ലോകകപ്പ് യോഗ്യതാ മത്സരം: അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

ലോകകപ്പ് യോഗ്യതാ മത്സരം:  അര്‍ജന്റീനയെ തകര്‍ത്ത് ബ്രസീല്‍

 

ബെലോ ഹോറിസോണ്ടെ: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടിലെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ ബ്രസീലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ തോല്‍വി. കുടീഞ്ഞോ, നെയ്മര്‍, പൗളീഞ്ഞോ എന്നിവരാണ് ബ്രസീലിനായി ഗോളുകള്‍ കണ്ടെത്തിയത്. ടിറ്റെയുടെ പരിശീലനത്തിന്‍ കീഴില്‍ ബ്രസീല്‍ നേടുന്ന തുടര്‍ച്ചയായ ആറാം ജയം കൂടിയായിരുന്നു ഇത്.

ഫുട്‌ബോളിലെ ചിരവൈരികള്‍ തമ്മില്‍ നടന്ന മത്സരത്തിന്റെ 25 മിനുറ്റില്‍ തന്നെ ആതിഥേയരായ ബ്രസീല്‍ ഫിലിപ് കുടീഞ്ഞോയിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും കുതിച്ച കുടീഞ്ഞോ അര്‍ജന്റീനയുടെ മൂന്ന് ഡിഫന്‍ഡര്‍മാരെ മറികടന്ന് ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ റൊമേരോ കൃത്യമായി ചാടിയെങ്കിലും പന്തില്‍ തൊടാനായില്ല.

ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ബ്രസീലിന്റെ രണ്ടാം ഗോള്‍. മാര്‍സെലോയുടെ ത്രോയില്‍ നിന്നും ഗബ്രിയേല്‍ ജീസസ് നല്‍കിയ പന്ത് ഡിഫന്‍ഡര്‍മാരെയും ഗോളിയേയും കാഴ്ചക്കാരാക്കി ബ്രസീലിയന്‍ ക്യാപ്റ്റന്‍ നെയ്മറാണ് വലയിലാക്കിയത്. കരിയറില്‍ ദേശീയ ടീമിനായി നെയ്മര്‍ സ്വന്തമാക്കുന്ന അന്‍പതാം ഗോള്‍ കൂടിയായിരുന്നു ഇത്.

രണ്ടാം പകുതിയിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയത് ആതിഥേയരായിരുന്നു. അതിന്റെ ഫലമായി 58-ാം മിനുറ്റില്‍ ബ്രസീലിന്റെ മൂന്നാം ഗോളെത്തി. റെനെറ്റോയില്‍ നിന്നും പന്ത് സ്വീകരിച്ച, എതിരാളികളാല്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പൗളീഞ്ഞോയാണ് ലക്ഷ്യം കണ്ടത്. ഇതോടെ അര്‍ജന്റീനയുടെ പരാജയം പൂര്‍ണമാവുകയായിരുന്നു.

ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ എന്നീ പ്രഗത്ഭ താരങ്ങള്‍ ഉണ്ടായിരുന്നിട്ടും അര്‍ജന്റൈന്‍ ടീമിന് കളിയിലെ ഒരവസരത്തിലും നല്ല നീക്കം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചില്ല. മുന്നേറ്റ നിരയുടെ മുനയൊടിഞ്ഞു എന്നതിന് പുറമെ അര്‍ജന്റൈന്‍ പ്രതിരോധ നിരയും വലിയ പിഴവുകളായിരുന്നു വരുത്തിയത്.

അതേസമയം, നെയ്മറുടെ നേതൃത്വത്തിലിറങ്ങിയ ബ്രസീലിയന്‍ ടീം സ്വന്തം മണ്ണില്‍ തികഞ്ഞ കൃത്യതയോടെയാണ് പന്ത് തട്ടിയത്. രണ്ട് വര്‍ഷം മുമ്പ് ലോകകപ്പ് സെമി ഫൈനലില്‍ ജര്‍മനിയോട് 7-1ന് പരാജയപ്പെട്ട അതേ സ്റ്റേഡിയത്തിലായിരുന്നു ബ്രസീലിന്റെ ഇത്തവണത്തെ വിജയമെന്നതാണ് മറ്റൊരു വസ്തുത. അന്നത്തെ തോല്‍വിക്ക് ശേഷം ബ്രസീലിയന്‍ സീനിയര്‍ ടീം ഈ ഗ്രൗണ്ടില്‍ മത്സരത്തിനിറങ്ങിയതും ആദ്യമായാണ്.

പരാജയത്തോടെ റഷ്യന്‍ ലോകകപ്പ് യോഗ്യത നേടുന്ന കാര്യത്തില്‍ അര്‍ജന്റീന ആശങ്കയിലാണ്. ബ്യൂനസ് ഐറിസില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തില്‍ 1-1 സമനിലയായിരുന്നു ഫലം. പത്ത് ടീമുകള്‍ ഉള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ പതിനൊന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ പതിനാറ് പോയിന്റുമായി ആറാം സ്ഥാനത്താണ് അര്‍ജന്റീന. 24 പോയിന്റുമായി ബ്രസീലാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

ലോകകപ്പ് യോഗ്യതാ ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ഉറുഗ്വായ്, പെറു, വെനസ്വേല ടീമുകളും വിജയിച്ചു. മോണ്ടെവിഡിയോയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇക്വഡോറിനെയാണ് ഉറുഗ്വായ് തോല്‍പ്പിച്ചത്. ഇതോടെ ക്വിറ്റോവയില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-1ന് പരാജയപ്പെട്ടതിന്റെ പകരം ചോദിക്കാനും ഉറുഗ്വായ്ക്ക് സാധിച്ചു.

ഉറുഗ്വായ്ക്ക് വേണ്ടി 12, 45 മിനുറ്റുകളില്‍ യഥാക്രമം സെബാസ്റ്റിയന്‍ കോയിറ്റസ്, ഡീഗോ റോളന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്. 44-ാം മിനുറ്റില്‍ കായിസെഡോയിലൂടെയായിരുന്നു ഇക്വഡോറിന്റെ ആശ്വാസ ഗോള്‍. വിജയത്തോടെ പതിനൊന്ന് മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി ലാറ്റിനമേരിക്കന്‍ ഗ്രൂപ്പിലെ പോയിന്റ് പട്ടികയില്‍ ഉറുഗ്വായ് രണ്ടാം സ്ഥാനത്തെത്തി. പതിനേഴ് പോയിന്റുമായി ഇക്വഡോര്‍ നാലാമതാണ്.

ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പാരഗ്വായെയാണ് പെറു തകര്‍ത്തത്. ഒന്‍പതാം മിനുറ്റില്‍ റിവെരോസിലൂടെ ആദ്യം മുന്നിലെത്തിയത് പാരഗ്വായായിരുന്നു. ഒന്നാം പകുതിയില്‍ പിന്നിട്ടുനിന്നെങ്കിലും ഇടവേളയ്ക്ക് ശേഷമുള്ള 48-ാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ റാമോസിലൂടെ പെറു ഒപ്പമെത്തി. തുടര്‍ന്ന് ഫ്‌ളോറസ്, ക്യുയേവ എന്നിവരും പെറുവിനായി വലകുലുക്കി.

കളിയുടെ 84-ാം മിനുറ്റില്‍ പാരഗ്വായ് താരം എഡ്ഗാര്‍ ബെനിറ്റെസിന്റെ സെല്‍ഫ് ഗോള്‍ കൂടി വന്നതോടെ പെറുവിന്റെ പട്ടിക പൂര്‍ത്തിയായി. ലിമയില്‍ നടന്ന ഹോം മത്സരത്തിലും പെറു പാരഗ്വായെ (1-0) തോല്‍പ്പിച്ചിരുന്നു. പതിനൊന്ന് മത്സരങ്ങളില്‍ നിന്നും 14 പോയിന്റുമായി പെറു പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്.

ബൊളീവിയയെയാണ് വെനസ്വേല തകര്‍ത്തത്. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കായിരുന്നു ജയം. വെനസ്വേലയ്ക്ക് വേണ്ടി ജോസഫ് മാര്‍ട്ടിനെസിന്റെ ഹാട്രിക്കും (11, 67, 70 മിനുറ്റുകള്‍) ജാക്കൗബോ കൗഫാറ്റി (മൂന്ന്), റൊമുലോ ഒട്ടേറോ (75) എന്നിവര്‍ ഓരോ ഗോള്‍ വീതവും സ്വന്തമാക്കി. ആദ്യപാദ മത്സരത്തില്‍ വെനസ്വേല രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബൊളീവിയയോട് പരാജയപ്പെട്ടിരുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ കരുത്തരായ കൊളംബിയയും ചിലിയും തമ്മില്‍ ബാരെന്‍ക്വെല്ലയില്‍ നടന്ന മറ്റൊരു മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആദ്യപാദ മത്സരത്തിനായി സാന്റിയാഗോയില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും സമനിലയായിരുന്നു ഫലം. പോയിന്റ് പട്ടികയില്‍ കൊളംബിയ (18 പോയിന്റ്), ചിലി ടീമുകള്‍ യഥാക്രമം മൂന്ന്, അഞ്ച് സ്ഥാനങ്ങളിലാണ്.

ഓരോ ഗ്രൂപ്പില്‍ നിന്നും ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് റഷ്യയില്‍ നടക്കുന്ന അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്‍ക്ക് വന്‍കരാ പ്ലേ ഓഫ് മത്സരത്തിലൂടെ യോഗ്യത നേടുന്നതിന് അവസരമുണ്ട്.

Comments

comments

Categories: Sports