നോട്ട് നിരോധനം: സംസ്ഥാനനികുതിവരുമാനത്തില്‍ കുത്തനെ ഇടിവ്; ഈ മാസം വളര്‍ച്ചാ നിരക്ക് രണ്ടക്കം കടക്കില്ല

നോട്ട് നിരോധനം:  സംസ്ഥാനനികുതിവരുമാനത്തില്‍ കുത്തനെ ഇടിവ്;  ഈ മാസം വളര്‍ച്ചാ നിരക്ക് രണ്ടക്കം കടക്കില്ല

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ചയോളം ആയിട്ടും വിവിധ വ്യാപാര, വ്യവസായ മേഖലകളില്‍ തുടരുന്ന തളര്‍ച്ച സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും ബാധിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒക്‌റ്റോബറില്‍ 16.7 ശതമാനം എന്ന പ്രതീക്ഷാ നിര്‍ഭരമായ വളര്‍ച്ചാ നിരക്ക് സംസ്ഥാനം കൈവരിച്ചിരുന്നു. നികുതി വരുമാനം ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീവ്ര പരിശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ തൊട്ടുപിന്നാലെയാണ് ഈ തിരിച്ചടി ഉണ്ടായിരിക്കുന്നത്. നവംബറിലെ വളര്‍ച്ചാ നിരക്ക് രണ്ടക്കം കടക്കില്ലെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.
സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തെയും ദൈനംദിന ക്രയവിക്രയത്തെയും ബാധിക്കുന്ന തീരുമാനം പ്രഖ്യാപിക്കും മുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തുന്നതിനോ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നതിനോ കേന്ദ്ര സര്‍ക്കാര്‍ തയാറാകാതിരുന്നത് കടുത്ത ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് രാത്രി തന്നെ ഈ പ്രഖ്യാപനം ജനജീവിതത്തെയും സംസ്ഥാനത്തെ ട്രഷറിയുടെയും വിവിധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ദോഷകരമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടിയിരുന്നു.
നോട്ടുകള്‍ റദ്ദാക്കുന്നതിനുള്ള തീരുമാനം വന്നതിനു ശേഷം കെഎസ്എഫ്ഇ യുടെ വരുമാനത്തില്‍ 93 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ നേരിട്ടുട്ടള്ളത്. ചിട്ടികള്‍ പലതും പുനഃക്രമീകരിക്കേണ്ടി വന്നു. ട്രഷറി ഇടപാടുകളും സാധാരണ നിലയിലെത്താന്‍ ദിവസങ്ങളെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബാങ്കിലെ പലിശയിനത്തില്‍ ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ട്രഷറിയിലെത്തുന്ന അത്യാവശ്യക്കാര്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്നത്. എന്നാല്‍ കറന്‍സി വിനിമയത്തിലെ പ്രശ്‌നം കാരണം ട്രഷറിയിലേക്കെത്തേണ്ട പണം സ്വീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്.
നവംബര്‍ എട്ടിനു മുമ്പ് പ്രതിദിനം ശരാശരി 28 കോടി രൂപയുടെ വില്‍പ്പന നടന്നിരുന്ന ലോട്ടറി മേഖലയില്‍ ഇപ്പോള്‍ ഒരുദിവസം നടക്കുന്നത് എട്ടു കോടി രൂപയില്‍ താഴെയുള്ള വില്‍പ്പന മാത്രം. നാലുനറുക്കെടുപ്പുകള്‍ ഇതിനോടകം മാറ്റിവെച്ചു കഴിഞ്ഞു. ബിവ്‌റെജസ് കോര്‍പ്പറേഷനില്‍ നിന്നുള്ള വരുമാനത്തിലും കനത്ത ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഭൂമി രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളിലും വലിയ ഇടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്.

Comments

comments

Categories: Slider, Top Stories