പുകയില ബാധ്യതാ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടന

പുകയില ബാധ്യതാ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡെല്‍ഹി : പുകയില ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് തടയാന്‍ അംഗരാജ്യങ്ങള്‍ പുകയില ബാധ്യതാ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ കണ്‍ട്രോള്‍ (എഫ്‌സിടിസി) നിര്‍ദ്ദേശിച്ചു. പുകയില വ്യവസായത്തിനുമേല്‍ ബാധ്യതാ നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇ-സിഗരറ്റ് പോലുള്ള ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ഇഎന്‍ഡിഎസ്) നിരോധിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ രാജ്യങ്ങള്‍ തയാറാകണമെന്നും എഫ്‌സിടിസി കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്തുന്ന ഇലക്ടോണിക് നോണ്‍ നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ഇഎന്‍എന്‍ഡിഎസ്) എന്നിവ ജനങ്ങളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതില്‍ കണ്‍വെന്‍ഷന്‍ ആശങ്ക രേഖപ്പെടുത്തി.

ന്യൂ ഡെല്‍ഹിയിലെ ഇന്ത്യ എക്‌സ്‌പൊസിഷന്‍ മാര്‍ട്ടില്‍ ആറ് ദിവസം നീണ്ടുനിന്ന കണ്‍വെന്‍ഷന്‍ കഴിഞ്ഞ ദിവസം സമാപിച്ചു. സമാപന സമ്മേളനത്തില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ പങ്കെടുത്തു.
പുകയിലയോട് വേഗം ആകര്‍ഷിക്കപ്പെടുന്ന ജനങ്ങളെ സംരക്ഷിക്കേണ്ട ധാര്‍മിക ബാധ്യത തങ്ങള്‍ക്കുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ എഫ്‌സിടിസി കണ്‍വെന്‍ഷന്‍ സെക്രട്ടേറിയറ്റ് മേധാവി വേര ലൂയിസ ഡാ കോസ്റ്റ ഇ സില്‍വ പറഞ്ഞു. നിലവിലെ പുകയില ഉല്‍പ്പാദകര്‍ക്കും അവരുടെ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിന് ഉറച്ചതും സുസ്ഥിരവുമായ ബദല്‍മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുകയില ഉല്‍പ്പാദിപ്പിച്ച് തുടങ്ങാത്ത രാജ്യങ്ങള്‍ ഇനി അതിന് ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. പുകയില ഉപയോഗവും നിയന്ത്രണവും സംബന്ധിച്ചും ഇവ വിവിധ വിഭാഗം ജനവിഭാഗങ്ങളില്‍ വരുത്തിവെച്ച പ്രത്യാഘാതങ്ങളെക്കുറിച്ചും രാജ്യങ്ങള്‍ പഠനം നടത്തണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Business & Economy