എല്‍എന്‍ജി നീക്കം: കപ്പലുകള്‍ക്കുള്ള ടെണ്ടര്‍ ഗെയില്‍ ഉപേക്ഷിച്ചു

എല്‍എന്‍ജി നീക്കം: കപ്പലുകള്‍ക്കുള്ള ടെണ്ടര്‍ ഗെയില്‍ ഉപേക്ഷിച്ചു

 

മുംബൈ: രണ്ട് വര്‍ഷത്തിലേറെ നിലനിന്ന ആശയക്കുഴപ്പങ്ങള്‍ക്ക് വിരാമമിട്ട്, അമേരിക്കയില്‍ നിന്ന് എല്‍എന്‍ജി (ലിക്വുഫൈഡ് നാച്ചുറല്‍ ഗ്യാസ്) കൊണ്ടുവരുന്നതിന് പുതുതായി നിര്‍മിച്ച കപ്പലുകള്‍ വാടകയ്‌ക്കെടുക്കുന്നതിനുള്ള ടെണ്ടര്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ ലിമിറ്റഡ് തള്ളി. ഏഴ് ബില്ല്യണ്‍ ഡോളറിന്റേതാണ് ടെണ്ടര്‍. മേക്ക് ഇന്‍ ഇന്ത്യ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ ലേലത്തിനെത്തിയ കമ്പനികള്‍ തയാറാകാത്തത്തിനെ തുടര്‍ന്നാണ് ഗെയിലിന്റെ പിന്മാറ്റം.
ലേലത്തില്‍ രണ്ടു ജാപ്പനീസ് കമ്പനികളാണ് പങ്കെടുത്തത്. മിസ്തുയി ഒഎസ്‌കെ ലൈന്‍സ്, നിപ്പോണ്‍ യുസെന്‍ കുബുഷുക്ക് കൈഷ, മിസ്തുയി ആന്‍ഡ് കോ എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് അതിലൊന്ന്. മിസ്തുബിഷി കോര്‍പ്പറേഷന്‍ – കാവസാക്കി കിസന്‍ കൈഷ ലിമിറ്റഡ്, ഗ്യാസ് ലോഗ് എന്നിവയുടെ കൂട്ടായ്മ രണ്ടാമത്തേതും. യുഎസില്‍ നിന്ന് എല്‍എന്‍ജി കൊണ്ടുവരുന്നതിനുള്ള കപ്പലുകള്‍ പാട്ടത്തിനെടുക്കാന്‍ പുറപ്പെടുവിപ്പിച്ച ടെണ്ടറില്‍ മേക്ക് ഇന്‍ ഇന്ത്യ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ പെട്രോളിയും മന്ത്രാലയം ഗെയിലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ടെണ്ടര്‍ നിബന്ധനകളില്‍ മാറ്റംവരുത്തണമെന്ന് ജാപ്പനീസ് കമ്പനികള്‍ നിര്‍ബന്ധം പിടിച്ചതോടെ പ്രതിസന്ധി ഉടലെടുത്തു.
150,000 മുതല്‍ 180,000 ക്യുബിക് മീറ്റര്‍ കാര്‍ഗോ ശേഷിയുള്ള പുതിയതായി നിര്‍മിച്ച ഒന്‍പത് എല്‍എന്‍ജി കപ്പലുകള്‍ക്കു വേണ്ടി ഗെയില്‍ ടെണ്ടറില്‍ ടൈം-ചാര്‍ട്ടര്‍ ആവശ്യപ്പെടുകയുണ്ടായി. യുഎസിലെ സബൈന്‍ പാസ്, കോവ് പോയിന്റ് പദ്ധതികളില്‍ നിന്ന് എല്‍എന്‍ജി കൊണ്ടുവരുന്നതിനായിരുന്നത്. 2017 ഡിസംബര്‍ മുതല്‍ വിതരണം ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. മൂന്നു കപ്പലുകളില്‍ ഒന്ന് ഇന്ത്യയില്‍ നിര്‍മിക്കണമെന്നും ടെണ്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇന്ത്യയിലെ കപ്പല്‍ നിര്‍മാണ ശാലകള്‍ക്ക് ഉന്നത ശേഷിയുള്ള എല്‍എന്‍ജി ഷിപ്പുകള്‍ പണിയുന്നതിനുള്ള സാങ്കേതിക വിദ്യയും പരിചയ സമ്പത്തുമില്ലാത്തതിനാല്‍, കമ്പനികളുടെ കണ്‍സോര്‍ഷ്യം ഗ്യാരണ്ടി ആവശ്യപ്പെട്ടു.
ആറു മാസത്തിലേറെ രണ്ട് കണ്‍സോര്‍ഷ്യങ്ങളും ആവശ്യങ്ങള്‍ക്കുമേല്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍, നിബന്ധനകള്‍ അംഗീകരിക്കാന്‍ അവര്‍ തയാറായില്ല. അതിനാല്‍, ടെണ്ടറില്‍ നിന്ന് പിന്മാറി- ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്‍എന്‍ജി കൊണ്ടുപോകുന്നതിന് നിലവിലെ വിപണിയില്‍ നിന്നോ ആഗോള കേന്ദ്രങ്ങളില്‍ നിന്നോ കപ്പലുകളെത്തിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ അറിയിച്ചു.

Comments

comments

Categories: Branding