മൊബീല്‍ ആക്‌സസറീസ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കനൊരുങ്ങി ഇന്റെക്‌സ്

മൊബീല്‍ ആക്‌സസറീസ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കനൊരുങ്ങി ഇന്റെക്‌സ്

 

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ ഇന്ത്യന്‍ മൊബീല്‍ ആക്‌സസറീസ് വിപണിയില്‍ 100 കോടി രൂപയുടെ പങ്കാളിത്തം നേടുമെന്ന് ആഭ്യന്തര ഫോണ്‍ നിര്‍മാണ കമ്പനിയായ ഇന്റെക്‌സ്. ഇന്ത്യന്‍ മൊബീല്‍ ആക്‌സസറീസ് വിപണിയില്‍ ബാറ്ററി വിഭാഗത്തിലാണ് കമ്പനി പ്രധാന ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്.

2011ലാണ് ഇന്റെക്‌സ് മൊബീല്‍ ആക്‌സസറീസ് വിഭാഗത്തിലേക്ക് ചുവടുവെക്കുന്നത്. അന്നു മുതല്‍ ബാറ്ററി, ചാര്‍ജര്‍, ഹാന്‍ഡ് ഫ്രീ ഡിവൈസസ്, കേബിള്‍സ്, പവര്‍ ബാങ്ക് തുടങ്ങിയ വിഭാഗങ്ങളില്‍ വളരേ വേഗത്തിലുള്ള വളര്‍ച്ചയാണ് കമ്പനി അടയാളപ്പെടുത്തിയിട്ടുള്ളത്. മൊബീല്‍ ഫോണ്‍ മേഖലയുടെ നട്ടെല്ലന്നാണ് ബാറ്ററി ഉല്‍പ്പാദനത്തെ ഇന്റെക്‌സ് ടെക്‌നോളജീസ് (ഇന്ത്യ) മൊബീല്‍ ആക്‌സസറീസ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മനീഷ് ഗുപ്ത വിശേഷിപ്പിച്ചത്.

മൈക്രോമാക്‌സ്, ലാവ, കാര്‍ബണ്‍, നോക്കിയ തുടങ്ങിയ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ക്കും ഇന്റെക്‌സ് ബാറ്ററികള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതുകൂടാതെ സാംസംഗ് ഉള്‍പ്പെടെയുള്ള ചൈനീസ് ബ്രാന്‍ഡുകളും ഇന്റെക്‌സ് ബാറ്ററികള്‍ ഉപയോഗിക്കുന്നുണ്ട്.
2015-2016 സാമ്പത്തിക വര്‍ഷത്തില്‍ 90 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 670 ദശലക്ഷം രൂപയുടെ വരുമാനമാണ് ഇന്റെക്‌സ് രേഖപ്പെടുത്തിയത്. ഇതില്‍ 70 ശതമാനത്തോളം സംഭാവന ചെയ്തത് ബാറ്ററി, ചാര്‍ജര്‍ വിഭാഗമാണ്. പവര്‍ ബാങ്ക് വില്‍പ്പനയിലും മികച്ച പ്രകടനമാണ് കമ്പനി നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 130,000 പവര്‍ ബാങ്കുകളാണ് ഇന്റെക്‌സ് വിറ്റഴിച്ചത്. ഈ സാമ്പത്തിക വര്‍ഷം ഇതിനോടകം തന്നെ 750,000 പവര്‍ബാങ്കുകള്‍ വിറ്റഴിച്ചതായും കമ്പനി അവകാശപ്പെടുന്നു. നിലവിലെ വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറീസ് വിഭാഗം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഇന്റെക്‌സ്.
2022 ഓടെ ആഗോള മൊബീല്‍ ആക്‌സസറീസ് വിപണി 107.3 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ എല്ലാ മേഖലകളിലും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുകയാണെന്നും ഇതിന്റെ ഫലം മൊബീല്‍ ആക്‌സസറീസ് വിപണിയില്‍ പ്രതിഫലിക്കുമെന്നുമാണ് അലയെഡ്മാര്‍ക്കറ്റ്‌റിസര്‍ച്ച് ഡോട്ട് കോം നല്‍കുന്ന വിവരം.

Comments

comments

Categories: Slider, Top Stories