തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പണിയുന്നു; നെല്‍ക്കൃഷിക്ക് കളമൊരുങ്ങി

തോട്ടറപ്പുഞ്ച വീണ്ടും പച്ചപ്പണിയുന്നു; നെല്‍ക്കൃഷിക്ക് കളമൊരുങ്ങി

 

കൊച്ചി: എറണാകുളം ജില്ലയുടെ നെല്ലറയായ തോട്ടറപ്പുഞ്ചയില്‍ നെല്ലു വിളയിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെയും കൃഷിവകുപ്പിന്റെയും ശ്രമം ഫലപ്രാപ്തിയിലേക്ക്. ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി 1200 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന പാടശേഖരത്തില്‍ 250 ഏക്കറില്‍ നവംബര്‍ 30നകം കൃഷിയിറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇതിനകം മൂന്നു തവണ സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ആമ്പല്ലൂരിലും എടയ്ക്കാട്ടുവയലിലും 250 ഏക്കര്‍ വീതം സ്ഥലമാണ് കൃഷിക്ക് ഉപയുക്തമാക്കാന്‍ ശ്രമിക്കുന്നത്. ആമ്പല്ലൂരില്‍ മനക്കത്താഴം പാടശേഖരത്തിലും എടയ്ക്കാട്ടുവയലില്‍ കൈപ്പട്ടൂര്‍, അയ്യന്‍കുന്നം, തോട്ടറ എന്നീ പാടശേഖരങ്ങളിലുമാണ് കൃഷിയിറക്കുക.

താഴ്ന്ന പ്രദേശമായ തോട്ടറയില്‍ വെള്ളക്കെട്ടിനെ അതിജീവിച്ച് വിത്തിറക്കുന്നതാണ് കൃഷി വകുപ്പും കര്‍ഷകരും നേരിടുന്ന വെല്ലുവിളി. നിലമൊരുക്കലിന് ട്രാക്ടര്‍ പ്രായോഗികമല്ലെങ്കില്‍ വലിയ ടില്ലര്‍ ഉപയോഗിക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്ന് കൃഷി ഓഫീസര്‍മാരായ എസ്. സ്വപ്ന, സതീഷ് കുമാര്‍ എന്നിവര്‍ പറഞ്ഞു. എടക്കാട്ടുവയലിലും ആമ്പല്ലൂരിലുമായി ഇതിനകം 70 ഏക്കറോളം സ്ഥലത്ത് നിലമൊരുക്കല്‍ പൂര്‍ത്തിയായി.

കഴിഞ്ഞ 15 വര്‍ഷമായി കൃഷി മുടങ്ങിയതിനെ തുടര്‍ന്ന് വെള്ളം കയറിയും പുല്ലും പായലും കളകളും കെട്ടിനിന്നും പുഞ്ച നാശം നേരിടുകയായിരുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞത് മൂലം തോടുകളിലെ നീഴൊഴുക്കും നാമമാത്രമായി. പാടശേഖര സമിതിയും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയതോടെയാണ് പരിഹാരത്തിന് വഴി തെളിഞ്ഞത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്റ്റര്‍ കൂടി എത്തിയതോടെ കര്‍ഷകര്‍ക്ക് ആവേശമായി. തോട്ടറപ്പുഞ്ചയെ നെല്‍ച്ചെടികളുടെ പച്ചപ്പിലേക്ക് തിരികെ കൊണ്ടുപോകുന്ന കൃഷിയിറക്കല്‍ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാടശേഖര സമിതികളും നാട്ടുകാരും.

Comments

comments

Categories: Branding