കേരളത്തിലെ സ്‌കൂളുകളിലെ 45,000 ക്ലാസ്‌റൂമുകള്‍ ഡിജിറ്റലാകുന്നു

കേരളത്തിലെ സ്‌കൂളുകളിലെ 45,000 ക്ലാസ്‌റൂമുകള്‍ ഡിജിറ്റലാകുന്നു

 

തിരുവനന്തപുരം: ഐടിയുടെ സാധ്യതകളുപയോഗിച്ച് വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 45,000 ക്ലാസ്‌റൂമുകള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പരീക്ഷണാര്‍ത്ഥം ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ പദ്ധതി നടപ്പിലാക്കിയിരുന്നു. പദ്ധതി 136 മണ്ഡലങ്ങളിലേക്കുകൂടി വിപുലമാക്കുന്നതു സംബന്ധിച്ച് കൃത്യമായി വിവരശേഖരണത്തിനായി ഓണ്‍ലൈന്‍ സ്‌കൂള്‍ സര്‍വെ ആരംഭിച്ചു. ഡിസംബര്‍ 15 നകം സ്‌കൂളുകള്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കേണ്ടതാണ്. വിദ്യാഭ്യാസ മേഖലയില്‍ കേരളത്തെ പൂര്‍ണമായി ഡിജിറ്റൈലൈസ് സംസ്ഥാനമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ്‌റൂമുകളിലും കംപ്യൂട്ടര്‍, മള്‍ട്ടിമീഡിയ പ്രൊജക്റ്റര്‍, സൗണ്ട് സിസ്റ്റം, അതിവേഗതയിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ സജ്ജീകരിക്കും. എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ ഐസിടി ഉപയോഗിച്ചുള്ള ഇ-ഗവേണന്‍സ് നടപ്പിലാക്കാനും പദ്ധതിയുണ്ട്. എല്ലാ സ്‌കൂളിലും ഓഫ്‌ലൈന്‍ സര്‍വറുകളില്‍ ഉള്ളടക്കശേഖരം സ്ഥാപിച്ച് ലൈബ്രറിയും ലാബുമായി ബന്ധിപ്പിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയറായിരിക്കും ഇതിനുപയോഗിക്കുക. അധ്യാപകര്‍ക്ക് ഐസിടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ക്ലാസെടുക്കാനും ഐടി അധിഷ്ഠിതമായി ഉള്ളടക്കം രൂപവല്‍ക്കരിക്കാനും പരിശീലനം നല്‍കും. എല്ലാ വിഷയങ്ങളുടെയും പഠനത്തിന് സഹായകരമാംവിധം ഡിജിറ്റല്‍ ഉള്ളടക്കശേഖരം, മുഴുവന്‍സമയ പോര്‍ട്ടല്‍, മൂല്യനിര്‍ണയ സംവിധാനം എന്നിവയും ഒരുക്കും.

ആദ്യഘട്ടത്തില്‍ 15 ഡിവിഷനുകള്‍ക്ക് ഒരു കംപ്യൂട്ടര്‍ ലാബ് ലഭിക്കത്തവിധം സൗകര്യം ചെയ്യും. കുട്ടികള്‍ക്ക് 3:1 എന്ന അനുപാതത്തില്‍ ലാബ് ഉപയോഗിക്കാനാകും. ലാബില്‍ പൊതുസെര്‍വര്‍ കണക്റ്റിവിറ്റി, ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്, ഓണ്‍ലൈന്‍ യുപിഎസ്, എല്‍സിഡി. പ്രോജക്ടര്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക സോഫ്റ്റ്‌വെയര്‍ എന്നിവ സജ്ജീകരിക്കും. പദ്ധതിയുടെ കീഴില്‍ സ്‌കൂള്‍ ഓരോ സ്‌കൂളുകളിലും സ്‌കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാരും സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍മാരും അടങ്ങിയ സംഘങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. പരിപാടി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന-ജില്ലാ-തെരഞ്ഞെടുപ്പ് മണ്ഡല പഞ്ചായത്ത് തലങ്ങളില്‍ കര്‍മ സംഘവും പ്രവര്‍ത്തനസമിതികളും ഉണ്ടായിരിക്കും.

Comments

comments

Categories: Education