ബാങ്കുകളില്‍ വ്യാപാരികളുടെ നിക്ഷേപം കുറഞ്ഞു

ബാങ്കുകളില്‍ വ്യാപാരികളുടെ നിക്ഷേപം കുറഞ്ഞു

 

മുംബൈ : നികുതിയടയ്ക്കുന്ന വ്യാപാരികളും ഉത്കണ്ഠാകുലരായ ജനങ്ങളും രാജ്യത്ത് എടിഎമ്മുകളിലെയും വിപണിയിലെയും പണദൗര്‍ലഭ്യം വഷളാക്കുന്നു. ദൈനംദിന വാങ്ങലുകളും സാധാരണ പേമെന്റുകളും ഇവര്‍ തല്‍ക്കാലം നിര്‍ത്തിവെച്ചത് വിപണിയിലെ പണത്തിന്റെ ഒഴുക്ക് തടയുന്നതിന് കാരണമാകുന്നതായി വിവിധ ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

സാധാരണഗതിയില്‍ കച്ചവടക്കാര്‍ പ്രതിദിനം നൂറുകണക്കിന് കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ചില്ലറ ഒഴിവാക്കാന്‍ മടിക്കുന്നതാണ് കാരണം. ജനങ്ങളും ചെറിയ തുകയുടെ കറന്‍സി നോട്ടുകള്‍ ചെലവഴിക്കുന്നതിന് മടിക്കുകയാണ്.

ബാങ്കുകളിലെ തിരക്കും കച്ചവടക്കാര്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നതിന് ഇടയാക്കുന്നു. ദിവസവും ബാങ്കില്‍ 15,000 മുതല്‍ 20,000 വരെ നിക്ഷേപിക്കാറുള്ള മുംബൈ വിക്രോലിയിലെ പലചരക്ക് കച്ചവടക്കാരന്‍ രാമന്‍ കൗശിക് ഇപ്പോള്‍ ഈ പൈസയെല്ലാം താന്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പറയുന്നു. തിരക്ക് കുറഞ്ഞാല്‍ മാത്രമേ ബാങ്കില്‍ പോവുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചശേഷം ഇതുവരെ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ പോയിട്ടില്ല. ജോലിക്കാര്‍ക്ക് നല്‍കുന്നതിനും ദൈനംദിന ചെലവുകള്‍ക്കുമായി തനിക്ക് ചെറിയ തുകയുടെ നോട്ടുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വലിയ കച്ചവടക്കാരുടെ ദൈനംദിന നിക്ഷേപങ്ങളാണ് ആര്‍ബിഐയെ കൂടുതലായി ആശ്രയിക്കാതെ തന്നെ ചെറിയ തുകയുടെ നോട്ടുകള്‍ എപ്പോഴും പ്രചാരത്തിലാക്കുന്നതിന് ബാങ്കുകളെ സഹായിക്കുന്നത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചശേഷം വലിയ കടയുടമകളും വ്യാപാരികളും ബാങ്കില്‍ പോകാതിരിക്കുന്നത് ചെറിയ തുകയുടെ നോട്ടുകള്‍ ലഭിക്കുന്നതിന് തടസമായി.

Comments

comments

Categories: Slider, Top Stories