കാത്തി പസഫിക്ക് ഇന്ത്യയിലേക്ക് കൂടുതല്‍ കാര്‍ഗോ സര്‍വീസ് നടത്തും

കാത്തി പസഫിക്ക് ഇന്ത്യയിലേക്ക്  കൂടുതല്‍ കാര്‍ഗോ സര്‍വീസ് നടത്തും

 

ഹോങ്കോംഗ്: ചൈനയിലെ പ്രമുഖ വിമാനക്കമ്പനിയായ കാത്തി പസഫിക്ക് ഇന്ത്യയിലേക്കുള്ള കാര്‍ഗോ (ചരക്കു വിമാനം) സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നു. നിലവില്‍ ആറു ഇന്ത്യന്‍ നഗരങ്ങളില്‍ കമ്പനിയുടെ സേവനമുണ്ട്.
ചരക്കു വിമാന വിഭാഗത്തില്‍ മികച്ച വിപണി സൂചനകളാണ് പ്രകടമാകുന്നത്. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലം കാര്‍ഗോ വ്യാപ്തിയില്‍ എട്ടു ശതമാനം വര്‍ധന രേഖപ്പെടുത്തി. അതിനാലാണ് ഇന്ത്യയിലെ നെറ്റ്‌വര്‍ക്ക് അടിസ്ഥാനമാക്കി സര്‍വീസിന്റെ എണ്ണം കൂട്ടാന്‍ തയാറെടുക്കുന്നതെന്ന് കാത്തി പസഫിക്ക് ജനറല്‍ മാനേജര്‍ മാര്‍ക്ക് സുച്ച് പറഞ്ഞു.
മുംബൈ, ഡെല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ കമ്പനി കാര്‍ഗോ സര്‍വീസുകള്‍ നടത്തിവരുന്നു. എല്ലാ ആഴ്ചയിലും ഇവിടെ നിന്ന് 25 ചരക്കു വിമാനങ്ങള്‍ യാത്രതിരിക്കുന്നു.
ആഴ്ചയില്‍ രണ്ടു തവണയുള്ള കൊല്‍ക്കത്ത- ഹോങ്കോംഗ് സര്‍വീസ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യയിലെ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ പദ്ധതിയില്ലെന്ന് സുച്ച് വ്യക്തമാക്കി.
പുതിയ റൂട്ടിനെ സംബന്ധിച്ച് കമ്പനി പെട്ടെന്ന് തീരുമാനമെടുക്കില്ല. ഇന്ത്യന്‍ നഗരങ്ങളില്‍ എവിടെയെങ്കിലും ഇതിന് സാധ്യത കാണുകയാണെങ്കില്‍ അത് പരിഗണിക്കും- അദ്ദേഹം വ്യക്തമാക്കി.
കാത്തി പസഫിക്ക് ഇന്ത്യയില്‍ യാത്രാവിമാന സര്‍വീസും നടത്തുന്നു. ജനുവരി- സെപ്റ്റംബര്‍ കാലയളവിലെ എട്ടു ശതമാനം കാര്‍ഗോ വ്യാപ്തി അടുത്ത വര്‍ഷവും പ്രതീക്ഷിക്കുന്നു. നേരത്തെ ഏകദേശം 4-5 ശതമാനമായിരുന്നു കാര്‍ഗോ വ്യാപ്തി വളര്‍ച്ച. കമ്പനിക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. 2015ല്‍ കൊല്‍ക്കത്തയില്‍ നിന്ന് മാത്രം കാര്‍ഗോ നീക്കത്തില്‍ 187 ശതമാനം വളര്‍ച്ചയുണ്ടായി- സുച്ച് ചൂണ്ടിക്കാട്ടി.
ആഭ്യന്തര വ്യോമയാന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതല്‍ ആകര്‍ഷിക്കുന്നതിന് ഇന്ത്യന്‍ ഭരണകൂടം അടുത്തകാലത്തായി ചില നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇന്ത്യന്‍ വ്യോമയാന രംഗത്തിന് അവ വളരെ സ്വീകാര്യമാണ്. ഈ മാറ്റങ്ങളെ കമ്പനി സ്വാഗതം ചെയ്യുന്നതായും സുച്ച് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding