ടീം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ആദ്യ മത്സരം സമനിലയില്‍

ടീം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര:  ആദ്യ മത്സരം സമനിലയില്‍

 

രാജ്‌കോട്ട്: ടീം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 310 റണ്‍സിന്റെ ലീഡ് തേടി രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യ 176 റണ്‍സിന് അറ് വിക്കറ്റ് എന്ന നിലയിലായിരിക്കെ സമയം തീര്‍ന്നതിനാല്‍ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 537 റണ്‍സ് നേടിയപ്പോള്‍ ടീം ഇന്ത്യ 488 റണ്‍സില്‍ ഒതുങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് ഇംഗ്ലണ്ട് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ക്യാപ്റ്റന്‍ അലൈസ്റ്റര്‍ കുക്കിന്റെ സെഞ്ച്വറി മികവില്‍ രണ്ടാം ഇന്നിംഗ്‌സ് മികച്ച രീതിയിലാണ് ഇംഗ്ലണ്ട് തുടങ്ങിയത്.

ഇതോടെ ഇന്ത്യയില്‍ എറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന ബഹുമതിയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്വന്തമാക്കി. ഇന്ത്യയില്‍ വെച്ച് അഞ്ച് ടെസ്റ്റ് സെഞ്ച്വറികളാണ് അലൈസ്റ്റര്‍ കുക്ക് ഇതുവരെ നേടിയത്.

243 പന്തില്‍ നിന്നും 130 റണ്‍സാണ് കുക്ക് നേടിയത്. അശ്വിന്റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ പുറത്തായതോടെ അവര്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. 177 പന്തില്‍ നിന്നും 82 റണ്‍സെടുത്ത ഹമീദിന്റെയും നാല് റണ്‍സെടുത്ത ജോ റൂട്ട് എന്നിവരുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. രണ്ട് വിക്കറ്റുകളും അമിത് മിശ്രയാണ് നേടിയത്. ബെന്‍സ്റ്റോക്‌സ് 29 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും ചെയ്തു.

രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് വേണ്ടി മുരളി വിജയ്, ഗൗതം ഗംഭീര്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, അജിങ്ക്യ രഹാനെ, രവിചന്ദ്ര അശ്വിന്‍, സാഹ, ജഡേജ എന്നിവര്‍ യഥാക്രമം 31, 0, 18, 49, 1, 32, 9, 32 റണ്‍സ് വീതമാണ് നേടിയത്. കൃത്യമായ ഇടവേളകളിലാണ് ഇന്ത്യന്‍ വിക്കറ്റുകള്‍ ഇംഗ്ലണ്ട് പിഴുതെടുത്തത്. മത്സരം അവസാനിക്കുമ്പോള്‍ കോഹ്‌ലിയും രവീന്ദ്ര ജഡേജയുമായിരുന്നു ക്രീസില്‍.

ആദ്യ ഇന്നിംഗ്‌സില്‍ ജോ റൂട്ട്, മൊയീന്‍ അലി, ബെന്‍ സ്‌റ്റോക്‌സ് എന്നിവരുടെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോര്‍ നേടിയത്. അതേസമയം, മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഇന്ത്യയ്ക്ക് വേണ്ടി മുരളി വിജയും ചേതേശ്വര്‍ പൂജാരയും സെഞ്ച്വറി കണ്ടെത്തി.

Comments

comments

Categories: Sports