ജപ്പാനുമായുള്ള ആണവ കരാര്‍ ചരിത്രപരം

ജപ്പാനുമായുള്ള ആണവ കരാര്‍ ചരിത്രപരം

 

പുനരുപയോഗ, പ്രകൃതി സൗഹൃദ ഊര്‍ജ്ജ സാധ്യതകളിലേക്ക് പല രാഷ്ട്രങ്ങളും തിരിയുന്ന സമയത്താണ് ഇന്ത്യയും ജപ്പാനും തമ്മില്‍ പുതിയ ആണവ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്. ഫുക്കുഷിമയില്‍ 2011ല്‍ സംഭവിച്ച ആണവ അപകടത്തിനു ശേഷം ആണവ പദ്ധതികളെ വളരെ കരുതലോടെയാണ് ലോകം കാണുന്നത്. അതേസമയം, വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകത നേരിടാന്‍ പലപ്പോഴും ആണവ പദ്ധതികള്‍ അനിവാര്യമായി മാറുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തില്‍ ആണവ പദ്ധതികള്‍ക്ക് പരമാവധി സുരക്ഷ ഏര്‍പ്പെടുത്തുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യാതെ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്. ജപ്പാന്റെ ഈ മേഖലയിലുള്ള പ്രാവീണ്യം ഉപയോഗപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.

ചരിത്രപരമായി നോക്കിയാല്‍ ഇന്ത്യയുടെ ശക്തനായ സുഹൃത്താണ് ജപ്പാന്‍. പിഎന്‍ ഹക്‌സര്‍ ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി ആയിരുന്ന 1968 മുതല്‍ ഇന്ത്യ ജപ്പാന്റെ സാങ്കേതിക സഹായം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് തന്റെ വിദേശനയത്തില്‍ മുന്‍ഗണന നല്‍കാനും എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അടുത്തിടെ മോദി നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിലാണ് ആണവ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യക്ക് ആണവ റിയാക്റ്ററുകള്‍, ഇന്ധനം തുടങ്ങി നിരവധി ഘടകങ്ങള്‍ അവര്‍ ലഭ്യമാക്കും. ആണവ മേഖലയുള്‍പ്പെടെ വിവിധ രംഗങ്ങളില്‍ ഇന്ത്യ ജപ്പാനുമായി ബന്ധം ശക്തമാക്കേണ്ടത് അനിവാര്യമാണ്. നയതന്ത്രത്തില്‍ ചൈനയ്ക്ക് കൊടുക്കുന്നതിനെക്കാള്‍ പ്രാധാന്യം ജപ്പാനായിരിക്കണം നല്‍കേണ്ടത്. എന്നും ഇന്ത്യക്ക് ആശ്രയിക്കാവുന്ന സുഹൃത്താണ് അവര്‍. ചൈനയെപ്പോലെ ഒരിക്കലും പിന്നില്‍ നിന്ന് കുത്തില്ല. മാത്രമല്ല, രാഷ്ട്രനായകന്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ ഇതിഹാസ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും എത്ര തലമുറകള്‍ പിന്നിട്ടാലും ജപ്പാന്‍ എന്ന രാഷ്ട്രത്തിന് മറക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ മോദിക്ക് ധൈര്യമായി ഉപാധികളില്ലാതെ ചങ്ങാത്തം കൂടാന്‍ പറ്റിയ രാജ്യമാണ് അവര്‍. വിവിധ രംഗങ്ങളിലുള്ള ജപ്പാന്റെ വൈദഗ്ധ്യം ഇന്ത്യയുടെ വികസനത്തിന് പരമാവധി പ്രയോജനപ്പെടുത്താന്‍ മോദിക്ക് സാധിക്കണം.

Comments

comments

Categories: Editorial