായി റെയ്ല്‍വെ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയിരുന്നു. 888.96 കോടി രൂപ ചെലവില്‍ 761 കിലോമീറ്റര്‍ റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരിക്കുന്നതിന് പവര്‍ഗ്രിഡ് കോര്‍പ്പറേഷനെ ഇതിനോടകം തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മിഷന്‍ ഇലക്ട്രിഫിക്കേഷന്‍ പദ്ധതി കൈമാറ്റത്തിന് ലേലം സംഘടിപ്പിക്കണമോയെന്ന കാര്യം റെയ്ല്‍വെ തീരുമാനിച്ചിട്ടില്ല. എങ്കിലും 20,000 കോടി രൂപയിലധികം ചെലവാകാതെ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് റെയ്ല്‍വെക്ക് ആഗ്രഹമുണ്ടെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു.
നിലവില്‍ ഒരു കിലോമീറ്റര്‍ റെയ്ല്‍ ലൈന്‍ വൈദ്യുതീകരിക്കുന്നതിന് ഏകദേശം ഒരു കോടി രൂപ ചെലവാകുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാക്കുന്നതിന് പുറമെ, ചെലവ് കുറയ്ക്കാനും പവര്‍ഗ്രിഡ് ശ്രമിക്കും. അതിനാല്‍ വൈദ്യുതീകരണത്തിന്റെ ചെലവ് 20 ശതമാനം താഴ്ത്താന്‍ റെയ്ല്‍വെയ്ക്ക് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2017-18 കാലയളവില്‍ 4,000 കിലോമീറ്റര്‍ റെയ്ല്‍വെ ലൈന്‍ വൈദ്യുതീകരിക്കാനാണ് നീക്കം. 2020-21 ഓടെ 90 ശതമാനം ട്രാക്കുകളിലും വൈദ്യുതീകരണം പൂര്‍ത്തിയാക്കും.
ക്രൂഡ് ഇറക്കുമതി കുറയ്ക്കാന്‍ വൈദ്യുതീകരണ പദ്ധതി സര്‍ക്കാരിനെ സഹായിക്കും. കൂടാതെ ട്രെയ്‌നുകളുടെ വേഗത കൂട്ടാനും ഇത് ഉപകരിക്കും. നിലവില്‍ ഏകദേശം 35,000 കിലോമീറ്റര്‍ റെയ്ല്‍വെ ട്രാക്കുകളില്‍ വൈദ്യുതീകരണം സാധ്യമായിട്ടില്ല. ട്രാക്ക് വൈദ്യുതീകരണത്തിലൂടെ വര്‍ഷാവര്‍ഷം 10,000 കോടി രൂപയുടെ വരുമാനമുണ്ടാക്കാന്‍ റെയ്ല്‍വെയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡീസലിന്റെ വകയില്‍ ഇന്ത്യന്‍ റെയ്ല്‍വെ പ്രതിവര്‍ഷം 18,000 കോടി രൂപയാണ് ചെലവിടുന്നത്.

Comments

comments

Categories: Branding