അടച്ചുപൂട്ടാം കല്‍ക്കരി പ്ലാന്റുകളെ

അടച്ചുപൂട്ടാം  കല്‍ക്കരി പ്ലാന്റുകളെ

പരിസ്ഥിതി സൗഹൃദ വ്യവസായങ്ങള്‍ക്ക് മാത്രമാണ് ഭാവിയില്‍ നിലനില്‍പ്പ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ധാരണയുണ്ടാകുന്നുണ്ട് താനും. ആഗോള താപനത്തിന്റെ കാലത്ത് പരമാവധി പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്നതാണ് എപ്പോഴും നല്ലത്. ഏറ്റവുമധികം പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന ഊര്‍ജ്ജസ്രോതസാണ് കല്‍ക്കരി. കഴിഞ്ഞ ദിവസം ബെര്‍ലിന്‍ ആസ്ഥാനമാക്കിയ ക്ലൈമറ്റ് അനലിറ്റിക്‌സ് എന്ന പരിസ്ഥിതി സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത് ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ അവിടങ്ങളിലെ കല്‍ക്കരി പ്ലാന്റുകള്‍ 2030 ആകുമ്പോഴേക്കും പൂര്‍ണമായും അടച്ചുപൂട്ടണമെന്നാണ്.

ആഗോള താപനത്തെ നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ ഇത് നിര്‍ണായകമാണെന്ന് സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന അവരുടെ കല്‍ക്കരി വൈദ്യുത പ്ലാന്റുകള്‍ മുഴുവനായി അടച്ചുപൂട്ടാന്‍ 2040 വരെയും ബാക്കി രാജ്യങ്ങള്‍ 2050 വരെയും സമയമെടുക്കുമെന്നാണ് ക്ലൈമറ്റ് അനലിറ്റിക്‌സ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. എന്നാല്‍ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ ഇക്കാര്യം 2030 ആകുമ്പോഴേക്കും തന്നെ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ആഗോള താപനം രണ്ട് ഡിഗ്രി സെല്‍ഷ്യസിന് താഴെ നിര്‍ത്തുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യം തന്നെയാണെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ നല്‍കുന്ന സൂചന.
ലോകത്താകമാനം ഇന്നുള്ളത് 8,175 കോള്‍ പ്ലാന്റുകളാണ്. 733 എണ്ണം നിര്‍മാണത്തിലുമുണ്ട്. എല്ലാം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുവേണ്ടി സ്ഥാപിക്കുന്നവയാണ്. നിലവിലുള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടേണ്ടതും പുതിയതിന്റെ നിര്‍മാണം എന്തുവില കൊടുത്തും തടയേണ്ടതും കാലാവസ്ഥയെ സംരക്ഷിക്കുന്നതിന് അനിവാര്യമാണ്. ഇത് തിരിച്ചറിഞ്ഞാകണം ലോക രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.

Comments

comments

Categories: Editorial