ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ആദ്യ ഗെയിമില്‍ കാള്‍സണും കര്യാക്കിനും സമനിലയില്‍ പിരിഞ്ഞു

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്:  ആദ്യ ഗെയിമില്‍ കാള്‍സണും കര്യാക്കിനും സമനിലയില്‍ പിരിഞ്ഞു

 

ന്യൂയോര്‍ക്ക് സിറ്റി: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടത്തിനായുള്ള ആദ്യ ഗെയിമില്‍ നോര്‍വീജിയയുടെ മാഗ്‌നസ് കാള്‍സണും റഷ്യയുടെ സെര്‍ജി കര്യാക്കിനും സമനില പാലിച്ചു. 42 നീക്കങ്ങള്‍ക്കൊടുവിലായിരുന്നു ഇരുവരും സമനില സമ്മതിച്ചത്. വെള്ളക്കരുക്കളുമായി കാള്‍സണിന്റേതായിരുന്നു ആദ്യ നീക്കം. ഒന്നാം ഗെയിം സമനിലയില്‍ കലാശിച്ചതോടെ ഇരുവര്‍ക്കും അര പോയിന്റ് വിതം ലഭിച്ചു.

2014 നവംബറില്‍ ലോക ചെസ് മുന്‍ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ രണ്ടാം തവണയും പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തിയ മാഗ്നസ് കാള്‍സണ്‍ 2010 മുതല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്താണ്. അതേസമയം, 2014 കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റില്‍ ജേതാവായാണ് 27-കാരനായ കര്യാക്കിന്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

കാന്‍ഡിഡേറ്റ് റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരനായതോടെയാണ് വിശ്വനാഥന്‍ ആനന്ദിന് 2007ന് ശേഷം ആദ്യമായി ലോക ചെസ് ഫൈനല്‍ പോരാട്ടത്തിലേക്ക് ഇടം കണ്ടെത്താനാകാതെ പോയത്. കര്യാക്കിന്‍ ജനിച്ചത് യുക്രെയ്‌നിലാണെങ്കിലും പൗരത്വം റഷ്യയുടേതാണ്. 12-ാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്ററായ കര്യാക്കിന്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരം കൂടിയാണ്.

പന്ത്രണ്ട് റൗണ്ടുകള്‍ ഉള്‍പ്പെട്ട ചാമ്പ്യന്‍ഷിപ്പിന്റെ സമ്മാനത്തുകയായി നിശ്ചയിച്ചിരിക്കുന്ന പത്ത് ലക്ഷം യൂറോയില്‍ 60, 40 ശതമാനം വീതം യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ലഭിക്കും.

Comments

comments

Categories: Sports

Related Articles