അപ്പോളോ ടയേഴ്‌സ് ആന്ധ്രയില്‍ പ്ലാന്റ് സ്ഥാപിക്കും

അപ്പോളോ ടയേഴ്‌സ്  ആന്ധ്രയില്‍ പ്ലാന്റ് സ്ഥാപിക്കും

ന്യൂഡെല്‍ഹി: അപ്പോളോ ടയേഴ്‌സ് ആന്ധ്ര പ്രദേശിലെ ശ്രീ സിറ്റിയില്‍ ഫാക്റ്ററി സ്ഥാപിക്കുന്നു. ഇതിലേക്കായി 525 കോടി രൂപ നിക്ഷേപിക്കും. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തില്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും ഇതു സംബന്ധിച്ച കരാറിലെത്തി. 250 ഏക്കര്‍ വിസ്തൃതിയില്‍ പണിയുന്ന അഞ്ചാമത്തെ അപ്പോളോ പ്ലാന്റായിരിക്കുമിത്. ബൈക്ക്, സ്‌കൂട്ടര്‍, പിക്അപ്പ് എന്നിവയുടെ ടയറുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കും.

ജനുവരിയില്‍ പ്ലാന്റിന്റെ പണി ആരംഭിക്കുമെന്നും 2017ല്‍ തന്നെ ടയര്‍ നിര്‍മാണം തുടങ്ങുമെന്നും അപ്പോളോ ടയേഴ്‌സ് ചെയര്‍മാന്‍ ഒ എസ് കന്‍വര്‍ പറഞ്ഞു. അപ്പോളോ ടയേഴ്‌സിന്റെ സിംഗപ്പൂര്‍ ആസ്ഥാനമാക്കിയ സഹകമ്പനിയായ അപ്പോളോ ടയേഴ്‌സ് ഹോള്‍ഡിംഗ്‌സ് പ്ലാന്റില്‍ നിക്ഷേപം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതുകൂടാതെ രാജ്യത്തെ ആശുപത്രി, ലോജിസ്റ്റിക് വിഭാഗങ്ങളില്‍ നിക്ഷേപിക്കാന്‍ അപ്പോളോ ഗ്രൂപ്പിന് പദ്ധതിയുണ്ട്. ആന്ധ്രയുടെ തലസ്ഥാനമാകാന്‍ ഒരുങ്ങുന്ന അമരാവതിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ കമ്പനി ആലോചിക്കുന്നു. കൂടാതെ അപ്പോളോ ലോജിസ്റ്റിക് സൊലൂഷനിലൂടെ ലോജിസ്റ്റിക് മേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കന്‍വര്‍ അറിയിച്ചു.
സംസ്ഥാനത്ത് ലോകോത്തര നിലവാരമുള്ള നിര്‍മാണ യൂണിറ്റിന് അപ്പോളോ ടയേഴ്‌സ് നിക്ഷേപം നടത്തുകയാണ്. ആന്ധ്രയില്‍ ബിസിനസ് തുടങ്ങുന്ന കമ്പനികള്‍ക്ക് മികച്ച അടിസ്ഥാന സൗകര്യമൊരുക്കുന്ന ദൗത്യം തുടരുമെന്ന് ചന്ദ്രബാബു നായിഡു സൂചിപ്പിച്ചു.
നിലവില്‍ അപ്പോളോ ടയേഴ്‌സിന് കേരളത്തില്‍ രണ്ടും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഓരോ പ്ലാന്റുകളും വീതമുണ്ട്.

Comments

comments

Categories: Branding