സര്‍ക്കാര്‍ വിലക്കിയിട്ടും ഇ-കോമേഴ്‌സ് വിപണിയില്‍ റീഫര്‍ബിഷ്ഡ് ഫോണ്‍ വില്‍പ്പന തകൃതി

സര്‍ക്കാര്‍ വിലക്കിയിട്ടും ഇ-കോമേഴ്‌സ് വിപണിയില്‍ റീഫര്‍ബിഷ്ഡ് ഫോണ്‍ വില്‍പ്പന തകൃതി

മുംബൈ: ഇ-കോമേഴ്‌സ് വിപണിയില്‍ റീഫര്‍ബിഷ്ഡ് മൊബീല്‍ ഫോണുകളുടെ വില്‍പ്പന നിര്‍ബാധം തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായാണ് ഇത്തരം വില്‍പ്പന പൊടിപൊടിക്കുന്നത്. ആമസോണ്‍, ഓവര്‍കാര്‍ട്ട്, ഇബെ തുടങ്ങിയ ഇ-കോമേഴ്‌സ് കമ്പനികളാണ് ഉപയോഗിച്ച ഫോണുകളുടെ വില്‍പ്പന വര്‍ധിപ്പിച്ചിരിക്കുന്നത്.

ചില സാങ്കേതിക തകരാറുകളുടെ പേരിലോ സെറ്റിംസിലെ പ്രശ്‌നങ്ങള്‍ നിമിത്തമോ ഉപയോക്താക്കള്‍ തിരികെ നല്‍കിയ ഫോണുകളാണ് തിരുത്തലുകള്‍ക്കു ശേഷം റീഫര്‍ബിഷ്ഡ് എന്ന പോരില്‍ വിപണനം നടത്തുന്നത്. ഇത്തരം ഫോണുകളുടെ വില്‍പ്പനക്കെതിരേ ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ പരിസ്ഥിതി മന്ത്രാലയം ആമസോണ്‍, ഇബെ തുടങ്ങിയ ഇ-കോമേഴ്‌സ് കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും ഈ സൈറ്റുകളില്‍ ഇവയുടെ വില്‍പ്പനയ്ക്ക് കുറവ് വന്നിട്ടില്ല.
ആമസോണ്‍ ഇന്ത്യ ഈ സെപ്റ്റംബറിലാണ് ഇത്തരം ഫോണുകളുടെ വില്‍പ്പനയ്ക്ക് പ്രത്യേക വിഭാഗം ആരംഭിച്ചത്. ആപ്പിള്‍, ലെനോവോ, മോട്ടോറോള, സാംസംഗ്, മൈക്രോമാക്‌സ്, വണ്‍ പ്ലസ് എന്നീ കമ്പനികളുടെ റീഫര്‍ബിഷ്ഡ് ഫോണുകളാണ് ആമസോണ്‍ വില്‍ക്കുന്നത്. നേരത്തേ ഇന്ത്യയില്‍ റീഫര്‍ബിഷ്ഡ് ഫോണുകള്‍ നേരിട്ട് വില്‍പ്പന നടത്താനുള്ള ആപ്പിളിന്റെ ശ്രമം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു.

വളരെയധികം വിലക്കുറവില്‍ വില്‍ക്കുന്ന ഇത്തരം ഫോണുകള്‍ക്ക് കമ്പനിയല്ല, മറിച്ച് വില്‍പ്പനക്കാരാണ് വാറണ്ടി നല്‍കുന്നത്. അതേസമയം ഫ്‌ളിപ്കാര്‍ട്ട് യൂസ്ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
രാജ്യത്ത് റീഫര്‍ബിഷ്ഡ് ഫോണുകള്‍ വില്‍ക്കുന്നതിനുള്ള ആപ്പിളിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം തള്ളിക്കളഞ്ഞിരുന്നു. ഇത്തരമൊരു നീക്കം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരാകുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. മാത്രമല്ല, സെല്‍ഫോണ്‍ നിര്‍മാതാക്കളുടെ ഇ-വേസ്റ്റ് വലിച്ചെറിയാനുള്ള സ്ഥലമായി ഇന്ത്യ മാറുമെന്ന ആശങ്കയും അപേക്ഷ തള്ളിക്കളയുന്നതിന് കാരണമായിരുന്നു.

Comments

comments

Categories: Business & Economy