ട്രംപില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം ?

ട്രംപില്‍ നിന്നും എന്തെല്ലാം പ്രതീക്ഷിക്കാം ?

 

ഇരുണ്ട യുഗം ആരംഭിച്ചെന്ന് രാഷ്ട്രീയ വിദഗ്ധര്‍

യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ത്രസിപ്പിക്കുന്ന വിജയം സൃഷ്ടിച്ച അലയൊലികള്‍ അമേരിക്കയും ഭേദിച്ച് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ട്രംപിന് ഈ വിജയം എങ്ങനെ സാധിച്ചെന്നാണ് അമേരിക്കയോടൊപ്പം ലോകവും ചര്‍ച്ച ചെയ്യുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പു നടന്ന അഭിപ്രായ സര്‍വേകളില്‍ ഒരിക്കല്‍ പോലും ട്രംപ് മുന്‍ നിരയിലെത്തിയിരുന്നില്ല. എന്നിട്ടും അമേരിക്കന്‍ ഇലക്ട്രല്‍ കോളേജില്‍ അദ്ദേഹം നേട്ടം കൈവരിച്ചു. നിരവധി ഘടകങ്ങള്‍ ട്രംപിന്റെ വിജയത്തെ നിര്‍ണയിച്ചവയാണ്. ഭരണവിരുദ്ധ തരംഗം ഉപയോഗപ്പെടുത്തിയതു മുതല്‍ വെള്ളക്കാരായ വോട്ടര്‍മാരുടെയും തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണ ഉറപ്പാക്കിയതും, എട്ട് വര്‍ഷത്തെ ഒബാമ ഭരണത്തോടുള്ള മടുപ്പുമൊക്കെ ട്രംപിന്റെ വിജയത്തെ സ്വാധീനിച്ചവയാണ്.

വെള്ളക്കാരും തൊഴിവര്‍ഗവും………….

വെള്ളക്കാരായ വോട്ടര്‍മാരെയും, ബ്ലൂ കോളര്‍ എന്ന തൊഴിലാഴി വര്‍ഗത്തെയും സ്വാധീനിക്കാന്‍ ട്രംപിനു സാധിച്ചു. ഇവരുടെ പിന്തുണ ഉറപ്പാക്കാന്‍ ട്രംപ് നടത്തിയ ശ്രമങ്ങളെ വേണ്ടവിധം മനസിലാക്കാന്‍ ഹിലരിക്കു സാധിക്കാതെ പോയതാണു ഹിലരിയുടെ പതനത്തിനു വഴിവെച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തൊഴിലില്ലായ്മ നിരക്ക് വെട്ടിച്ചുരുക്കാനും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും ഒബാമ ഒട്ടേറെ പരിശ്രമിച്ചെങ്കിലും വെള്ളക്കാരായ വോട്ടര്‍മാരും തൊഴിലാളി വര്‍ഗവും നിരാശരായിരുന്നു.
make america great again (അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) എന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രംപില്‍ അവര്‍ ഒരു രക്ഷകനെ ദര്‍ശിച്ചു. ട്രംപിന് വോട്ട് ചെയ്തവരില്‍ ഭൂരിഭാഗവും വെള്ളക്കാരും, 45 വയസിനു താഴെയുള്ളവരും, ബിരുദധാരികളുമാണ്.

മാധ്യമങ്ങളുടെ അന്ധമായ ട്രംപ് വിരോധം……….

മാധ്യമ പണ്ഡിതരും ( media pundits) തെരഞ്ഞെടുപ്പ് വിദഗ്ധരും(pollsters) ട്രംപിനെ വിലകുറച്ചു കണ്ടു. രാഷ്ട്രീയത്തില്‍ കൃതഹസ്തത കൈവരിച്ച ഹിലരിക്കു മുന്‍പില്‍ ട്രംപിന് ചെറുവിരല്‍ പോലും അനക്കാന്‍ സാധിക്കില്ലെന്ന് അവര്‍ വിധിയെഴുതി.
മെക്‌സിക്കോയുമായി അമേരിക്ക അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് മതില്‍ കെട്ടുമെന്ന, അമേരിക്കയില്‍ പിടിക്കപ്പെടുന്ന ഭൂരിഭാഗം കുറ്റവാളികളും മെക്‌സിക്കന്‍ ജനതയാണെന്നും അവരെ നാടുകടത്തുമെന്ന ട്രംപിന്റെ പ്രസ്താവന വെറും നാടകം മാത്രമാണെന്ന് മാധ്യമങ്ങള്‍ ആരോപിച്ചു. അനധികൃത കുടിയേറ്റം അമേരിക്കന്‍ ജനതയുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുകയാണെന്ന് ട്രംപ് പ്രചാരണ ഘട്ടത്തില്‍ ആരോപിച്ചിരുന്നു. ട്രംപ് ആരോപിച്ച ഇത്തരം കാര്യങ്ങളില്‍ എന്തെങ്കിലും യുക്തി ഉണ്ടോ എന്ന് അന്വേഷിക്കാനുള്ള ധാര്‍മികത പോലും മാധ്യമങ്ങള്‍ പുലര്‍ത്തിയില്ല. പകരം ട്രംപിനെ അപക്വമതിയെന്നു മുദ്രകുത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ട്രംപാകട്ടെ, മാധ്യമങ്ങള്‍ ഉള്‍പ്പെടുന്ന ഭരണകൂട വിരുദ്ധതരംഗം പരമാവധി വോട്ടാക്കാനും ശ്രമിച്ചു.

ഈ ഘടകങ്ങളൊക്കെ അപ്രസക്തമാണെന്ന് ട്രംപിന്റെ എതിരാളികള്‍ പോലും പറയില്ല. എന്നാല്‍ ഈ വാദങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ ട്രംപിന്റെ വിജയം ചില സൂചനകളും മുന്നറിയിപ്പുകളും ലോകത്തിനു സമ്മാനിക്കുന്നുണ്ട്. വാഷിംഗ്ടണില്‍ അനിയന്ത്രിതമായൊരു യാഥാസ്ഥിതിക അജന്‍ഡ രൂപപ്പെടുന്നുണ്ട് എന്നതാണ് അവയിലൊന്ന്. വൈറ്റ് ഹൗസിലും ക്യാപിറ്റോള്‍ ഹില്ലിലും(യുഎസ് പാര്‍ലമെന്റായ കോണ്‍ഗ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം) ഭൂരിപക്ഷം ലഭിച്ചത് അജന്‍ഡ നടപ്പിലാക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു നൂറ്റാണ്ടിനിടെ ആദ്യമായിട്ടാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഇരുസഭകളിലും റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ഹിലരി ക്ലിന്റന്‍ നടത്തിയ പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമ മുന്‍കൈയ്യെടുത്ത് നടപ്പിലാക്കിയ ആരോഗ്യനയം, കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പാരീസ് ഉടമ്പടി തുടങ്ങിയവ തുടരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ട്രംപിന് ഇക്കാര്യത്തില്‍ വിരുദ്ധ നിലപാടാണ്. ഇതിനു പുറമേ, അമേരിക്കന്‍ സുപ്രീം കോടതി, കീഴ് കോടതി ഘടനയില്‍ രൂപമാറ്റം നടത്താനും ആലോചിക്കുന്നുണ്ട് ട്രംപ്. വംശം, ലിംഗം, ലിംഗ സമത്വം തുടങ്ങിയ വിഷയങ്ങള്‍ ട്രംപിന്റെ പ്രസിഡന്റ് കാലാവധിയില്‍ വിവാദത്തിലകപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. ഭ്രൂണഹത്യ നടത്താനുള്ള അവകാശം ഭീഷണിയുടെ നിഴലിലാണ്. സാംസ്‌കാരിക യുദ്ധത്തിന് വഴിവയ്ക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Comments

comments

Categories: Slider, Trending