ട്രംപ് ലക്ഷ്യമിടുന്നത് കുടിയേറ്റ, ആരോഗ്യപരിരക്ഷ, തൊഴിലവസര മേഖലയെ

ട്രംപ് ലക്ഷ്യമിടുന്നത്  കുടിയേറ്റ, ആരോഗ്യപരിരക്ഷ, തൊഴിലവസര മേഖലയെ

വാഷിംഗ്ടണ്‍: അധികാരത്തിലേറിയാല്‍ ട്രംപ് ഭരണകൂടം കുടിയേറ്റ, ആരോഗ്യപരിരക്ഷ, തൊഴിലവസര മേഖലയെ ഉടച്ചുവാര്‍ക്കാന്‍ ശ്രമിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ മേഖലയ്ക്കു തന്നെയായിരിക്കും പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. കുടിയേറ്റനിയമം കര്‍ശനമാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
യുഎസിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍ രൂപീകരിച്ച് അവ അമേരിക്കയ്ക്കു ഗുണകരമാക്കുന്നതിനെ ഭൂരിഭാഗം പേരും പിന്തുണയ്ക്കുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം. അമേരിക്കന്‍ വോട്ടര്‍മാരിലെ 54 ശതമാനവും അഭിപ്രായപ്പെട്ടത് കുടിയേറ്റ തോത് പകുതിയായി കുറയ്ക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കണമെന്നാണ്. കുറ്റകൃത്യ നിരക്ക് കുറഞ്ഞാല്‍ പോലും ഈ നിലപാട് പിന്തുടരണമെന്നും ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നുണ്ട്. ഔദ്യോഗിക കണക്ക്പ്രകാരം 42.4 മില്യന്‍ കുടിയേറ്റക്കാരാണു യുഎസിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ലാറ്റിനമേരിക്ക, ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ്. അമേരിക്കയില്‍ താമസിക്കുന്ന ഏഴില്‍ ഒരാള്‍ കുടിയേറ്റക്കാരനാണ്.
സെപ്റ്റംബറില്‍ ട്രംപ് നടത്തിയ നയപ്രസംഗത്തില്‍ അഞ്ച് മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ ഉടനടി പുറത്താക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിലെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. അമേരിക്കയില്‍ 11 മില്യണ്‍ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ചൈനയുമായി വ്യാപാര യുദ്ധം(trade war)

ദക്ഷിണ ചൈനാ കടലിന്റെ ഉടമസ്ഥതാ തര്‍ക്കത്തിലായിരുന്നു ഒബാമ ഭരണകൂടം ചൈനയുമായി തര്‍ക്കിച്ചതെങ്കില്‍, ട്രംപ് ലക്ഷ്യമിടുന്നത് ചൈനയുമായി വ്യാപാര യുദ്ധത്തിലേര്‍പ്പെടാനാണ്. ചൈനയെ currency manipulator ആയി പ്രഖ്യാപിച്ചു കൊണ്ടാണ് ചൈനയുമായി വ്യാപാര യുദ്ധത്തിലേര്‍പ്പെടാന്‍ ട്രംപ് തയാറെടുക്കുന്നത്. ഇത്തരം സാഹചര്യം സംജാതമായാല്‍ തന്ത്രപരമായും സാമ്പത്തികമായും ഇരുരാജ്യങ്ങള്‍ തമ്മില്‍ സങ്കീര്‍ണത കൈവരും.
ട്രംപിന്റെ 100 ദിന കര്‍മപരിപാടിയില്‍ ചൈനയ്‌ക്കെതിരേയുള്ള നടപടിയെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ ചൈനയ്‌ക്കെതിരേ ഇത്തരം നടപടിയുമായി മുന്നേറുകയാണെങ്കില്‍ ചൈനീസ് ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്ന ആപ്പിള്‍ പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കും സമ്മാനിക്കുക. ഇത് നിയമ യുദ്ധത്തിലേക്ക് നയിക്കാനും കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.
ചൈനയുമായി trade warും മെക്‌സിക്കോയുമായി labour war ും യുഎസിന് ഒരിക്കലും ഗുണം ചെയ്യില്ലെന്ന അഭിപ്രായമാണ് ധനകാര്യ വിദഗ്ധര്‍ക്കുള്ളത്. ഇത്തരം നടപടി ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുത്താനേ ഉപകരിക്കൂ. അമേരിക്കയുടെ തൊഴിലാളി വര്‍ഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധി നേരിടാന്‍ അമേരിക്കയ്ക്ക് പുതിയ സാമ്പത്തിക നയം രൂപീകരിക്കുന്നതാണ് ഭേദം. ബ്രെക്‌സിറ്റ് ജനഹിതത്തിനു ശേഷം ലണ്ടന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ട്രംപിന് ഉദാഹരണമായി മുന്‍പിലുണ്ട്.
ലോകരാഷ്ട്രങ്ങള്‍ എല്ലാം പിന്തുടരുമ്പോഴും ആഗോളവത്കരണത്തില്‍നിന്നും പിന്മാറാനുള്ള ലണ്ടന്റെ നീക്കം അവര്‍ക്ക് സമ്മാനിച്ചിരിക്കുന്ന ദുരിതം നിസാരമല്ല. ബ്രെക്‌സിറ്റിനു ശേഷം പുതിയ വ്യാപാര ബന്ധം സ്ഥാപിക്കാനുള്ള ബ്രിട്ടന്റെ ശ്രമം എങ്ങുമെത്തിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്റെ വിപണിയില്‍നിന്നും ഏറെക്കുറെ പുറത്തായ ബ്രിട്ടന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിപണിയെ ആശ്രയിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദര്‍ശിച്ച തെരേസ മേയ്ക്ക്, ഇന്ത്യയില്‍നിന്നും കാര്യമായ പിന്തുണ ലഭിച്ചതുമില്ല. ഇമിഗ്രേഷന്‍ നയത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാവാതെ ബ്രിട്ടനുമായി ഇന്ത്യയ്ക്ക് വ്യാപാര ബന്ധം ശക്തിപ്പെടുത്താനാവില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്.
ട്രംപ് കടുത്ത നിലപാടുമായി മുന്നേറുകയാണെങ്കില്‍ ബ്രിട്ടന്‍ ഇന്ന് അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് തന്നെയായിരിക്കും അമേരിക്കയും നേരിടാന്‍ പോകുന്നതെന്നും രാഷ്ട്രീയ സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ സൂചിപ്പിക്കുന്നുണ്ട്.

ആരോഗ്യപരിരക്ഷ

The Patient Protection and Affordable Care Act (PPACA) അഥവാ ഒബാമ കെയര്‍ എന്ന ആരോഗ്യപരിരക്ഷാ പദ്ധതി 2010 മാര്‍ച്ച് 23നാണ്് പ്രസിഡന്റ് ഒബാമ അവതരിപ്പിച്ചത്. ഒബാമയുടെ ഭരണകാലത്തെ സുവര്‍ണ നേട്ടങ്ങളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. എന്നാല്‍ ഒബാമ കെയറിനോട് ട്രംപിന് തീരെ മമതയില്ല. ഒബാമ കെയര്‍ പിന്‍വലിക്കുകയാണെങ്കില്‍ 22 മില്യണ്‍ ജനങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തുന്നത്. അമേരിക്കന്‍ ജനത ഏറ്റവുമധികം പ്രാധാന്യം കല്പിക്കുന്നത് ആരോഗ്യപരിരക്ഷയിലാണ്. ഇതു മനസിലാക്കിയാണ് ഒബാമ കെയര്‍ നടപ്പിലാക്കിയത്. എന്നാല്‍ ഇതിനെതിരേ ട്രംപ് ശക്തമായ വിമര്‍ശനമാണ് നടത്തിയത്.

Comments

comments

Categories: Trending