ഒരിക്കലെങ്കിലും കിരീടം നേടണമെന്ന് ഹെങ്ബര്‍ട്ട്

ഒരിക്കലെങ്കിലും കിരീടം നേടണമെന്ന് ഹെങ്ബര്‍ട്ട്

കൊച്ചി:  ഫുട്‌ബോള്‍ കരിയറില്‍ ഇതുവരെ ഒരു പ്രധാന കിരീട നേട്ടം പോലും ഉണ്ടായിട്ടില്ലെന്നും വിരമിക്കുന്നതിന് മുമ്പ് ഏതെങ്കിലുമൊരു ഫൈനല്‍ മത്സരം ജയിക്കുകയെന്നതാണ് ആഗ്രഹമെന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫ്രാന്‍സില്‍ നിന്നുള്ള പ്രതിരോധ താരം സെഡ്രിക് ഹെങ്ബര്‍ട്ട്.

2005ലെ ഫ്രഞ്ച് ലീഗ് കപ്പ് ഫൈനലിലെത്തിയ എസ് എം കെയ്ന്‍ ക്ലബിലെ അംഗമായിരുന്നു ഹെങ്ബര്‍ട്ട്. എന്നാല്‍ അന്ന് സൈഡ് ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. മത്സരത്തില്‍ ഹെങ്ബര്‍ട്ടിന്റെ ടീം 2-1ന് പരാജയപ്പെടുകയും ചെയ്തു. പിന്നീട് 2014ലെ ഐഎസ്എല്ലില്‍ ഹെങ്ബര്‍ട്ട് അംഗമായ കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തി.

എന്നാല്‍ അന്ന് പരിക്ക് കാരണം സെഡ്രിക് ഹെങ്ബര്‍ട്ട് കളത്തിലിറങ്ങിയില്ല എന്നത് മാത്രമല്ല ടീം വിജയിച്ചതുമില്ല. തനിക്ക് 36 വയസായെന്നും ബ്ലാസ്‌റ്റേഴ്‌സിലൂടെ ഐഎസ്എല്ലില്‍ തന്റെ ആഗ്രഹം സഫലമാകുമോയെന്നറിയില്ലെന്നും അറിയിച്ച ഹെങ്ബര്‍ട്ട് കേരള ടീം സെമിയിലെത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ഐഎസ്എല്‍ ഒന്നാം സീസണിന് ശേഷം കേരള ടീമില്‍ നിന്നും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് മാറേണ്ടി വന്നത് ബ്ലാസ്‌റ്റേഴ്‌സ് അധികൃതരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന് ഹെങ്ബര്‍ട്ട് പറഞ്ഞു. എന്നാല്‍ ഈ സീസണില്‍ വീണ്ടും കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വിളിയെത്തിയത് തന്നെ വളരെയധികം സന്തോഷിപ്പിച്ചുവെന്നും ഹെങ്ബര്‍ട്ട് വ്യക്തമാക്കി.

കേരള മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനൊപ്പം പ്രതിരോധനിര കാക്കുന്നത് വലിയൊരു അനുഭവമാണെന്നും കൃത്യമായ സമയത്ത് ആവശ്യമായ പൊസിഷനില്‍ ഉണ്ടാകുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നും ഹെങ്ബര്‍ട്ട് പറഞ്ഞു. സന്തോഷ് ജിങ്കന്‍ മിടുക്കനാണെന്നും എന്നാല്‍ യൂറോപ്യന്‍ ഡിഫന്‍ഡര്‍മാരോട് താരതമ്യപ്പെടുത്തുമ്പോള്‍ അദ്ദേഹം ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഹെങ്ബര്‍ട്ട് നിരീക്ഷിച്ചു.

Comments

comments

Categories: Sports

Related Articles