ക്രൗഡ്ഫണ്ടിങ്: സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക, പണം നിങ്ങള്‍ക്ക് നഷ്ടമായേക്കാം

ക്രൗഡ്ഫണ്ടിങ്:   സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക, പണം നിങ്ങള്‍ക്ക് നഷ്ടമായേക്കാം

 

ഒരു സംരംഭം തുടങ്ങാന്‍ കയ്യില്‍ വേണ്ടത്ര പണമില്ലാതെ വരുമ്പോള്‍ സംരഭകന്‍ ആകം നിരാശനാകും. എന്നാല്‍ ഇങ്ങനെയുള്ളവര്‍ക്ക് സഹായമാകുന്ന സംവിധാനമാണ് ക്രൗഡ്ഫണ്ടിങ്. തുടക്കക്കാരായ സംരംഭകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കമ്പനിക്ക് പുറത്തുള്ള മറ്റുള്ളവരോട് പണം ആവശ്യപ്പെടാനുള്ള രീതിയാണ് ക്രൗഡ്ഫണ്ടിങ് എന്നത്. ഇതിലൂടെ പണം നിക്ഷേപിക്കുന്നവര്‍ക്ക് ആ സംരംഭത്തിന്റെ ചെറിയ ഭാഗം ഓഹരിയും ലഭിക്കും. ക്രൗഡ്ഫണ്ടിങ് നല്ലതൊക്കെ തന്നെ. എങ്കിലും സൂക്ഷിച്ച് നിക്ഷേപം നടത്തിയില്ലെങ്കില്‍ പണം നഷ്ടമാകാനുള്ള സാധ്യതയുമുണ്ട്. നിക്ഷേപത്തിന് തയാറെടുക്കുന്നതിനു മുമ്പ് ആഴത്തില്‍ ചിന്തിച്ചിട്ടു വേണം പ്രവര്‍ത്തിക്കാനെന്ന് ചില സംഭവങ്ങള്‍ കാണിച്ചു തരുന്നു. അതിനൊരു ഉദാഹരണമാണ് ലണ്ടനിലെ പ്രോണ്‍ടോ എന്ന കമ്പനിയും അതിലെ നിക്ഷേപകരും.

ഭക്ഷണ വിതരണ സംരംഭം തുടങ്ങണം എന്നതായിരുന്നു ലണ്ടനിലെ മൂന്ന് സംരംഭകരുടെ സ്വപ്‌നം. ആവശ്യത്തിന് മൂലധനം ഇല്ലാതെ വന്നപ്പോള്‍ അവര്‍ സീഡേഴ്‌സ് എന്ന ക്രൗഡ് ഫണ്ടിങ് വെബ് സൈറ്റിനെ ആശ്രയിച്ചു. പുതുസംരംഭകര്‍ക്കുവേണ്ടി ഓണ്‍ലൈനിലൂടെ നിക്ഷേപകര്‍ പണം നല്‍കുകയും കമ്പനി ലാഭകരമായി വളര്‍ന്നുകഴിയുമ്പോള്‍ പണം നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കുകയും വേണം.

പുറത്തു നിന്നുള്ള നിക്ഷേപകരില്‍ നിന്ന്് ബാങ്ക് വഴി സ്ഥാപകര്‍ക്ക് ഏകദേശം 700,000 പൗണ്ട് ലഭിച്ചു. 100,000 അധികം പൗണ്ട് ഓണ്‍ ലൈന്‍ വഴിയും ലഭിച്ചു. പ്രോന്‍ടോ എന്ന പേരില്‍ കമ്പനിയും ആരംഭിച്ചു. വെഞ്ച്വര്‍ കാപിറ്റലിലൂടെ കൂടുതല്‍ പണം സമ്പാദിക്കുന്നതുവരെ പുതുസംരംഭങ്ങളെ മുങ്ങിപോകാതെ നിലനില്‍ക്കാന്‍ സഹായിക്കുന്ന ഒരു പാലമായാണ് കമ്പനി ക്രൗഡ്ഫണ്ടിങിനെ കണ്ടത്. ചിലപ്പോള്‍ എവിടെയും എത്താത്ത പാലമായി ഇത് അവസാനിക്കാറുമുണ്ട്. അത്തരത്തില്‍ സെപ്റ്റംബറോടെ നഷ്ടകണക്കുകള്‍ കാണിച്ച് പ്രോന്‍ടോ അടച്ചുപൂട്ടാന്‍ പോവുകയാണെന്ന് കമ്പനി സിഇഒ ജയിംസ് റോയ് പോള്‍ട്ടര്‍ നിക്ഷേപകര്‍ക്ക് ക്ഷമാപണകത്ത് എഴുതി. പണമൊന്നും തിരികെ നല്‍കുന്നതല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകര്‍ക്ക് ആ പണം നഷ്ടമായി.

ക്രൗഡ്ഫണ്ടിങിലൂടെ പണം കണ്ടെത്തിയ യുകെയിലെ മിക്ക കമ്പനികളിലും ഇത്തരം ക്ഷമാപണ കത്തുകള്‍ നിത്യസംഭവമായി തീര്‍ന്നു. പ്രോന്‍ടോയുടെ പ്രഖ്യാപനം വന്ന അതേമാസം തന്നെ ലണ്ടനിലെ വസ്ത്ര നിര്‍മ്മാതാക്കളായ ഈസ്റ്റ് എന്‍ഡ് മാനുഫാക്ചറിങും 400,000 പൗണ്ട് പണം ശേഖരിച്ചതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ അവസ്ഥയില്‍ എത്തി. 15,000 പൗണ്ട് ഫണ്ട് ശേഖരിച്ച ഹെന്‍ റെസ്റ്റോറന്റും ഒക്ടോബറില്‍ അടച്ചുപൂട്ടി.

ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ബിസിനസ് സംരംഭങ്ങളില്‍ പണം നിക്ഷേപിച്ച് ലാഭം നേടാനുള്ള സാഹസിക അവസരം നിക്ഷേപകര്‍ക്ക് ഒരുക്കുന്ന ഒരു ഡസനില്‍ അധികം ക്രൗഡ്ഫണ്ടിങ് സേവനസ്ഥാപനങ്ങള്‍ 2011 മുതല്‍ യു.കെ യില്‍ തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇക്വിറ്റി ക്രൗഡ് ഫണ്ടിങ് രീതികള്‍ നിക്ഷേപകന് കമ്പനിയില്‍ ചെറിയൊരു ഉടമസ്ഥാവകാശവും നല്‍കുന്നു. ഇക്വിറ്റി ക്രൗഡ് ഫണ്ടിങ് യു.കെയില്‍ ആണ് കൂടുതലെങ്കിലും ലോകം മുഴുവന്‍ ഈ രീതി വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. പുതു സംരംഭകര്‍ക്ക് മൂലധനം സ്വരൂപിക്കാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം തന്നെ നിക്ഷേപകര്‍ക്ക് നിക്ഷേപത്തിലൂടെ ഭാഗ്യ പരീക്ഷണത്തിനും ക്രൗഡ് ഫണ്ടിംങ് അവസരമൊരുക്കുന്നു. ശ്രദ്ധാപൂര്‍വ്വം നിക്ഷേപം നടത്തിയില്ലെങ്കില്‍ നഷ്ടത്തിനുള്ള സാധ്യതയും കൂടുതലാണെന്നും നിക്ഷേപകര്‍ ഓര്‍ക്കേണ്ടതാണ്.

Comments

comments

Categories: Trending