200 ശതമാനം പിഴ എങ്ങിനെ ചുമത്തുമെന്നറിയാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍

200 ശതമാനം പിഴ എങ്ങിനെ ചുമത്തുമെന്നറിയാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍

മുംബൈ: 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചശേഷം ബാങ്കുകളിലെത്തുന്ന കള്ളപ്പണത്തിന് എന്തടിസ്ഥാനത്തില്‍ 200 ശതമാനം പിഴ ചുമത്തുമെന്നറിയാതെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍. നിയമപ്രകാരം ഇതു സാധ്യമാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ഒരാള്‍ ബാങ്കില്‍ ഒരു കോടി രൂപ നിക്ഷേപിക്കുകയും 33 ശതമാനം നികുതി അടയ്ക്കുകയും ഈ വരുമാനം 2017-18 വര്‍ഷത്തെ ഇന്‍കം ടാക്‌സ് റിട്ടേണില്‍ വ്യക്തമാക്കുകയും ചെയ്താല്‍ എന്തുചെയ്യാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ബന്ധപ്പെട്ട യോഗങ്ങളില്‍ ഈ പ്രശ്‌നം അവതരിപ്പിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത്തരത്തില്‍ പിഴ ചുമത്തുന്നതിന് ഇന്‍കം ടാക്‌സ് നിയമത്തില്‍ മുന്‍കാല പ്രാബല്യത്തോടെ ഭേദഗതി കൊണ്ടുവരേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

200 ശതമാനം പിഴ ചുമത്തുന്നതിലൂടെ വെളിപ്പെടുത്തപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവിലേക്ക് പോകും. മുഴച്ചുനില്‍ക്കുന്ന ബാങ്ക് നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിന് തീര്‍ച്ചയായും വെല്ലുവിളി സൃഷ്ടിക്കും. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, നിഷ്‌ക്രിയ വായ്പ എന്നിവയുമായി ബന്ധപ്പെട്ട് ചെറുകിട-ഇടത്തരം ബിസിനസ്സുകാരും വ്യാപാരികളും വ്യക്തിഗതമായി കടമെടുത്തവരും പണമടയ്ക്കുമ്പോള്‍ പ്രയാസം നേരിടാം. 5-10 ലക്ഷം മുതല്‍ 5-10 കോടി വരെ വായ്പാ ബാധ്യതയുള്ളവരായിരിക്കും ഇവര്‍. വായ്പാകുടിശ്ശിക തീര്‍ക്കുന്നതിനായി ഒരു വ്യക്തി 20 കോടി രൂപ നിക്ഷേപിച്ചാല്‍ അത് നിലവില്‍ സംശയകരമായി കണക്കാക്കപ്പെടുമെന്നും ഇക്കാര്യം തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കഴിയില്ലെന്നും ബാങ്ക് അധികൃതര്‍ പറയുന്നു.

 

Comments

comments

Categories: Slider, Top Stories