ടീം സസ്‌റ്റെയ്ന്‍: സോളാറിനൊപ്പം നന്മയുടെ വെളിച്ചവും പകര്‍ന്ന്…

ടീം സസ്‌റ്റെയ്ന്‍:  സോളാറിനൊപ്പം നന്മയുടെ വെളിച്ചവും പകര്‍ന്ന്…

 

bpclഇന്നത്തെ പോലെ സ്റ്റാര്‍ട്ടപ്പുകള്‍ അധികം പ്രചാരത്തിലില്ലാത്ത കാലം. എന്‍ജിനീയറിംഗിലോ മറ്റോ ബിരുദം സ്വന്തമാക്കുന്ന വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും മറ്റ് സ്ഥാപനങ്ങളെ ജോലിക്കായി ആശ്രയിക്കുകയായിരുന്നു പതിവ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇതായിരുന്നു കേരളത്തിലെ അവസ്ഥ. അക്കാലത്ത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ജോര്‍ജ് മാത്യു, സോളാര്‍ എന്ന അധികമാര്‍ക്കും സുപരിചിതമല്ലാത്ത വിഷയത്തിലായിരുന്നു തന്റെ പ്രൊജക്ട് ചെയ്തത്. പുതുമയുള്ള എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖല തന്നെ പിന്നീട് ഇതിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. പ്രകൃതിയെ ഒരിക്കലും ദോഷകരമായി ബാധിക്കാത്ത തരത്തിലുള്ള ഊര്‍ജനിര്‍മാണമെന്ന ചിന്തയ്ക്ക് അങ്ങനെ നാമ്പിടുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തില്‍ 1994-ല്‍ ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ തുടക്കമിട്ട ടീം സസ്‌റ്റെയ്ന്‍ എന്ന സ്ഥാപനത്തെ ഒരു സ്റ്റാര്‍ട്ടപ്പ് എന്നുപോലും വിശേഷിപ്പിക്കാനാവും. തന്റെ പ്രവര്‍ത്തനങ്ങളൊരിക്കലും പ്രകൃതിയെ ദോഷകരമായി ബാധിക്കരുതെന്ന ചിന്ത പുനരുപയോഗ ഊര്‍ജനിര്‍മാണത്തിന് പ്രാധാന്യം നല്‍കാന്‍ അദ്ദേഹത്തിന് പ്രേരണയാവുകയും ചെയ്തു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തില്‍ തന്നെ പുനരുപയോഗ ഊര്‍ജം ആദ്യമായി അവതരിപ്പിച്ചത് ടീം സസ്‌റ്റെയ്‌നായിരുന്നു. എറണാകുളം എംജി റോഡിലെ ഹോട്ടല്‍ ദ്വാരകയില്‍ സോളാര്‍ വാട്ടര്‍ ഹീറ്റിംഗ് സിസ്റ്റം സ്ഥാപിക്കുകയെന്നതായിരുന്നു ജോര്‍ജ് മാത്യു ഏറ്റെടുത്ത ആദ്യ ദൗത്യം. ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ ഘടിപ്പിച്ച ആ സോളാര്‍ വാട്ടര്‍ ഹീറ്റിംഗ് സിസ്റ്റം ഇന്നും പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നു പറഞ്ഞുനിര്‍ത്തുമ്പോള്‍ ടീം സസ്‌റ്റെയ്ന്‍ മേധാവി ജോര്‍ജ് മാത്യുവിന്റെ മുഖത്ത് തന്റെ കലര്‍പ്പില്ലാത്ത വിജയത്തിനു പി
ന്നിലെ ആത്മവിശ്വാസം തെളിഞ്ഞുകാണാം. പിന്നീട് എറണാകുളത്തെ ഒട്ടുമിക്ക ഹോട്ടലുകളിലും സോളാര്‍ വാട്ടര്‍ ഹീറ്റിംഗ് സിസ്റ്റം ഘടിപ്പിച്ചതും ടീം സസ്‌റ്റെയ്ന്‍ തന്നെ.
