പാരീസ് ഭീകരാക്രമണത്തിന് ഒരു വയസ്

പാരീസ് ഭീകരാക്രമണത്തിന് ഒരു വയസ്

 
130 പേരുടെ ജീവനെടുത്ത പാരീസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികം ഫ്രാന്‍സ് ഇക്കഴിഞ്ഞ ഞായറാഴ്ച ആചരിച്ചു. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 13നായിരുന്നു ഇസ്ലാമിക സ്റ്റേറ്റ് എന്ന തീവ്രവാദസംഘടന ആക്രമണം നടത്തിയത്. പാരീസ് ഉള്‍പ്പെടെ ആറ് സ്ഥലത്താണ് ആക്രമണം നടത്തിയത്. ഒന്നാം വാര്‍ഷികാചരണത്തോടനുബന്ധിച്ചു പാരീസില്‍ ഞായറാഴ്ച നടന്ന അനുസ്മരണ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദ്, പാരീസ് മേയര്‍ ആനി ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടൊപ്പം ചേരുകയുണ്ടായി.
സമീപകാലത്ത് ഫ്രാന്‍സ് സാക്ഷ്യം വഹിച്ച ഏറ്റവും മാരകമായ ആക്രമണമായിട്ടാണ് 2015 നവംബര്‍ 13ലെ സംഭവത്തെ അടയാളപ്പെടുത്തുന്നത്. രാജ്യത്തെ ആഴത്തില്‍ മുറിവേല്‍പ്പിച്ച ഭീകരാക്രമണം, നിരവധി ചര്‍ച്ചകള്‍ക്കു തുടക്കമിടാനും കാരണമായി. പൗരാവകാശത്തിന്റെ ദീപ സ്തംഭമായി നിലകൊള്ളുന്ന ഫ്രാന്‍സില്‍ പൗരാവകാശങ്ങള്‍ ഹനിക്കപ്പെടും വിധമുള്ള സൈനിക വിന്യാസമാണു ഭീകരാക്രമണത്തിനു ശേഷം ദര്‍ശിക്കാനായത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തലസ്ഥാന നഗരമായ പാരീസിലെയും മറ്റ് പ്രധാന നഗരങ്ങളിലെയും നിരത്തുകളില്‍ പട്ടാളം റോന്തുചുറ്റി. വിനോദകേന്ദ്രങ്ങളും വ്യാപാരകേന്ദ്രങ്ങളും സുരക്ഷാവലയത്തിലായി. ഫ്രാന്‍സുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പരിശോധന കര്‍ശനമാക്കി. ഭീകരാക്രമണത്തിനു ശേഷം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലാവധി അവസാനിക്കാനിരിക്കവേ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 13ന് നീസില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചു കയറ്റുകയുണ്ടായി. 86 പേര്‍ തല്‍ക്ഷണം മരിച്ചു. ഐഎസ് നേതൃത്വത്തില്‍ അരങ്ങേറിയ ഭീകരാക്രമണം തന്നെയായിരുന്നു ഇതും. തുടര്‍ന്ന് 2017 ജനുവരി വരെ രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഫ്രാന്‍സിന്റെ പ്രധാനമന്ത്രി മാന്വല്‍ വാലസ് പറഞ്ഞത് അടിയന്തരാവസ്ഥയുടെ കാലാവധി ജനുവരിയില്‍ വീണ്ടും ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ്.
2015 ജനുവരിയില്‍ ചാര്‍ലെ ഹെബ്‌ദോ എന്ന ആക്ഷേപഹാസ്യ മാസികയുടെ ഓഫീസില്‍ ആക്രമണം നടന്നതിനു ശേഷം ഫ്രാന്‍സില്‍ ഭീകരാക്രമണങ്ങളുടെ പരമ്പരയായിരുന്നു. ഈ ആക്രമണങ്ങളോടെ ഫ്രാന്‍സിലെ ഭരണകൂടത്തിനെതിരേ ശക്തമായ ജനരോഷം ഉയരുകയും ചെയ്തു. ആക്രമണം നടത്തിയവരില്‍ ഭൂരിഭാഗവും ഫ്രാന്‍സില്‍ കുടിയേറിയവരായിരുന്നെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലും ഭരണകൂടത്തിനെതിരേ ജനങ്ങളുടെ പ്രതിഷേധം