ഒറ്റയ്ക്ക് മുന്നേറ്റം സാധ്യമല്ല: ട്രംപിന് നാറ്റോ തലവന്റെ മുന്നറിയിപ്പ്

ഒറ്റയ്ക്ക് മുന്നേറ്റം സാധ്യമല്ല: ട്രംപിന് നാറ്റോ തലവന്റെ മുന്നറിയിപ്പ്

ബ്രസല്‍സ്: ഒറ്റയ്ക്ക് മുന്നേറാമെന്നുള്ള ട്രംപിന്റെ ധാരണ യൂറോപ്പിനും അമേരിക്കയ്ക്കും ഗുണകരമാകില്ലെന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗ്. ദി ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തിലാണ് നാറ്റോ തലവന്‍ പുതുതായി ചുമതലയേല്‍ക്കാന്‍ പോകുന്ന യുഎസ് പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പ് നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപ് നാറ്റോയെ ചോദ്യം ചെയ്തിരുന്നു. ആഗോളതലത്തില്‍ സുരക്ഷയൊരുക്കേണ്ട ബാദ്ധ്യത അമേരിക്കയ്ക്കില്ലെന്നും നാറ്റോ യുഎസിന്റെ ചെലവില്‍ കഴിയുകയാണെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. (നാറ്റോയുടെ 70 ശതമാനം ചെലവും വഹിക്കുന്നത് അമേരിക്കയാണ്).
പാശ്ചാത്യ സമൂഹം സുരക്ഷാപരമായ കാര്യങ്ങളില്‍ വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭിന്നിപ്പുണ്ടാക്കാനല്ല, ഒരുമയോടെ മുന്നേറാനാണ് ശ്രമിക്കേണ്ടത്. യുഎസും യൂറോപ്പും തമ്മിലുള്ള സഖ്യത്തിന്റെ മൂല്യം അളക്കാനുള്ള സമയമല്ല ഇതെന്ന് അദ്ദേഹം സൂചിപ്പിച്ചു. 9/11 ആക്രമണത്തിനു ശേഷം അമേരിക്കയുടെ സഹായത്തിനെത്തിയ നാറ്റോ സഖ്യകക്ഷികളുടെ ത്യാഗം കാണാതെ പോകരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഒരാള്‍ക്കെതിരേയുള്ള ആക്രമണം എല്ലാവര്‍ക്കുമെതിരേയുള്ള ആക്രമണമായി കരുതുമെന്നു നാറ്റോ നിയമഭേദഗതി ചെയ്തത് 9/11 ആക്രമണത്തിനു ശേഷമാണ്. ഇതിലൂടെ അമേരിക്കയോടുള്ള പിന്തുണയാണ് പ്രകടമാക്കിയത്. അഫ്ഗാനില്‍ നാറ്റോ സേനയെ വിന്യസിച്ചു. ആയിരക്കണക്കിന് യൂറോപ്യന്‍ സൈനികര്‍ അഫ്ഗാനില്‍ സേവനമനുഷ്ഠിച്ചത് അമേരിക്കയ്ക്കു വേണ്ടിയാണ്. നമ്മളുടെ ചരിത്രം പരിശോധിച്ചാല്‍ പ്രശ്‌നങ്ങളെ ഒരുമിച്ച് അഭിമുഖീകരിച്ചിട്ടുള്ളതാണെന്നു മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രംപ് പ്രസിഡന്റായി അധികാരമേറ്റാല്‍ നാറ്റോയുമായുള്ള അമേരിക്കയുടെ സഖ്യത്തില്‍ അകല്‍ച്ചയുണ്ടാവുമെന്ന ഭയം നിലനില്‍ക്കവേയാണ് നാറ്റോ തലവനും മുന്‍ നോര്‍വേയുടെ പ്രധാനമന്ത്രിയുമായ സ്റ്റോള്‍ട്ടന്‍ബര്‍ഗ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

Comments

comments

Categories: World