500-logoകേരളത്തിലെ രണ്ടാമത്തെ ഹൗസ്‌ബോട്ട് സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയെന്നതായിരുന്നു അദ്ദേഹം പിന്നീട് ഏറ്റെടുത്ത ദൗത്യം. കെറോസിന്‍ വിളക്കുകളോ ചെറിയ ജനറേറ്ററുകളോ മാത്രം ഉപയോഗിച്ചിരുന്ന ഹൗസ്‌ബോട്ടുകളില്‍ സോളാര്‍ വെളിച്ചം പ്രഭ വിതറിയതിനു പിന്നിലും ഇദ്ദേഹത്തിനും കമ്പനിക്കുമുള്ള പങ്ക് ചെറുതല്ല. പിന്നീടങ്ങോട്ട് കേരളത്തിലെ കായലുകളില്‍ നീന്തിത്തുടിക്കുന്ന നൂറ്റി അറുപതോളം ഹൗസ്‌ബോട്ടുകളില്‍ സോളാര്‍ വെളിച്ചം പരത്തി. സോളാര്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയെന്ന ദൗത്യം ആദ്യകാലങ്ങളില്‍ കുറേ ചോദ്യം ചെയ്യലുകള്‍ക്ക് കാരണമായിട്ടുണ്ട്. വെറും ആറുമാസം മഴ ലഭിക്കുന്ന ഒരു നാട്ടില്‍ ഇത് എത്രത്തോളം പ്രാവര്‍ത്തികമാകുമെന്നതായിരുന്നു ആളുകള്‍ ഉയര്‍ത്തിയ ചോദ്യം. മൂന്നാറിലെ ചിന്നക്കനാലില്‍ വച്ച് തന്റെ മനസിലുദിച്ച ആശയം ജോര്‍ജ് മാത്യു നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും ചെയ്തു. സോളാര്‍ വൈദ്യുതി ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്ന് തെളിയിക്കാന്‍ അദ്ദേഹം കണ്ടെത്തിയ വഴി ഇതായിരുന്നു. ചോദ്യം ഉന്നയിച്ചവര്‍ക്ക് മുമ്പില്‍ ആവശ്യത്തിലധികം തെളിവുകളോടെ തന്റെ ഉത്തരമായി പ്രവര്‍ത്തിപ്പിച്ചു തന്നെ കാണിച്ചുകൊടുത്തു. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് വൈദ്യുതി നല്‍കാന്‍ സോളാറിന് കഴിയുമെന്ന് ജനങ്ങള്‍ ഇതിലൂടെ തിരിച്ചറിയുകയും ചെയ്തു. പ്രകൃതിക്ക് ദോഷം വരുത്താതെയുള്ള ഊര്‍ജ ഉല്‍പ്പാദനം ഇദ്ദേഹത്തിന്റെ സാമൂഹ്യപ്രതിബദ്ധത കൂടി തുറന്നുകാട്ടുന്നതാണ്.
മൂന്നു പേരുമായി തുടക്കമിട്ട ടീം സസ്റ്റെയ്ന്‍ ഇന്ന് ഈ മേഖലയില്‍ രാജ്യത്തെ ഏറ്റവും വലിയ എന്‍ജിനീയറിംഗ് ടീമായി മാറിക്കഴിഞ്ഞിരിക്കുന്നു. കൊല്‍ക്കത്ത, പാറ്റ്‌ന, ലക്‌നൗ, ഗുവാഹത്തി തുടങ്ങി ഇന്ത്യയുടെ നാലു ഭാഗത്തും ഓഫീസുകളുള്ള ഒരു ടീമായി മാറാന്‍ ജോര്‍ജ് മാത്യുവിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ഇന്ത്യയ്ക്കു പുറത്ത് ശ്രീലങ്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും തങ്ങളുടെ പ്രവര്‍ത്തനം എത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഓരോ ഭാഗത്തുള്ളവരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ഇത് മനസിലാക്കി അവര്‍ക്ക് ഉചിതമായ വിധത്തിലുള്ള മാര്‍ഗങ്ങളാണ് അവിടെ സ്വീകരിക്കുകയെന്ന് ജോര്‍ജ് മാത്യു പറയുന്നു.
