ലോക ബാങ്കിന്റെ മാനേജ്‌മെന്റ് സംഘത്തില്‍ ഇന്ത്യ അംഗമാകും

ലോക ബാങ്കിന്റെ മാനേജ്‌മെന്റ് സംഘത്തില്‍ ഇന്ത്യ അംഗമാകും

ന്യൂഡെല്‍ഹി: പണം കടംവാങ്ങുന്നതിനപ്പുറം ഇന്ത്യ ലോക ബാങ്കിന് കീഴിലെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് അസ്സോസിയേഷന്റെ (ഐഡിഎ) പ്രധാന മാനേജ്‌മെന്റ് സംഘത്തില്‍ ഉടനെ അംഗമാകാനൊരുങ്ങുന്നു. ഐഡിഎയുടെ പ്രതിനിധികളില്‍ ഇന്ത്യയും ഉള്‍പ്പെടാന്‍ പോകുകയാണെന്ന് ലോക ബാങ്ക് ഡെവലപ്‌മെന്റ് ഫിനാന്‍സ് വൈസ് പ്രസിഡന്റ് ആക്‌സെല്‍ വാന്‍ ട്രോട്‌സെന്‍ബര്‍ഗ് അറിയിച്ചു. പണദാതാക്കളുടെ ഈ പതിനാലംഗ സംഘമാണ് അംഗരാജ്യങ്ങളുമായി ഐഡിഎയുടെ കൊടുക്കല്‍ വാങ്ങലുകളും ഇടപാടുകളും ചര്‍ച്ച ചെയ്യുന്നത്.

വിവിധ പദ്ധതികള്‍ക്കായി ഇന്ത്യന്‍ വിപണിയില്‍ കടപ്പത്രങ്ങള്‍ ഇറക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും വാന്‍ പറഞ്ഞു. 1960 സെപ്റ്റംബറില്‍ രൂപീകരിച്ച ഐഡിഎ, ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക ആശ്രയമായിരുന്നു. 173 അംഗരാജ്യങ്ങളില്‍ ഏറ്റവുമധികം പണം കടംകൊണ്ടിരുന്നത് ഇന്ത്യയായിരുന്നു. എന്നാല്‍ 2014ല്‍ ഇന്ത്യ ഐഡിഎയില്‍നിന്ന് വായ്പയെടുക്കുന്നത് നിര്‍ത്തിവെച്ചിരുന്നു. പകരം 2015ല്‍ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ഐഡിഎ17ന് 200 മില്യണ്‍ ഡോളര്‍ ഇന്ത്യ അനുവദിച്ചു.
അംഗരാജ്യങ്ങളുമായി ഐഡിഎ നടത്തുന്ന നയ സംഭാഷണങ്ങളില്‍ ഇന്ത്യ ഇപ്പോള്‍ സജീവ പങ്കാളിയാണെന്ന് ട്രോട്‌സെന്‍ബര്‍ഗ് പറഞ്ഞു. ഇന്ത്യയുടെ സാന്നിധ്യം, വായ്പയെടുക്കുന്ന മറ്റ് രാജ്യങ്ങള്‍ക്ക് ഐഡിഎയിലുള്ള വിശ്വാസം വര്‍ധിപ്പിക്കും. ദാരിദ്ര്യ ലഘൂകരണത്തില്‍ ഇന്ത്യ അവിശ്വസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യയുടെ സാന്നിധ്യം ദുര്‍ബല രാജ്യങ്ങള്‍ക്ക് സഹായമെത്തിക്കുന്ന കാര്യത്തില്‍ തങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മയില്‍ ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായി ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ലോക ബാങ്ക് തങ്ങളുടെ വിവിധ സ്ഥാപനങ്ങളില്‍ ഇന്ത്യയ്ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തയാറാകുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും നിയന്ത്രിക്കുന്ന ലോക ബാങ്കിനും ഐഎംഎഫിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലും ചൈനീസ് സമ്പദ് വ്യവസ്ഥയിലും ശത്കമായ സ്വാധീനമുണ്ടായിരുന്നു.

Comments

comments

Categories: Business & Economy