ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: എഐബിഒസി

ബാങ്ക് ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണം: എഐബിഒസി

 

ന്യൂഡെല്‍ഹി: നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരും, ആര്‍ബിഐയും ബാങ്ക് മാനേജ്‌മെന്റുകളും ചേര്‍ന്ന് ഉടന്‍ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എഐബിഒസി) ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങളും ബുദ്ധിമുട്ടും പരിഗണിച്ചാണ് ഒഴിവുദിനങ്ങള്‍ കൂടി കണക്കിലെടുക്കാതെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും ജോലി ചെയ്യുന്നതെന്ന് എഐബിഒസി ജോ. ജനറല്‍ സെക്രട്ടറി എക്‌നാഥ് ബലിഗ പറഞ്ഞു.

ഇത്തരം സാഹചര്യങ്ങള്‍ ബാങ്ക് മാനേജ്‌മെന്റുകളുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കണ്ണുതുറപ്പിക്കണമെന്നും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ നെടുതൂണായ ബാങ്കുകളുടെ കാവല്‍ക്കാരാണ് ജീവനക്കാരും ഓഫീസര്‍മാരുമെന്നും എക്‌നാഥ് പറഞ്ഞു. പണ പ്രതിസന്ധി രൂക്ഷമായതോടെ നിരവധി ജീവനക്കാര്‍ പണം കിട്ടാത്തവരുടെ കൈയേറ്റത്തിനും വാക്കേറ്റത്തിനും ഇരയാകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും ജീവനക്കാര്‍ പൊലീസിന്റെ സഹായം തേടുകയും ചെയ്തു. പ്രശ്‌നത്തിന് തക്കതായ പരിഹാരം കാണുന്നതുവരെ ബാങ്ക് ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി തുടരേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍.

ബാങ്കുകളില്‍ ആവശ്യത്തിന് കറന്‍സി എത്തിക്കണമെന്നും മറ്റ് ഇടിസ്ഥാന സൗകര്യങ്ങളും, ജീവനക്കാരുടെ സുരക്ഷയും ഉറപ്പുവരുത്തണമെന്നും സര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും ബാങ്ക് മാനേജ്‌മെന്റുകളേടും ആവശ്യപ്പെട്ടതായും എക്‌നാഥ് ബലിഗ പറഞ്ഞു. ബാങ്ക് പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനു വേണ്ടി വളരെ ശാന്തമായ സമീപനമാണ് എല്ലാ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും കൈകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics, Slider