slide-hibiscus-villaതാന്‍ ടീം സസ്റ്റെയ്ന്‍ തുടങ്ങി ആദ്യത്തെ കുറേനാളുകള്‍ നിരവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടെന്ന് ജോര്‍ജ് മാത്യു പറയുന്നു. ആദ്യത്തെ കുറച്ച് മാസങ്ങള്‍ സോളാര്‍ വൈദ്യുതി ഘടിപ്പിക്കാനുള്ള ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും ലിസ്റ്റ് തയാറാക്കുകയായിരുന്നു ടീം സസ്‌റ്റെയ്ന്‍ ചെയ്തത്. ഇതിന്റെ ഭാഗമായി സമീപിച്ചവരില്‍ പലരും ഇത് നടപ്പാക്കാനുള്ള ബുദ്ധിമുട്ടുകളും കുറവുകളുമായിരുന്നു ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തങ്ങളുടെ ആശയങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കുന്നുവെന്ന് കാണിച്ചുകൊടുക്കുകയായിരുന്നു അവര്‍ ചെയ്തത്. വാക്കല്ല, പ്രവൃത്തിയിലാണ് കാര്യമെന്ന് ജനങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹം തെളിയിച്ചു. പിന്നീടങ്ങോട്ട് ജോര്‍ജ് മാത്യുവിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും വിജയത്തിന്റെ കഥകള്‍ മാത്രമാണ് പറയാനുള്ളത്. ഇന്ത്യയിലെ തികച്ചും ഗ്രാമീണ പ്രദേശങ്ങളായ സ്ഥലങ്ങളില്‍ വെറും ഒന്നര വര്‍ഷത്തിനുള്ളില്‍ 500 മൊബീല്‍ ടവറുകള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. വികസനമെത്താത്തതും, ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതുമായ ആസാം, ബംഗാള്‍, മേഘാലയ, ത്രിപുര പോലുള്ള സംസ്ഥാനങ്ങളില്‍. കാര്യനിര്‍വഹണത്തിലുള്‍പ്പെടെ നിരവധി പ്രശ്‌നങ്ങളുണ്ടായെങ്കിലും ഇതായിരുന്നു താന്‍ ചെയ്തതില്‍ ഏറ്റവും വലിയ പ്രൊജക്ടെന്നും ജോര്‍ജ് മാത്യു അഭിപ്രായപ്പെടുന്നു.
തങ്ങളുടെ പ്രവര്‍ത്തനമേഖലയുടെ ആവശ്യങ്ങളറിഞ്ഞ്, അതിനു വേണ്ട സാങ്കേതികവിദ്യയാണ് ഓരോ പ്രദേശത്തും ഇവര്‍ ഉപയോഗിക്കുന്നത്. മാലിന്യങ്ങളില്‍ നിന്നും മറ്റ് വസ്തുക്കളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് കാണിച്ചുതരികയാണ് ടീം സസ്റ്റെയ്ന്‍. ഗ്രാമപ്രദേശങ്ങളില്‍ വികസനം എത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തനിക്കെന്നും താല്‍പ്പര്യമുള്ളതെന്ന് ജോര്‍ജ് മാത്യു പറയുന്നു. അതുകൊണ്ടുതന്നെ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് തന്റെ മികച്ച വിജയത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 1996-ല്‍ ഇടുക്കി ജില്ലയിലെ മുണ്ടന്‍മുടി എന്ന ഗ്രാമത്തില്‍ താമസിച്ചിരുന്ന 400 കുടുംബങ്ങളും യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളുമില്ലാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞിരുന്നത്. അവര്‍ക്കു വേണ്ടി മികച്ച രീതിയിലുള്ള പ്രവര്‍ത്തനം തന്നെയാണ് ടീം സസ്റ്റെയ്ന്‍ കാഴ്ചവച്ചത്. അവിടെയുണ്ടായിരുന്ന എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാന്‍ കഴിഞ്ഞുവെന്നത് ജോര്‍ജ് മാത്യുവിനും അദ്ദേഹത്തിന്റെ സ്ഥാപനത്തിനും ഒരിക്കലും വിസ്മരിക്കാനാവാത്ത വിജയമാണ് സമ്മാനിച്ചത്. അക്കാലത്ത് നടത്തിയ ഏറ്റവും വലിയ പ്രൊജക്ടായിരുന്നു അത്. മാത്രവുമല്ല, അഞ്ചു വര്‍ഷത്തെ എല്ലാ അറ്റകുറ്റപ്പണികള്‍ക്കുമുള്ള ഗ്യാരണ്ടി നല്‍കിയായിരുന്നു ഇവര്‍ ഈ പദ്ധതി നടപ്പാക്കിയത്. മറ്റൊരു കമ്പനിയും അഞ്ച് വര്‍ഷം എന്ന ഗ്യാരണ്ടി നല്‍കാറില്ലായിരുന്നു.