ഉയരാന്‍ കാരണമായി. കുടിയേറ്റത്തിനെതിരേ ശക്തമായ നടപടി വേണമെന്ന ആവശ്യം ഇതോടെ ഉയര്‍ന്നു. തീവ്ര ദേശീയതയില്‍ അടിസ്ഥാനമായൊരു വികാരം ഇപ്പോള്‍ ഫ്രാന്‍സില്‍ പരക്കേയുണ്ട്. യുകെയില്‍ ബ്രെക്‌സിറ്റും അമേരിക്കയില്‍ ട്രംപും തീവ്രദേശീയ നിലപാട് പുലര്‍ത്തുന്നവരാണ്. കുടിയേറ്റത്തിനെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ച വ്യക്തിയാണ് ട്രംപ്. ബ്രെക്‌സിറ്റും കുടിയേറ്റ വിരുദ്ധ നിലപാടില്‍ അടിസ്ഥാനമാക്കിയ പ്രചരണ പരിപാടിയായിരുന്നു. ഈ രണ്ട് വിജയങ്ങള്‍ ഫ്രാന്‍സിലെ തീവ്ര നിലപാടുകാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് അരങ്ങേറുന്ന ഫ്രാന്‍സില്‍ തീവ്ര വലത് നിലപാട് പുലര്‍ത്തുന്ന നാഷണല്‍ ഫ്രണ്ടും, നേതാവ് മരീന്‍ ലെ പെന്നും വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. 2017 മെയ് മാസം നടക്കുന്ന ഫ്രഞ്ച് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ മരീന് അനായാസ വിജയം പ്രവചിക്കുന്നവരും കുറവല്ല.
നിലവിലെ പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദിനെതിരേയും അദ്ദേഹത്തിന്റെ ഇടത് സര്‍ക്കാരിനെതിരേയും എതിരാളികള്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം അദ്ദേഹത്തിന് ആക്രമണങ്ങളെ തടയാനായില്ല എന്നതാണ്. തീവ്ര മതനിലപാട് പുലര്‍ത്തുന്നവരെ കോടതി ഉത്തരവില്ലാതെ തന്നെ തടഞ്ഞുവയ്ക്കാനും ഇസ്ലാമിക ചിഹ്നങ്ങള്‍ നിരോധിക്കാനും ഫ്രാന്‍സിലെ യാഥാസ്ഥിതിക രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും അത്തരം നിര്‍ദേശങ്ങള്‍ പ്രസിഡന്റ് ഒലാന്ദ് തള്ളിക്കളഞ്ഞിരുന്നു. പൗരാവകാശത്തിനു മേലുള്ള കടന്നുകയറ്റമായിരിക്കും അത്തരം നടപടികളെന്നാണ് ഒലാന്ദ് ഇതിന് പറഞ്ഞ കാരണം. ശത്രുക്കളെ കീഴ്‌പ്പെടുത്താന്‍ ഫ്രാന്‍സിന് സാധിക്കുമെന്നും പൗരാവകാശം ധ്വംസിക്കാതെ തന്നെ അത് സാധിക്കുമെന്നും ഒലാന്ദ് പറയുകയുണ്ടായി. എന്നാല്‍ ഒലാന്ദിന്റെ ഈ സമീപനത്തെ ഫ്രാന്‍സിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുകയാണ്. ഇതാകട്ടെ, മരീന്‍ ലീ പെന്നിനെ പോലുള്ള തീവ്രനിലപാടുകാര്‍ക്ക് ഗുണകരമാകുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. ഏതാനും മാസങ്ങള്‍ മാത്രം പൊതുതെരഞ്ഞെടുപ്പിന് അവശേഷിക്കവേ, ആക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നത് രാഷ്ട്രീയവത്കരിച്ചേക്കുമെന്ന ആശങ്ക ഒലാന്ദിനുണ്ട്. ഈയൊരു കാരണത്താല്‍ അദ്ദേഹം എതിരാളികളുടെ വിമര്‍ശനത്തിനു മറുപടി നല്‍കാനും തയാറാകുന്നില്ല. കഴിഞ്ഞ ദിവസം പാരീസ് ഭീകരാക്രമണത്തിന്റെ വാര്‍ഷികാചരണം നടന്നപ്പോഴും അദ്ദേഹം യാതൊന്നും പരാമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

Comments

comments

Categories: Slider, World