ഹാഷിം അംലയെ അധിക്ഷേപിച്ച ആരാധകനെതിരെ നടപടി

ഹാഷിം അംലയെ അധിക്ഷേപിച്ച ആരാധകനെതിരെ നടപടി

 

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ വംശീയമായി അധിക്ഷേപിച്ച ആരാധകനെതിരെ ശിക്ഷാ നടപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഹാഷിം അംല തീവ്രവാദിയാണെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയ ഓസ്‌ട്രേലിയന്‍ അനുഭാവിയായ കാണിക്കെതിരെയാണ് ക്രിക്കറ്റ് ബോര്‍ഡ് നടപടി സ്വീകരിച്ചത്.

വടക്കന്‍ താസ്മാനിയയില്‍ നിന്നും വന്ന 24 കാരനെയാണ് ശിക്ഷയ്ക്ക് വിധേയനാക്കിയത്. ഇയാളെ മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയിലെ എല്ലാ സ്റ്റേഡിയങ്ങളില്‍ നിന്നും വിലക്കാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ തീരുമാനം. അതിന് പുറമെ കോടതി വിചാരണയും ഇയാള്‍ നേരിടേണ്ടി വരും. സിസി ടിവിയുടെ സഹായത്തോടെയാണ് പ്ലക്കാര്‍ഡ് ഉയര്‍ത്തിയ വ്യക്തിയെ പൊലീസ് കാണികള്‍ക്കിടയില്‍ നിന്നും തിരിച്ചറിഞ്ഞത്.

കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നവരെ ഒരു കാരണവശാലും പിന്തുണയ്ക്കില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ വ്യക്തമാക്കി.

2006ലും ഹാഷിം അംല വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ട്. അന്ന് കമന്റി റൂമില്‍ നിന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഡീന്‍ ജോണ്‍സ് അംലയെ തീവ്രവാദിയായി വിശേഷിപ്പിക്കുകയായിരുന്നു. മൈക്ക് ഓഫ് ആണെന്ന് വിചാരിച്ചായിരുന്നു ജോണ്‍സിന്റെ അധിക്ഷേപം. സംഭവത്തെ തുടര്‍ന്ന് ജോണ്‍സിനെ കമന്ററി ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

Comments

comments

Categories: Sports