പുതിയ എഥനോള്‍ നിര്‍മാണ പ്ലാന്റ് ഭട്ടിന്‍ഡയില്‍ നിര്‍മിക്കും: പ്രധാന്‍

പുതിയ എഥനോള്‍ നിര്‍മാണ പ്ലാന്റ് ഭട്ടിന്‍ഡയില്‍ നിര്‍മിക്കും: പ്രധാന്‍

 

ലുധിയാന: എഥനോള്‍ നിര്‍മാണത്തിനുവേണ്ടി 500 കോടി രൂപ മുതല്‍മുടക്കില്‍ ഭട്ടിന്‍ഡയില്‍ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്ന് കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. അടുത്ത 15 ദിവസത്തിനുള്ളില്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതിക്ക് തറക്കല്ലിടുന്നതും ധര്‍മേന്ദ്ര പ്രധാന്‍ ആയിരിക്കും. ലുധിയാനയില്‍ നടന്ന പരിപാടിയില്‍ ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാന്യ വിളവെടുപ്പിനുശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പുതിയ പ്ലാന്റിലൂടെ എഥനോളാക്കി മാറ്റുമെന്നും ഇതിലൂടെ കര്‍ഷകരെ അധിക വരുമാനം നേടാന്‍ സഹായിക്കുന്നതിനൊപ്പം ഇത്തരം അവശിഷ്ടങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന മലിനീകരണത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാനും സാധിക്കുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ധാന്യാവശിഷ്ടങ്ങളില്‍ നിന്നും ബയോ-ഗ്യാസ് നിര്‍മിക്കുന്നതിലൂടെ സുസ്ത്യാഹര്‍മായ പദ്ധതിക്കാണ് തുടക്കം കുറിക്കുന്നതെന്ന് പഞ്ചാബ് ഉപ മുഖ്യമന്ത്രി സുഖ്ബീര്‍ ബാദല്‍ പറഞ്ഞു. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിലൂടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരം പ്ലാന്റുകള്‍ നിര്‍മിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയുടെ ഭാഗമായി പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചതായും പ്രഖ്യാപിക്കപ്പെട്ടു. 12 സ്ത്രീകള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷനും ചടങ്ങില്‍ ധര്‍മേന്ദ്ര പ്രധാന്‍ വിതരണം ചെയ്തു. പഞ്ചാബിലെ ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള ബാക്കി ഗ്യാസ് കണക്ഷനുകള്‍ അടുത്ത 50 ദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ 100% എല്‍പിജി കണക്ഷന്‍ യാഥാര്‍ത്ഥ്യമാകുന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Politics

Related Articles