നോട്ട് പിന്‍വലിക്കല്‍: പേടിഎം ഇടപാടുകളില്‍ 700 ശതമാനം വര്‍ധന

നോട്ട് പിന്‍വലിക്കല്‍: പേടിഎം ഇടപാടുകളില്‍ 700 ശതമാനം വര്‍ധന

 

ന്യൂഡെല്‍ഹി: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഒരു ദിവസം അഞ്ച് മില്യണ്‍ ഇടപാടുകള്‍ വരെയാണ് നടക്കുന്നതെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൊബീല്‍ വാലറ്റ് കമ്പനിയായ പേടിഎം. വെള്ളി ശനി ദിവസങ്ങളിലാണ് അഞ്ച് മില്യണ്‍ വീതം ഇടപാടുകള്‍ നടന്നതെന്നും കമ്പനി സാക്ഷ്യപ്പെടുത്തുന്നു. 2017 മാര്‍ച്ച് ആകുമ്പോഴേക്കും രാജ്യത്തെ മറ്റു പേയ്‌മെന്റ് ശൃംഖലകളെ ഏറെ പിന്നിലാക്കി 24,000 കോടി രൂപയിലധികം കൈകാര്യം ചെയ്യുന്ന സ്ഥാപനമായി മാറാനുള്ള ലക്ഷ്യത്തിലേക്ക് കമ്പനി നീങ്ങുകയാണെന്നും പേടിഎം പ്രസ്താവനയില്‍ പറഞ്ഞു.

പണവിനിമയ സംവിധാനത്തില്‍ നിന്നും 500, 1000 രൂപാ നോട്ടുകള്‍ പുറത്താക്കപ്പെട്ടതോടെ കൂടുതല്‍ പേര്‍ പണരഹിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെ ഉപയോഗപ്പെടുത്തി തുടങ്ങിയതാണ് പേടിഎം, മൊബീക്വിക് പോലുള്ള ഓണ്‍ലൈന്‍ പേയ്‌മെന്റ് ശൃംഖലകള്‍ക്ക് ഗുണകരമായത്. നവംബര്‍ 9 വരെ പേടിഎം പ്ലാറ്റ്‌ഫോമില്‍ നടന്നിട്ടുള്ള ഇടപാടുകളില്‍ 700 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പേടിഎം എക്കൗണ്ടുകളിലെ പണത്തിന്റെ മൂല്യം 1000 ശതമാനം വര്‍ധിച്ചതായും കമ്പനി പറയുന്നു. ഇതിനു പുറമെ ശരാശരി ഇടപാട് മൂല്യം 200 ശതമാനവും, പേടിഎം ആപ്പ് ഡൗണ്‍ലോഡുകളുടെ എണ്ണം 300 ശതമാനവും വര്‍ധിച്ചതായും കമ്പനി വിലയിരുത്തുന്നു.

പേടിഎം ഓഫ്‌ലൈന്‍ പേയ്‌മെന്റ് ഇടപാടുകളില്‍ അഞ്ച് മടങ്ങ് വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ഉപഭോക്താവ് ആഴ്ച്ചയില്‍ മൂന്ന് ഇടപാടുകള്‍ നടത്തിയിരുന്ന സ്ഥാനത്ത് നിലവില്‍ 18 ഇടപാടുകള്‍ നടത്തുന്നതായും കമ്പനി വ്യക്തമാക്കി. നോട്ട് അസാധുവാക്കികൊണ്ടുള്ള തീരുമാനം വന്നതിനു ശേഷമുള്ള രണ്ട് ദിവസങ്ങളിലും ആപ്പ് വഴിയുള്ള ഇടപാട് മൂല്യത്തില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നതായും നിലവില്‍ ഇത് ഉപയോഗത്തിന്റെ 200 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും പേടിഎം പറയുന്നു. ഈ രണ്ടു ദിവസങ്ങളില്‍ ഏകദേശം ഒരു മില്യണിലധികം പുതിയ ഉപഭോക്താക്കള്‍ പേടിഎമ്മില്‍ എക്കൗണ്ട് തുറന്നിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

2015ലാണ് പേയ്‌മെന്റ് സൊലൂഷന്‍ സംവിധാനവുമായി പേടിഎം രംഗത്തെത്തിയത്. നാളിതുവരെ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഓണ്‍ലൈന്‍ ടാക്‌സി സ്റ്റാര്‍ട്ടപ്പുകള്‍, പെട്രോള്‍ പമ്പുകള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങി 850,000 സംരംഭങ്ങളുമായി പേടിഎം സഹകരണമുറപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം സാധന-സേവന മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതോടെ ഉപയോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമായി മികച്ച പ്രതികരണമാണ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതല്‍ ഏറ്റെടുക്കലുകള്‍ നടത്താനുള്ള തായറെടുപ്പിലാണ് കമ്പനിയെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ അഞ്ച് ദശലക്ഷം വ്യാപാരികളെയാണ് ലക്ഷ്യമിടുന്നതെന്നും പേടിഎം ഉന്നത ഉപാധ്യക്ഷന്‍ കിരാ വസിറെഡ്ഡി പറഞ്ഞു. ഓഫ്‌ലൈന്‍ വ്യാപാര ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി 10,000 ഏജന്റുകളെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

Comments

comments

Categories: Branding, Slider