ലിംഗസമത്വം: മാതൃക കാണിച്ച് എച്ച്എസ്ബിസി

ലിംഗസമത്വം: മാതൃക കാണിച്ച് എച്ച്എസ്ബിസി

 

ലണ്ടന്‍: ബ്രിട്ടന്‍ ആസ്ഥാനമാക്കിയ ആഗോള ധനകാര്യ സേവന ദാതാക്കളാണ് എച്ച്എസ്ബിസി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിലും അവര്‍ ഇടംപിടിക്കും. ഇപ്പോഴിത ലോകം അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്‌നത്തിന് ക്രിയാത്മകമായി, ഊര്‍ജ്ജസ്വലതയോടെ പരിഹാരം കണ്ടുകൊണ്ട് ഏവര്‍ക്കും മാതൃകയാവുകയാണ് എച്ച്എസ്ബിസി.
ലിംഗ അസമത്വം തന്നെയാണ് വിഷയം. എല്ലാകാലത്തും അസമത്വത്തിന് ഇരയാകുന്നത് സ്ത്രീകളാണെന്നതും തര്‍ക്ക രഹിതമായ കാര്യം. വനിതകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് എല്ലാവരും പ്രസംഗിക്കുമെങ്കിലും ഇപ്പോഴും തൊഴിലിടങ്ങളിലെ സ്ത്രീ- പുരുഷ അനുപാതത്തില്‍ വലിയ അന്തരമുണ്ട്. എന്നാല്‍ തങ്ങളുടെ ആഗോള സേവന കേന്ദ്ര (ജിഎസ്‌സി-ഗ്ലോബല്‍ സര്‍വീസ് സെന്റേഴ്‌സ്)ങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് 100 ശതമാനവും പെണ്‍കുട്ടികളെ മാത്രം എടുത്താല്‍ മതിയെന്നാണ് എച്ച്എസ്ബിസിയുടെ തീരുമാനം.
എച്ച്എസ്ബിസി ഇന്ത്യയുടെ കൊല്‍ക്കത്ത, വിശാഖപട്ടണം, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ കേന്ദ്രങ്ങളിലെ ഇന്റേണ്‍ഷിപ്പ് പദ്ധതിയിലാണ് പെണ്‍കുട്ടികളെ മാത്രം ഉള്‍പ്പെടുത്തുക. ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്ന ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമായാണ് ജിഎസ്‌സി ഇന്റേണ്‍ഷിപ്പ് പദ്ധതി-കമ്പനിയുടെ റിക്രൂട്ട്‌മെന്റ് മേധാവി പ്രതീപ് റെഡ്ഡി പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ക്കും വനിതകള്‍ക്കും മുന്‍ഗണന നല്‍കുന്ന നയമാണ് അടുത്തിടെ എച്ച്എസ്ബിസി സ്വീകരിച്ചുപോരുന്നത്. ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തിയതിന് എച്ച്എസ്ബിസിയുടെ കൊല്‍ക്കത്തയിലെ ജിഎസ്‌സിക്ക് കഴിഞ്ഞ വര്‍ഷം നാസ്‌കോമിന്റെ അവാര്‍ഡ് കിട്ടിയിരുന്നു. ആറ് മാസത്തെ പ്രസവാവധി ജീവനക്കാര്‍ക്ക് അനുവദിക്കുന്ന എച്ച്എസ്ബിസി, കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ചൈല്‍ഡ് കെയര്‍ എക്‌സ്‌പെന്‍സ് എന്ന നിലയില്‍ 5000 രൂപയും നല്‍കിവരുന്നു. ഇന്ത്യയില്‍ മാത്രം കമ്പനിക്ക് 32,000ത്തിലധികം ജീവനക്കാരുണ്ട്. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ കൂടുതല്‍ സക്രിയമായ പദ്ധതികള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് എച്ച്എസ്ബിസി.

Comments

comments

Categories: Banking