ഡെല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം ഹെവി ഡീസല്‍ വാഹനങ്ങളെ നിരോധിച്ചു

ഡെല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം ഹെവി  ഡീസല്‍ വാഹനങ്ങളെ നിരോധിച്ചു

ന്യൂഡെല്‍ഹി: പതിനഞ്ച് വര്‍ഷത്തിലേറെ കാലപ്പഴക്കമുള്ള രണ്ട് ലക്ഷത്തോളം ഹെവി ഡീസല്‍ വാഹനങ്ങള്‍ക്ക് ഡെല്‍ഹിയില്‍ നിരോധനമേര്‍പ്പെടുത്തി. ഈ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും അനുവദിക്കില്ല. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു പ്രകാരം 1.91 ലക്ഷം വാഹനങ്ങളുടെ പേര് രജിസ്റ്ററില്‍ നിന്ന് മാറ്റിയതായി ഗതാഗത വകുപ്പ് അറിയിച്ചു.
അന്തരീക്ഷ മലിനീകരണം ചെറുക്കുന്നതിനുവേണ്ടിയാണ് അധികൃതര്‍ ഹെവി ഡീസല്‍ വാഹനങ്ങളെ വിലക്കിയത്. നിരോധിച്ച വാഹനങ്ങളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് ട്രാഫിക് പൊലീസിന് കൈമാറിയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിരത്തില്‍ നിന്നും പിന്‍വലിക്കുന്ന 1.91 ലക്ഷം ഡീസല്‍ വാഹനങ്ങളുടെ വിവരങ്ങള്‍ പട്ടികയിലുണ്ട്. വാഹന ഉടമസ്ഥന്റെ പേര്, രജിസ്‌ട്രേഷന്‍ നമ്പര്‍, മേല്‍വിലാസം എന്നിവ അതില്‍ ഉള്‍പ്പെടും. നിരോധിച്ച വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങുന്നതിനും റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുവാദമുണ്ടായിരിക്കുകയില്ല.
നിരത്തിലിറക്കി പത്തു മുതല്‍ പതിനഞ്ച് വര്‍ഷം കാലാവധിയിലെത്തിയ ഡീസല്‍ വാഹനങ്ങളുടെ ലിസ്റ്റും ഗതാഗത വകുപ്പ് തയാറാക്കിക്കഴിഞ്ഞു. ഏകദേശം ഒരു ലക്ഷം എണ്ണം വരുമത്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി ലഭിച്ചാല്‍ ഇവയും നിരോധിക്കും- ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
നിരോധിച്ച വാഹനങ്ങള്‍ സൂക്ഷിക്കുന്നതിനുവേണ്ടി ഗതാഗത വകുപ്പ് 21 സ്ഥലങ്ങള്‍ കണ്ടെത്തി. എന്നാല്‍, രണ്ട് ലക്ഷം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിന് അവ അപര്യാപ്തമല്ല. കൂടുതല്‍ സ്ഥലം അനുവദിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 1000 മുതല്‍ 1200 ഹെവി വാഹനങ്ങളെ ഉള്‍ക്കൊള്ളിക്കാനേ ട്രാഫിക് പിറ്റുകള്‍ക്ക് ശേഷിയുള്ളു.
നിയമം ലംഘിക്കുന്നവര്‍ മോട്ടോര്‍ വാഹന നിയമം 39/192 പ്രകാരം പിഴയൊടുക്കണം. വാഹനം കണ്ടുകെട്ടുകയും ചെയ്യും. നിരോധനം പാലിക്കാത്ത വാഹനങ്ങള്‍ക്കു നേരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കി. വാഹന ഉടമകള്‍ക്കെതിരെ ഗതാഗത വകുപ്പ് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories