വിജയത്തിന്റെ ചുവടുവയ്പ്

വിജയത്തിന്റെ ചുവടുവയ്പ്

 

500-logo1991-ല്‍ കാന്‍ബാങ്ക് മ്യൂച്വല്‍ഫണ്ടിന്റെ മുബൈയിലെ ഹെഡ്ഓഫീസില്‍ ജനറല്‍ മാനേജരുടെ സ്റ്റെനോ ആയാണ് പാലക്കാട് സ്വദേശിയായ വെങ്കിടാചലം ജോലിയില്‍ പ്രവേശിച്ചത്. ഹര്‍ഷദ് മേത്ത കുംഭകോണത്തിന് ശേഷം ഓഹരി വിപണിയിലും , മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരുന്ന കാലഘട്ടത്തില്‍ മ്യൂച്വല്‍ ഫണ്ട് വിപണനത്തിന്റെ ചുമതലയുള്ള ഓഫീസറായി അദ്ദേഹം മദ്രാസിലെത്തി. തുടര്‍ന്ന് 1999-ല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ചുമതലയുള്ള ക്ലസ്റ്റര്‍ ഹെഡ്ഡായി കൊച്ചിയിലെത്തി. അക്കാലത്ത് ‘സീറോ ഗ്രോത്ത്’ – ന്റെ പേരില്‍ കേരളത്തിലെ ഓഫീസ് അടച്ചുപൂട്ടാനുള്ള ആലോചനയിലായിരുന്നു കാന്‍ബാങ്ക് മ്യൂച്വല്‍ ഫണ്ട്. പിന്നീടുള്ള കാലം സ്ഥിരമായി വളര്‍ച്ചയുടെയും നേട്ടങ്ങളുടേയും നാളുകളായിരുന്നു കമ്പനിക്കും വെങ്കിടാചലത്തിനും. മുമ്പ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തിയിരുന്നവരേയും മറ്റ് സാധ്യതയുള്ള കസ്റ്റമേഴ്‌സിനേയും അവരുടെ വീടുകളിലെത്തി സന്ദര്‍ശിച്ച് മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞു മനസിലാക്കി ഇവരെ വീണ്ടും നിക്ഷേപകരാക്കി. അവരുടെ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും ത്രൈമാസ ഡിവിഡന്റ് ചെക്കുകളും കഴിയുന്നതും നേരില്‍ കൊണ്ടുപോയി കൊടുത്ത് അവരില്‍ കമ്പനിയെക്കുറിച്ചുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു. മൊബീല്‍ ഫോണുകളും ഇ-മെയിലുകളും ഇല്ലാതിരുന്ന അക്കാലത്ത് വ്യക്തിഗത ബന്ധങ്ങള്‍ക്കും നേരിട്ടുള്ള ഇടപെടലുകള്‍ക്കും വളരെ പ്രാധാന്യമുണ്ടായിരുന്നു. വിപണിയില്‍ മാറ്റങ്ങളുണ്ടാകുമ്പോള്‍ അതിന്റെ യാഥാര്‍ഥ്യങ്ങളും തിരിച്ചുവരുമെന്ന പ്രത്യാശയും നിക്ഷേപകരെ നേരില്‍ക്കണ്ട് സംസാരിച്ച് ബോധ്യപ്പെടുത്തി കൊടുത്തു. ഇത്തരത്തിലുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെയും സമര്‍പ്പണബുദ്ധിയുള്ള സേവനത്തിന്റെയും പ്രതിഫലനമെന്നോണം കാന്‍ബാങ്ക് മ്യൂച്വല്‍ഫണ്ട് കേരളത്തില്‍ വന്‍ വളര്‍ച്ച സ്വന്തമാക്കി. ഏറ്റവുമൊടുവില്‍ ക്യാപിറ്റല്‍ പ്രൊട്ടക്ഷന്‍ -7 എന്ന നിക്ഷേപ പദ്ധതിയിലൂടെ 55 കോടിയോളം രൂപയാണ് കേരളത്തിലെ ജനങ്ങള്‍ ഈ പദ്ധതിയിലേക്കു നിക്ഷേപിച്ചത്.
”തുടര്‍ച്ചയായ പോരാട്ടങ്ങളുടേതായിരുന്നു ആദ്യത്തെ കുറേ വര്‍ഷങ്ങള്‍. ഒടുവില്‍ സ്ഥിര പരിശ്രമത്തിനും സമര്‍പ്പണത്തിനും എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യാനാവുമെന്നു തെളിഞ്ഞു,” വെങ്കിടാചലം പറയുന്നു. താന്‍ ശരിയെന്നു വിശ്വസിച്ച സംഗതിയില്‍ ഉറച്ചുനിന്ന് വിജയം നേടിയ നാരായണ മൂര്‍ത്തിയും രജനീകാന്തുമാണ് പ്രൊഫഷനില്‍ വെങ്കിടാചലത്തിന്റെ റോള്‍ മോഡലുകള്‍. ഒരുകാലത്ത് സീറോ ഗ്രോത്ത് രേഖപ്പെടുത്തിയ കമ്പനിയുടെ കേരളത്തിലെ പ്രവര്‍ത്തനം ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാണ്.
”ഏറ്റവും കൂടുതല്‍ പ്രോഫിറ്റ് രേഖപ്പെടുത്തുന്ന രാജ്യത്തെ ഓഫീസുകളിലൊന്ന് കാനറാ റബേക്കോയുടെ കേരളത്തിലേതാണ്,” വെങ്കടാചലം പറയുന്നു.
”കേരളത്തിലെ ഏറ്റവും സ്വീകാര്യതയുള്ള മ്യൂച്വല്‍ഫണ്ട് ബ്രാന്‍ഡുകളിലൊന്നായി കനറാ റബേക്കോയെ മാറ്റുക , കമ്പനിയിലെ ഇന്ത്യയില്‍ തന്നെ ഏറ്റവും പ്രമുഖ സെയില്‍സ് പേഴ്‌സണ്‍ ആയി മാറുക, ഇത് രണ്ടുമാണ് എന്റെ ആഗ്രഹം,” 25 വര്‍ഷമായി ഈ ബ്രാന്‍ഡിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും അതിനു വേണ്ടി ഔദ്യോഗിക ജീവിതം സമര്‍പ്പിക്കുകയും ചെയ്ത വെങ്കിടാചലത്തിന്റെ വാക്കുകള്‍ തീര്‍ച്ചയായും മറ്റുള്ളവര്‍ക്കും പ്രചോദനമാകേണ്ടതാണ്.

Comments

comments

Categories: FK Special