ഇടുക്കി മുണ്ടന്‍മുടിയില്‍ ചെയ്ത പ്രൊജക്ട് ജോര്‍ജ് മാത്യു എന്ന വ്യക്തിയുടെ പേര് പ്രദേശവാസികളായ സാധാരണക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നായി മാറ്റുകയും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം അവിടെ നടത്തിയ മീറ്റിംഗില്‍ നിരവധി വീട്ടമ്മമാര്‍ പറഞ്ഞതും ഇതു തന്നെ. മുന്‍പ് രാത്രിയില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ അധികം മാര്‍ഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. മണ്ണെണ്ണ വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു അവര്‍ പഠിച്ചിരുന്നത്. അത് സ്വാഭാവികമായും അവരുടെ പഠനസമയം കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീടുകളില്‍ വൈദ്യുതി എത്തിയതോടെ ഈ അവസ്ഥയില്‍ മാറ്റം വന്നു. കൂടുതല്‍ സമയം അവര്‍ പഠിക്കാന്‍ തുടങ്ങുകയും കുട്ടികളുടെ പഠനനിലവാരം വര്‍ധിക്കുകയും ചെയ്തു. മാത്രവുമല്ല, കുടുസുമുറികളില്‍ തണുപ്പ് അധികമായിരുന്നതിനാല്‍ രോഗങ്ങള്‍ ബാധിക്കുന്ന അവസ്ഥയായിരുന്നു മുന്‍പുണ്ടായിരുന്നത്. എന്നാല്‍ വൈദ്യുതി എത്തിയതോടെ ഇതിനു മാറ്റമുണ്ടാവുകയും രോഗങ്ങള്‍ കുറയുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിലേക്ക് വികസനം എത്തിക്കാനുള്ള ശ്രമങ്ങളുടെ തുടക്കമെന്ന നിലയില്‍ അദ്ദേഹം സ്വീകരിച്ച ഈ നടപടി ഈ ഗ്രാമത്തിന്റെ മുഖഛായ തന്നെ പിന്നീട് മാറ്റിമറിക്കുകയും ചെയ്തു. മുണ്ടന്‍മുടി പിന്നീട് ഒരു ടൗണ്‍ഷിപ്പായി മാറിയതിനു പിന്നില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ജോര്‍ജ് മാത്യു നടത്തിയ ഇടപെടലുകളുമുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
വൈദ്യുതി കണക്ഷനില്ലാതെ പൂര്‍ണമായും സോളാര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളും വീടുകളുമെല്ലാം നല്ല രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയാണ് ഇപ്പോള്‍ ടീം സസ്റ്റെയ്ന്‍. മലിനീകരണം ഇല്ലാതെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ടീം സസ്റ്റെയ്ന്‍ ലക്ഷ്യമിടുന്നത്. മാത്രവുമല്ല, കൂടുതല്‍ സേവനം ആവശ്യമായ മേഖലകളില്‍ പ്രവര്‍ത്തിക്കാനാണ് ഇവര്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശ്, ആസാം, പശ്ചിമ ബംഗാള്‍, ഒറീസ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലുള്ള പതിനെട്ട് സ്‌കൂളുകളുടെ നവീകരണപ്രവര്‍ത്തനമായിരുന്നു ടീം സസ്‌റ്റെയ്ന്‍ എറ്റെടുത്തത്. മഴ പെയ്താല്‍ നനയുന്ന അവസ്ഥയിലുണ്ടായിരുന്ന വെറും ഷെഡ്ഡുകളായിരുന്നു അവിടുത്തെ സ്‌കൂളുകള്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന ഇവ വെറും ഒരു മാസം കൊണ്ടാണ് ഹൈടെക് സ്മാര്‍ട്ട് സ്‌കൂളുകളാക്കി ജോര്‍ജ് മാത്യുവും അദ്ദേഹത്തിന്റെ കമ്പനിയും മാറ്റിയെടുത്തത്.
വൈദ്യുതിയില്ലാത്ത പ്രദേശങ്ങളില്‍ പ്രകൃതിക്കു ദോഷകരമാകാത്ത തരത്തിലുള്ള ഊര്‍ജ ഉല്‍പ്പാദനമാണ് ടീം സസ്റ്റെയിന്റെ ലക്ഷ്യം. മാത്രവുമല്ല, തങ്ങള്‍ ചെയ്യുന്ന ഓരോ പ്രൊജക്ടുകളും സമൂഹത്തിന് ഗുണകരമായ രീതിയില്‍ എങ്ങനെ അവതരിപ്പിക്കാമെന്നാണ് അത് ഏറ്റെടുക്കുമ്പോള്‍ ജോര്‍ജ് മാത്യു ചിന്തിക്കുന്നത്. മലിനീകരണമുണ്ടാക്കാതെ ഗ്രാമീണ പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളിലേക്ക് വെളിച്ചമെത്തിക്കുകയാണ് അദ്ദേഹം. ആ വെളിച്ചത്തില്‍ സാമൂഹ്യപ്രതിബദ്ധതയുടെ, നമ്മളെ ഏറെ ചിന്തിപ്പിക്കുന്ന കണികകള്‍ കൂടിയുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

Comments

comments

Categories: FK Special