എടിഎമ്മുകള്‍ കാര്യക്ഷമമാക്കാന്‍ കര്‍മസമിതി; കറണ്ട് എക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം

എടിഎമ്മുകള്‍ കാര്യക്ഷമമാക്കാന്‍ കര്‍മസമിതി;  കറണ്ട് എക്കൗണ്ടുകളില്‍ നിന്ന് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം

 

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിനു പിന്നാലെ രാജ്യത്ത് ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി സാഹചര്യങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. പുതിയ 500, 2000 രൂപാ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിക്കുന്നതിന് യോഗത്തില്‍ ധാരണയായി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു, ഊര്‍ജവകുപ്പു മന്ത്രി പിയൂഷ് ഗോയല്‍, സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്, ധനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച യോഗം ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്.

പിന്‍വലിച്ച നോട്ടുകള്‍ക്കു പകരം ഏര്‍പ്പെടുത്തിയ ബദല്‍ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാതിരുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു വേണ്ടിയൈണ് മോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നത്. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിന് രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചു പണം പിന്‍വലിക്കാന്‍ സാധിക്കുന്ന മൈക്രോ എടിഎമ്മുകള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ യോഗം ചര്‍ച്ച ചെയ്തതായി സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു.

അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ചില പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഇടപാടുകള്‍ക്ക് അനുവദിച്ച സമയപരിധി നവംബര്‍ 14 മുതല്‍ 24 വരെ നീട്ടാനും ധാരണയായി. കറണ്ട് എക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ആഴ്ച്ചയില്‍ 50,000 രൂപ എന്ന നിലയിലേക്ക് ഉയര്‍ത്തുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ പുതിയ 2,000 രൂപയുടെ നോട്ടുകള്‍ എടിഎമ്മുകളില്‍ നിറയ്ക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ജനങ്ങള്‍ക്കു പണം ലഭ്യമാക്കുന്നതിനു സ്വീകരിച്ച നടപടികളെക്കുറിച്ചു പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും സാമ്പത്തികകാര്യ സെക്രട്ടറി അറിയിച്ചു.
മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക വൈകല്യമുള്ളവര്‍ക്കുമായി ബാങ്കുകളില്‍ പ്രത്യേകം ‘ക്യൂ’ ഏര്‍പ്പെടുത്തുക, പഴയ നോട്ടുകള്‍ മാറ്റി പുതിയതു വാങ്ങാന്‍ മാത്രം ബാങ്കിലെത്തുന്നവര്‍ക്ക് പ്രത്യേകം ‘ക്യൂ’ ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും യോഗം മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Slider, Top Stories

Related Articles