2017 മാര്‍ച്ചോടെ വരുമാനം ആയിരം കോടിയിലെത്തുമെന്ന് ടൈംസ് ഇന്റര്‍നെറ്റ്

2017 മാര്‍ച്ചോടെ വരുമാനം ആയിരം കോടിയിലെത്തുമെന്ന് ടൈംസ് ഇന്റര്‍നെറ്റ്

 

ന്യൂഡെല്‍ഹി : ടൈംസ് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗമായ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡിന്റെ വരുമാനം 2017 മാര്‍ച്ചോടെ 45 ശതമാനം വര്‍ധിച്ച് ആയിരം കോടി രൂപയില്‍ എത്തുമെന്ന് സിഇഒ ഗൗതം സിന്‍ഹ. നിലവില്‍ 690 കോടി രൂപ വരുമാനമുള്ള ടൈംസ് ഇന്റര്‍നെറ്റ്, ഗൂഗ്ള്‍ ഇന്ത്യ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ മീഡിയ കമ്പനിയാണ്. മാജിക്ബ്രിക്‌സ്, ടൈംസ് ഓഫ് ഇന്ത്യ, ഗാന, ക്രിക്ബസ് തുടങ്ങി 35 സൈറ്റുകളുള്ള ടൈംസ് ഇന്റര്‍നെറ്റിന് 175 മില്യണ്‍ സജീവ ഉപയോക്താക്കളുണ്ടെന്ന് ഗൗതം സിന്‍ഹ അവകാശപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യ, നവഭാരത് ടൈംസ്, ഇക്ക്‌ണോമിക് ടൈംസ്, വിജയ് കര്‍ണാടക തുടങ്ങിയ സൈറ്റുകളടങ്ങിയ വാര്‍ത്താവിഭാഗത്തില്‍ 120 മില്യണ്‍ ഉപയോക്താക്കളാണ് ടൈംസ് ഇന്റര്‍നെറ്റിനുള്ളത്. ഇവയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി 70 മില്യണ്‍ ഉപയോക്താക്കളും 100 കോടിയിലധികം രൂപയുടെ വരുമാനവുമുള്ള ടൈംസ് ഓഫ് ഇന്ത്യയാണ് മുന്നിലുള്ളത്. വിനോദ വിഭാഗത്തില്‍ ക്രിക്ബസ്, ഗാന എന്നീ സൈറ്റുകളാണ് നിലവിലുള്ളത്. യൂട്ടിലിറ്റീസ് ആന്‍ഡ് ട്രാന്‍സാക്ഷന്‍ വിഭാഗത്തില്‍ ഇടി മണി, കൂപ്പണ്‍ ദുനിയാ, വൈറല്‍ഷോട്ട്‌സ് എന്നീ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ആകെ ഉപയോക്താക്കളില്‍ 125 മില്യണ്‍ യൂസര്‍മാര്‍ ഇന്ത്യയില്‍നിന്നും 50 മില്യണ്‍ യൂസര്‍മാര്‍ രാജ്യത്തിന് പുറത്തുനിന്നുമാണ്.

പരസ്യത്തിന്റെ കാര്യത്തില്‍ സമയം, ഓഡിയന്‍സ്, പ്രാദേശിക സവിശേഷത തുടങ്ങിയ നിരവധി ഘടകങ്ങള്‍ പരിശോധിച്ച് ഒരേ ബ്രാന്‍ഡിന്റെ വ്യത്യസ്ത പരസ്യങ്ങളാണ് അവതരിപ്പിക്കാറുള്ളതെന്ന് ഗൗതം സിന്‍ഹ പറഞ്ഞു. ഏറ്റവും കൂടുതല്‍ റെസ്‌പോണ്‍സ് ലഭിക്കുന്നത് എവിടെനിന്നെന്ന കാര്യവും പരിശോധിക്കും.
ടൈംസ് ഇന്റര്‍നെറ്റിന്റെ വരുമാനത്തിന്റെ 70 ശതമാനവും പരസ്യം വഴിയാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രാന്‍ഡ് പരിഗണിക്കുമ്പോള്‍ ഏറ്റവുമധികം വരുമാനമെത്തിക്കുന്നത് മാജിക്ബ്രിക്‌സ്, ടൈംസ് ഓഫ് ഇന്ത്യ, ക്രിക്ബസ് എന്നിവയാണ്.

നിലവില്‍ ബിസിനസ് സുഗമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് വേണ്ടത്ര വരുമാനം ഉണ്ടെന്നും ഇതുവരെ നിക്ഷേപം സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും ഗൗതം സിന്‍ഹ വ്യക്തമാക്കി. ആരോഗ്യ, വീഡിയോ മേഖലകളില്‍ മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ സാന്നിധ്യമറിയിക്കും. ദൈനംദിന പ്രവര്‍ത്തനത്തില്‍ ടൈംസ് ഗ്രൂപ്പിനെ ആശ്രയിക്കാറില്ലെന്നും സ്വീകരിക്കുന്ന ഉള്ളടക്കത്തിന് വരുംവര്‍ഷങ്ങളില്‍ പണം നല്‍കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.

Comments

comments

Categories: Branding