ഡിസംബര്‍ ആദ്യം എടിഎമ്മുകള്‍ വഴി പുതിയ നോട്ടുകള്‍ ലഭ്യമാക്കും: ധനമന്ത്രാലയം

ഡിസംബര്‍ ആദ്യം എടിഎമ്മുകള്‍  വഴി പുതിയ നോട്ടുകള്‍ ലഭ്യമാക്കും: ധനമന്ത്രാലയം

ന്യൂഡെല്‍ഹി: ഡിസംബര്‍ ആദ്യം എടിഎമ്മുകള്‍ വഴി പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. മെഷീനുകളില്‍ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമായതിനാലാണിത്.

നിലവില്‍ എടിഎമ്മുകളില്‍ 100 രൂപ നോട്ടുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. രണ്ട് ലക്ഷത്തോളം വരുന്ന എടിഎമ്മുകളില്‍ 1.2 ലക്ഷവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്ന് മൂന്നു ദിവസത്തിനുള്ളില്‍ നിക്ഷേപം, വിനിമയം, പിന്‍വലിക്കല്‍ തുടങ്ങി എടിഎമ്മുകള്‍ വഴി ഏഴു കോടിയിലധികം ഇടപാടുകള്‍ നടന്നെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പണം ലഭ്യമാക്കുന്നത് സംബന്ധിച്ച അവലോകന യോഗത്തില്‍ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐബിഎ) എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. പൊതുമേഖല ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പിലാണെന്ന് ഇതുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു.
ഗ്രാമ പ്രദേശങ്ങളില്‍ 100 രൂപയും അതിന് താഴെയുള്ള നോട്ടുകളും കൂടാതെ 10 രൂപയുടെ നാണയങ്ങളും വിതരണം ചെയ്യാനാണ് ബാങ്കുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
തീവ്രവാദത്തിന് കള്ളനോട്ടുകള്‍ ഉപയോഗിക്കുന്നത് തടയുകയാണ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നിലെ പ്രധാന ലക്ഷ്യം. വ്യാജ നോട്ടുകള്‍ നിരീക്ഷിക്കുന്നതിന് സ്‌പെഷല്‍ സെല്‍ രൂപീകരിക്കണമെന്നും ഇത്തരം ഇടപാടുകള്‍ കണ്ടെത്തിയാല്‍ ഇക്കണോമിക്‌സ് ഒഫെന്‍സസ് വിംഗിനെയും ധനകാര്യ മന്ത്രാലയത്തിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെയും അറിയിക്കണമെന്ന് ആര്‍ബിഐയോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചുകഴിഞ്ഞു.

Comments

comments

Categories: Top Stories