കേരള സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സര്‍വേ

കേരള സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ സര്‍വേ

 

തൃശൂര്‍: കേരള സാക്ഷരതാമിഷന്‍ പരിസ്ഥിതി അവബോധത്തെകുറിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സര്‍വെ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ഒരോരുത്തരുടെയും കടമയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുപാടും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പ്രാധാന്യം മന്ത്രി ഓര്‍മ്മിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മന്ത്രി നടത്തറ പഞ്ചായത്തിലെ രണ്ട് വീടുകളില്‍ നിന്ന് വിവരശേഖരണം നടത്തി. നവംബര്‍ 20 വരെ സംസ്ഥാനവ്യാപകമായി വിവരശേഖണം നടത്തും. 21,136 സാക്ഷരതാമിഷന്‍ പ്രവര്‍ത്തകര്‍ വിവരശേഖരണത്തിനായി വീടുകള്‍ തോറും കയറും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പരിസ്ഥിതി വിഷയങ്ങളെ കുറിച്ചുള്ള പൊതുജനങ്ങളുടെ സാമാന്യ അറിവ് വിലയിരുത്തും. മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചുള്ള പൊതുജനത്തിന്റെ ധാരണകള്‍, ജൈവ-അജൈവ മാലിന്യ നിര്‍മ്മാര്‍ജനം, പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം, വീടിന്റെ ചുറ്റുപാടുകളില്‍ എന്തെങ്കിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സര്‍വേയിലൂടെ ശേഖരിക്കുമെന്ന് കേരള സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പി.എസ് ശ്രീകല അറിയിച്ചു.

സര്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെഅടിസ്ഥാനത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലും ലൈബ്രറികളിലും മറ്റ് പൊതുസ്ഥലങ്ങളിലും പരിസ്ഥിതിയെകുറിച്ചുള്ള ഡോക്യുമെന്ററികളുടെയും, ഹ്രസ്വചിത്രങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിക്കും.

Comments

comments

Categories: Branding