കാപിറ്റല്‍ ഫസ്റ്റ് 340 കോടി നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

കാപിറ്റല്‍ ഫസ്റ്റ് 340 കോടി നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നു

 

മുംബൈ: ബാങ്കിതര ധനകാര്യ സ്ഥാപനമായ കാപിറ്റല്‍ ഫസ്റ്റ് 340 കോടി രൂപ നിക്ഷേപ സമാഹരണത്തിനൊരുങ്ങുന്നു. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപ നിധിയായ ജിഐസി യുടെ അനുബന്ധ സ്ഥാപനമായ കലാഡിയം കാപിറ്റലിന് ഒരു ഓഹരിക്ക് 712.7 രൂപ മുഖവിലയില്‍ 47.8 ലക്ഷത്തിന്റെ ഓഹരികള്‍ പ്രിഫറന്‍ഷ്യല്‍ ഇഷ്യു അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുള്ളതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ഈ നിക്ഷേപത്തോടെ കാപിറ്റല്‍ ഫസ്റ്റിന്റെ മൊത്തം മൂലധനം 3,263 കോടി രൂപയായി വര്‍ധിച്ചു. മൂലധന ക്ഷമത 21.6 ശതമാനത്തിലേക്ക് ഉയരുമെന്നുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. കാപിറ്റല്‍ ഫസ്റ്റിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലധനം കലാഡിയം നല്‍കുമെന്നും മൂലധനക്ഷമതാ നിരക്ക് 19.1 ശതമാനത്തില്‍ നിന്നും 21.6 ശതമാനമായി വര്‍ധിക്കുന്നതി കമ്പനിയുടെ മൂലധന അടിത്തറ ഭദ്രമാക്കുന്നതിനും ഭാവി വളര്‍ച്ചാ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും സഹായകമാകുമെന്നും കാപിറ്റല്‍ ഫസ്റ്റ് സ്ഥാപകനും ചെയര്‍മാനുമായ വി വിദ്യാനന്ദന്‍ അഭിപ്രായപ്പെട്ടു.

നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 40 ശതമാനം വര്‍ധനയോടെ കപിറ്റല്‍ ഫസ്റ്റ് 57.6 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 41.0 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ചെറുകിടവായ്പ വിഭാഗം 90.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍കമ്പനിയുടെ ആസ്തി (എയുഎം) 32 ശതമാനം വര്‍ധിച്ച് 17,937 കോടിയിലെത്തിയതായും കമ്പനി റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം നിഷ്‌ക്രിയ ആസ്തിയില്‍ 0.98 ശതമാനം വര്‍ധനയും അറ്റ നിഷ്‌ക്രിയ ആസ്തിയില്‍ 0.45 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

Comments

comments

Categories: Branding