ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണ തേടി ലണ്ടന്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പിന്തുണ തേടി ലണ്ടന്‍

 

മുംബൈ: ലണ്ടനിലെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും പ്രധാന പങ്കുവഹിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെയും സോഫ്റ്റ്‌വെയര്‍ കമ്പനികളെയും സ്വാഗതം ചെയ്ത് ലണ്ടനിലെ വിവര,ശാസ്ത്രസാങ്കേതിക മേഖല. യുഎസ് കഴിഞ്ഞാല്‍ യുകെയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് ഇന്ത്യയെന്നും ബ്രിക്‌സിറ്റിനുശേഷമുണ്ടായ സംഭവവികാസങ്ങള്‍ക്കുശേഷവും ഇന്ത്യ യുകെയുടെ പ്രമുഖ നിക്ഷേപകരായി തുടരുന്നതായി ലണ്ടന്‍ ഫോര്‍ ബിസിനസ് ഡെപ്യൂട്ടി മേയര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ലണ്ടന്റെ ഔദ്യോഗിക പ്രൊമോഷണല്‍ കമ്പനിയായ ലണ്ടന്‍&പാര്‍ട്‌ണേഴ്‌സിന്റെ അധ്യക്ഷനും കൂടിയാണ് രാജേഷ്.

ലണ്ടനും ഇന്ത്യയും തമ്മിലുള്ള ശാസ്ത്രസാങ്കേതിക, വ്യാപാര മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്റര്‍നാഷണല്‍ ട്രേഡ് മിഷനായി അദ്ദേഹം ഇന്ത്യയിലെത്തിയിരുന്നു. യുകെയില്‍ പ്രവര്‍ത്തിക്കുന്ന എറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ 39 ശതമാനവും ലണ്ടന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഇന്ത്യന്‍ നിക്ഷേപം ഏറെ ലഭിക്കുന്ന പ്രധാന മേഖലയാണ് ശാസ്ത്രസാങ്കേതിവിദ്യ. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലുണ്ടായ ഇന്ത്യന്‍ നിക്ഷേപത്തില്‍ 46 ശതമാനവും ടെക്‌നോളജി മേഖലയിലാണെന്നാണ് ലണ്ടന്‍ & പാര്‍ട്‌ണേഴ്‌സിന്റെ ഗവേഷണ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. വലിയ കോര്‍പറേഷനുകള്‍ മന്ദഗതിയിലാണ് ഇന്നൊവേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സ്റ്റാര്‍ട്ടപ്പുകളാണ് പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളും കൊണ്ടുവരുന്നതില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യാ സന്ദര്‍ശന വേളയില്‍ രാജ്യത്തെ വ്യവസായ മേഖലയിലെ മുതിര്‍ന്ന നേതാക്കന്മാകരുമായും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കമ്പനികളായും ചര്‍ച്ച നടത്തിയ അദ്ദേഹം ഇന്ത്യന്‍ കമ്പനികളെ സ്വീകരിക്കാന്‍ ലണ്ടന്‍ എപ്പോഴും തയാറായിരിക്കുകയാണെന്ന് അറിയിച്ചിരുന്നു.. അടുത്തിടെ ലണ്ടന്‍ & പാര്‍ട്‌ണേഴ്‌സ് ഇന്നൊവേറ്റീവും സ്റ്റാര്‍ട്ടപ്പുകളും മികച്ച വളര്‍ച്ച രേഖപ്പെടുത്തുന്ന കമ്പനികളുമടക്കം 20 ഇന്ത്യന്‍ സ്ഥാപനങ്ങളെ ലണ്ടനില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന് ക്ഷണിച്ചിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles