ബ്രെക്‌സിറ്റ്, ട്രംപ് ജയങ്ങള്‍: യൂറോപ്പില്‍ തീവ്രനിലപാടിന് സ്വീകാര്യതയേറുന്നു

ബ്രെക്‌സിറ്റ്, ട്രംപ് ജയങ്ങള്‍:  യൂറോപ്പില്‍ തീവ്രനിലപാടിന് സ്വീകാര്യതയേറുന്നു

ട്രംപിന്റെ വിജയത്തെ യൂറോപ്പ് നടുക്കത്തോടെയാണു വീക്ഷിച്ചത്. ഈ വര്‍ഷം ജൂണ്‍ 23ന് ukയില്‍ നടന്ന ജനഹിതത്തില്‍ ബ്രെക്‌സിറ്റ് അനുകൂലികള്‍ വിജയിച്ചപ്പോള്‍ അനുഭവപ്പെട്ട അതേ ഞെട്ടലാണ് യൂറോപ്പിനുണ്ടായിരിക്കുന്നത്. ബ്രെക്‌സിറ്റ് ഫലം യൂറോപ്പിനെ നിരാശരാക്കിയപ്പോഴും, ഇനി ഇതുപോലെ തീവ്ര നിലപാടുകാര്‍ വിജയം വരിക്കില്ലെന്ന് അവര്‍ ആശ്വസിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വിജയത്തോടെ അവര്‍ കൂടുതല്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു. കാരണം ഫ്രാന്‍സിലും നെതര്‍ലാന്‍ഡ്‌സിലും ജര്‍മനിയിലും അടുത്ത വര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. മറ്റൊരു രാജ്യമായ ഇറ്റലിയിലും ഓസ്ട്രിയയിലും അടുത്ത മാസം ജനഹിതപരിശോധനയും നടക്കുന്നുണ്ട്.

വലതുപക്ഷമായാലും ഇടതുപക്ഷമായാലും കുടിയേറ്റ വിരുദ്ധതയാണു യൂറോപ്പിലെ തീവ്രനിലപാടുകാരുടെ മുഖമുദ്ര. ബ്രെക്‌സിറ്റിന്റെ, ട്രംപിന്റെ വിജയം ലോകത്തെ ഓര്‍മിപ്പിക്കുന്നതും ഈ യാഥാര്‍ഥ്യമാണ്. ഓസ്ട്രിയയില്‍ കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ ഫ്രീഡം പാര്‍ട്ടി അടുത്ത മാസം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഏറെക്കുറെ ജയം ഉറപ്പാക്കിയിരിക്കുകയാണ്.
ഫ്രാന്‍സില്‍ യൂറോപ്പ് വിരുദ്ധ നേതാവ് മരീന്‍ ലീ പെന്‍ അധികാരത്തിലേറാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു. ഇന്നലെ വരെ സാധ്യത കല്‍പിച്ചിരുന്നത് രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തുള്ള അലെന്‍ ജുപ്പിക്കായിരുന്നു. എന്നാല്‍ ജുപ്പിയുടെ നില ഇപ്പോള്‍ പരുങ്ങലിലായിരിക്കുന്നു. കാരണം ഇദ്ദേഹം ഫ്രാന്‍സിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്നു മാത്രമല്ല കുടിയേറ്റത്തെ അനുകൂലിക്കുന്ന നിലപാടും ഇദ്ദേഹത്തിനുണ്ട്. ഭരണകൂടത്തിന്റെ ഭാഗമായിരുന്നവര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ കാണപ്പെടുന്നത്. അമേരിക്കയില്‍ ഹിലരിക്കും ഇതേ അവസ്ഥ തന്നെയായിരുന്നു. അവര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതിനു മുന്‍പ് യുഎസിന്റെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വഹിച്ചിരുന്നു. ഈയൊരു താരതമ്യമാണ് ഫ്രാന്‍സില്‍ അലെന്‍ ജുപ്പിയുടെ കാര്യത്തിലും നടക്കുന്നത്. അദ്ദേഹം ഭരണകൂടത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ തെരഞ്ഞെടുത്താല്‍ ഭരണമാറ്റം പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും അവിടെ പ്രചരണം നടക്കുന്നുണ്ട്. മറുവശത്ത് ലീ പെന്നാവട്ടെ, ഏകദേശം ട്രംപിന്റെ പ്രചരണ രീതി തന്നെയാണ് പിന്തുടരുന്നതും.
യൂറോപ്യന്‍ യൂണിയനെ സംബന്ധിച്ച് മരീന്‍ ലീ പെന്നിന്റെ വിജയം ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കാത്തതായിരിക്കും. അത് ബ്രെക്‌സിറ്റിനേക്കാള്‍ അവരെ അസ്വസ്ഥമാക്കുകയും ചെയ്യും. തീര്‍ച്ച. ബ്രെക്‌സിറ്റ് ഫലം യൂറോപ്പിന് ഉള്‍ക്കൊള്ളാനെങ്കിലും സാധിച്ചു. എന്നാല്‍ ഫ്രാന്‍സ് അംഗത്വം ഉപേക്ഷിക്കുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ തകരുമെന്ന കാര്യം തീര്‍ച്ചയാണ്. മരീന്‍ ലീ പെന്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുയാണെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ഉപേക്ഷിക്കുമെന്ന കാര്യ ഏറെക്കുറെ ഉറപ്പാണ്.
ഫ്രാന്‍സിനു പുറമേ, നെതര്‍ലാന്‍ഡ്‌സും അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. അവിടെ തീവ്രവലതു പക്ഷ പാര്‍ട്ടിയായ ഡച്ച് ഫ്രീഡം പാര്‍ട്ടിയുടെ നേതാവ് ഗീര്‍ത്ത് വൈല്‍ഡേഴ്‌സിന് യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ട്രംപിന്റെ ജയം സമ്മാനിക്കുന്ന ആത്മവിശ്വാസം നിസാരമല്ല. രാഷ്ട്രീയം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കുകയാണെന്നും അമേരിക്കയില്‍ സംഭവിച്ചത് യൂറോപ്പിലും നെതര്‍ലാന്‍ഡ്‌സിലും സംഭവിക്കുമെന്നും കഴിഞ്ഞ ദിവസം ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് പറയുകയുണ്ടായി.
2017ല്‍ യൂറോപ്പിന്റെ ഹൃദയഭാഗമായ ജര്‍മനിയിലും തെരഞ്ഞെടുപ്പ് അരങ്ങേറുന്നുണ്ട്. പശ്ചിമ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയില്‍ അടുത്ത മാസമാണ് പൊതു തെരഞ്ഞെടുപ്പ്. ഓസ്ട്രിയയില്‍ തീവ്രവലതു നിലപാട് പുലര്‍ത്തുന്ന ഫ്രീഡം പാര്‍ട്ടിയുടെ നോര്‍ബര്‍ട്ട് ഹോഫര്‍ അധികാരത്തിലേറുമെന്ന് ഏറെക്കുറെ ഉറപ്പായി.1945നു ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് തീവ്രവലതു പക്ഷ നിലപാടുള്ള പാര്‍ട്ടിക്ക് വമ്പിച്ച സ്വീകാര്യതയേറുന്നത്. കുടിയേറ്റ വിരുദ്ധ നിലപാട് പുലര്‍ത്തുന്ന പാര്‍ട്ടിയാണ് നോര്‍ബര്‍ട്ട് ഹോഫറുടെ ഫ്രീഡം പാര്‍ട്ടി.
ഇറ്റലിയില്‍ അടുത്ത മാസം നാലിന് ജനഹിത പരിശോധന അരങ്ങേറുകയാണ്. ഭരണഘടനാ പരിഷ്‌കാരത്തിനു വേണ്ടിയാണ് ജനഹിതം. ഇറ്റലിയില്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുടെ ഭാവിക്ക് ഭീഷണി നേരിടുന്നതാണ് ജനഹിതം. ഇടത്പക്ഷ പാര്‍ട്ടിയായ ബെപ്പോ ഗ്രില്ലോയുടെ നിരന്തരമായ ആവശ്യത്തിനു ശേഷമാണ് ജനഹിതം അനുവദിക്കാന്‍ റെന്‍സി തീരുമാനിച്ചത്. ജനഹിതം വിജയിക്കുകയാണെങ്കില്‍ രാജിവയ്ക്കുമെന്ന് റെന്‍സി പ്രസ്താവിച്ചിട്ടുണ്ട്. അതേസമയം പോളണ്ടിലും ഹംഗറിയിലും വലത്പക്ഷ ദേശീയവാദികള്‍ക്ക് പ്രാധാന്യമേറി വരികയാണെന്നാണു പുതിയ റിപ്പോര്‍ട്ട്.

Comments

comments

Categories: World