ദീര്‍ഘ വീക്ഷണമില്ലാത്ത നടപടി

ദീര്‍ഘ വീക്ഷണമില്ലാത്ത നടപടി

 

കള്ളപ്പണത്തിനെതിരെയുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു നവംബര്‍ എട്ടിന് 500, 1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് ചുവടുവെയ്ക്കുന്ന ഒരു ലോകത്തെ സംബന്ധിച്ചിടത്തോളം വളരെ ആശാവഹമായ കാര്യം തന്നെയായിരുന്നു അത്. എന്നാല്‍ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ നടപ്പാക്കിയ ഈ പരിഷ്‌കരണം സാധാരണക്കാരായ ജനങ്ങളെയാണ് വലച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് കാര്യങ്ങളെല്ലാം സുഗമമാകുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് എടിഎം പഴയ രീതിയിലേക്കെത്താന്‍ രണ്ടാഴ്ച്ചയെങ്കിലും എടുക്കുമെന്നാണ്.

പണരഹിത ഇടപാടുകള്‍ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തക്ക സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലില്ല. സാധാരണക്കാരന് ഇന്നത്തെ അവസ്ഥയില്‍ അത് അസാധ്യമാണു താനും. അതുകൊണ്ടുതന്നെ അവന്‍ അധ്വാനിച്ചുണ്ടാക്കിയ നോട്ടുകള്‍ കൈമാറി തന്നെയാണ് ജീവിതം മുന്നോട്ടു നയിക്കുന്നത്. ഇത്തരമൊരു പരിതസ്ഥിതിയില്‍ ആ നോട്ടുകള്‍ കിട്ടാന്‍ ഒരു ദിവസം മുഴുവന്‍ ക്യൂ നില്‍ക്കണമെന്ന ദയനീയ അവസ്ഥ സൃഷ്ടിച്ചെടുത്തത് ശരിക്കും യുക്തിയില്ലാത്ത പ്രവണത തന്നെയാണ്. എല്ലാവരെയും അമ്പരപ്പിച്ച് തീരുമാനം പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രിക്കോ അദ്ദേഹത്തിന്റെ ഉപദേശകര്‍ക്കോ ജനങ്ങളുടെ ഈ ദുരിതം മുന്‍കൂട്ടിക്കാണാന്‍ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? വളരെ മികച്ചൊരു തീരുമാനം അത്യന്തം മോശമായ രീതിയില്‍ നടപ്പിലാക്കിയതാണ് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കാണാന്‍ സാധിച്ചത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയില്‍ ഘട്ടംഘട്ടമായിട്ടായിരുന്നു ഇത് നടപ്പാക്കേണ്ടിയിരുന്നത്.

പലയിടങ്ങളിലും നോട്ട് മാറിക്കിട്ടുന്നതിനു വേണ്ടി ക്യൂ നിന്ന് ആളുകള്‍ കുഴഞ്ഞുവീണ് മരിക്കുന്നതായി വരെ റിപ്പോര്‍ട്ടുകളുണ്ട്. എന്ത് സാമ്പത്തിക പരിഷ്‌കരണമായാലും അത് ജനങ്ങളുടെ ജീവിതം ലളിതമാക്കുന്നതിനും ഇടപാടുകള്‍ സുഗമമാക്കുന്നതിനുമാകണം. ക്യൂ നില്‍ക്കുന്ന കാര്യം പറയുമ്പോള്‍ അവിടെ ദേശസ്‌നേഹം വേണമെന്നെല്ലാം പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇത്തരമൊരു നീക്കം നടത്തിയ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യ ശുദ്ധിയെ ഒരിക്കലും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ നടപ്പാക്കിയ രീതി അമ്പേ പാളിപ്പോയെന്ന് പറയാതെ വയ്യ. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതു പോലെ സാധാരണക്കാരായ ജനങ്ങളെ മാത്രമാണ് കേന്ദ്ര നടപടി ബുദ്ധിമുട്ടിച്ചത്. പലയിടങ്ങളിലും അരാജകത്വത്തിന് സമാനമായ അന്തരീക്ഷമാണ്. പണമുള്ള എടിഎമ്മുകള്‍ തേടി അലയുന്ന അവസ്ഥയാണ് ജനത്തിന് നേരിടേണ്ടിവരുന്നത്. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്ന എലിറ്റ് വിഭാഗക്കാരെ ഇത് ബാധിക്കില്ലായിരിക്കും. എല്ലാ ഇടപാടുകളും ഇലക്ട്രോണിക് രൂപത്തില്‍ നടത്താനുള്ള സൗകര്യം അവര്‍ക്ക് ചുറ്റുമുണ്ട്. ഇതിനെ ഒരിക്കലും സാമാന്യവല്‍ക്കരിക്കരുത്. സമാന്തരമായുള്ള സംവിധാനങ്ങളൊരുക്കാതെ ഈ സാഹസത്തിന് നരേന്ദ്ര മോദി ഒരുമ്പെട്ടത് വലിയ തിരിച്ചടിയായിരിക്കും അദ്ദേഹത്തിന് നല്‍കുക. ചുരുങ്ങിയത് ഡിസംബര്‍ 30 വരെയെങ്കിലും പഴയ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്ന സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈ സമയമെടുത്ത് പുതിയ നോട്ടുകള്‍ എടിഎമ്മുകളിലും ബാങ്കുകളിലും എത്തിക്കാവുന്നതേയുള്ളൂ. കുറ്റമറ്റ രീതിയില്‍ നോട്ടുകളുടെ വിതരണം ഉറപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പലയിടത്തും എടിഎമ്മുകള്‍ക്കും ബാങ്കുകള്‍ക്കും നേരെ ജനങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. നട്ടവെയിലത്ത് ക്യൂ നിന്ന് 100 രൂപയ്ക്ക് വേണ്ടി സാധാരണ ഇന്ത്യന്‍ പൗരന്‍ ബുദ്ധിമുട്ടുമ്പോള്‍ വിദേശ സന്ദര്‍ശനത്തിലെ പ്രധാനമന്ത്രിയെ കാണുമ്പോള്‍ വികാരവിക്ഷോഭമുണ്ടാകുന്നതില്‍ തെറ്റ് പറയാന്‍ സാധിക്കില്ല. തിയറികള്‍ക്ക് ഉപരിയായി ജനങ്ങളുടെ പ്രായോഗിക ജീവിതത്തിലെ മാറ്റങ്ങള്‍ മുന്നില്‍കണ്ടാകണം പരിഷ്‌കരണങ്ങള്‍ നടപ്പാക്കേണ്ടത്. ഹാര്‍വാഡിലും കൊളംബിയ സര്‍വകലാശാലയിലും പഠിച്ചതും പഠിപ്പിക്കുന്നതുമായ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രായോഗികവല്‍ക്കരണം കാണാത്ത തിങ്ക് ടാങ്കുകളല്ല ഒരു ജനകീയ പ്രധാനമന്ത്രിക്ക് ചുറ്റും വേണ്ടത്.

Comments

comments

Categories: Editorial