പ്രധാനമന്ത്രിക്ക് സംസ്ഥാന ധനമന്ത്രിയുടെ നിര്‍ദേശങ്ങള്‍

പ്രധാനമന്ത്രിക്ക് സംസ്ഥാന ധനമന്ത്രിയുടെ നിര്‍ദേശങ്ങള്‍

 

തിരുവനന്തപുരം: നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ നേരെയാകുന്നതിനെ ജനങ്ങളോട് മൂന്നാഴ്ച ക്ഷമ കാണിക്കാന്‍ പറഞ്ഞ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ഫേസ്ബുക്കിലൂടെ സംസ്ഥാന ധനമന്ത്രിയുടെ മറുപടി. ഈ അവസ്ഥ ഒരാഴ്ച പോലും ക്ഷമിക്കാന്‍ ജനങ്ങള്‍ക്ക് സാധ്യമാവില്ലെന്നും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുതെന്നും ചൂണ്ടിക്കാട്ടിയ തോമസ് ഐസക് പ്രതിസന്ധി പരിഹരിക്കുന്നതിന് ചില നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്;

കടകള്‍ തുറന്നിട്ട് എന്തിനെന്നാണ് പല വ്യാപാരികളും ചോദിക്കുന്നത് അതുകൊണ്ട് ചൊവ്വാഴ്ച മുതല്‍ അവര്‍ അനിശ്ചിതകാല കടയടപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് . പല കല്യാണങ്ങളും നാട്ടില്‍ മാറ്റി വച്ചു കഴിഞ്ഞു . ഇങ്ങനെ ജനം പെരുവഴിയില്‍ അലയുമ്പോഴാണ് ഉള്ള സഹകരണ ബാങ്കുകള്‍ കൂടി പൂട്ടിക്കാന്‍ ബി ജെ പിക്കാര്‍ ഇറങ്ങിയിരിക്കുന്നത് . സഹകരണ ബാങ്കില്‍ കള്ളപ്പണം ആരെങ്കിലും ഡിപ്പോസിറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞാലും അതവിടെ തന്നെ കാണുമല്ലോ. ഇനിയിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എന്താണ് അടിയന്തിരമായി ചെയ്യേണ്ടത് ?
1. പ്രധാനമന്ത്രി നാട് ചുറ്റല്‍ അവസാനിപ്പിച്ചു ഡല്‍ഹിയില്‍ തിരിച്ചെത്തണം. ജയ്റ്റ്‌ലി പറയുന്നത് അടുത്ത ഒരു മാസത്തേക്കെങ്കിലും ഇങ്ങനെ തന്നെ ആയിരിക്കും കാര്യങ്ങള്‍ എന്നാണ് , എങ്കില്‍ അടിയന്തിരമായി ചില കാര്യങ്ങള്‍ തീരുമാനിക്കാനുണ്ട്, അതുകൊണ്ടാണ് മോഡി തിരിച്ചു വരണം എന്ന് പറയുന്നത് .
2 മുപ്പതാം തീയതി വരെയെങ്കിലും റദ്ദാക്കിയ നോട്ടുകള്‍ കടക്കാര്‍ക്കും മറ്റും സ്വീകരിക്കാം എന്നും കൂലി ആയും മറ്റും കൊടുക്കാമെന്നും പ്രഖ്യാപിക്കുക . മുപ്പതാം തീയതി ആവുമ്പോഴേക്കും പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ വിതരണ സംവിധാനത്തില്‍ കുറ്റമറ്റ രീതിയില്‍ എത്തിക്കാം, അതോടെ പഴയ നോട്ടുകള്‍ പൂര്‍ണമായി റദ്ദാക്കാം .
3 സ്വര്‍ണക്കടക്കാരും ആഡംബര വസ്തുക്കളുടെ വില്‍പ്പനക്കാരും ഒരു ലക്ഷത്തിന് മേല്‍ ഇടപാട് നടത്തുന്ന എല്ലാവരുടെയും കെവൈസി വിവരങ്ങള്‍ സൂക്ഷിക്കണമെന്ന് ഉത്തരവ് ഇറക്കുക. ആരെങ്കിലും കള്ളപ്പണം വെളുപ്പിക്കാന്‍ പോയാല്‍ അവരെ പിന്നീട് പിടിക്കാന്‍ പ്രയാസം ഉണ്ടാവില്ല. ഇതനുവദിച്ചാല്‍ കള്ളപ്പണക്കാര്‍ ചെറുതുകകള്‍ ആയി സാധനങ്ങള്‍ വാങ്ങിച്ചു കള്ളപ്പണം വെളുപ്പിക്കും എന്നാണ് പലരുടെയും പേടി . അതിപ്പോഴും തടസമില്ലാതെ നടക്കുന്നുണ്ട്. കള്ളപ്പണം ഒരു ലക്ഷം രൂപ വെച്ച് ബാങ്ക് അക്കൌണ്ടില്‍ അടച്ച് കമ്മീഷന്‍ അടിസ്ഥാനത്തില്‍ വെളുപ്പിച്ചു തരാന്‍ ഒത്തിരി പേരുണ്ടാവും, ഇതല്ലേ ഇപ്പോഴും നടക്കുന്നത് .
4 സംസ്ഥാന ട്രഷറി , സംസ്ഥാന ധനകാര്യ സ്ഥാപനങ്ങള്‍ പബ്ലിക്ക് യൂട്ടിലിറ്റികള്‍ ഇവയെ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക . ഇവയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുക .

Comments

comments

Categories: Slider, Top Stories