ട്രംപ് ഗ്രൂപ്പ് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും

ട്രംപ് ഗ്രൂപ്പ് ഇന്ത്യയിലെ കൂടുതല്‍ നഗരങ്ങളില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും

ന്യൂഡെല്‍ഹി: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ഇന്ത്യയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. പൂനെയിലും മുംബൈയിലും നടപ്പിലാക്കിയ നിര്‍മാണ പദ്ധതികള്‍ വിജയം കണ്ടതോടെയാണ് രാജ്യത്തെ കൂടുതല്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ് ശൃംഖല വികസിപ്പിക്കാന്‍ ട്രംപ് ഗ്രൂപ്പ് തയാറെടുക്കുന്നത്.

കൂടുതല്‍ പദ്ധതികള്‍ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ ഇതിനോടകം തന്നെ ട്രംപ് ഗ്രൂപ്പ് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിച്ചതായും വിലയിലും വില്‍പ്പനയിലും മികച്ച പ്രകടനമാണ് ഇരു നഗരങ്ങളിലും പദ്ധതികള്‍ നടത്തുന്നതെന്നും രാജ്യത്തെ ട്രംപിന്റെ നിയന്ത്രണത്തിലുള്ള ട്രിബേകയിലെ പാര്‍ട്ണര്‍ മനീഷ് ജയ്‌സ്വാള്‍ പറഞ്ഞു.

പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഓഫീസ് കോംപ്ലെക്‌സിനു വേണ്ടി പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരായ ഐറിയോയുമായും ഗുഡ്ഗാവിലെ റെസിഡന്‍ഷ്യല്‍ പ്രൊജക്ടിനു വേണ്ടി എം3എം ഗ്രൂപ്പുമായും ട്രിബേക്ക സഹകരിച്ചിട്ടുണ്ട്. കൊല്‍ക്കത്തയിലേക്ക് കടക്കുന്നതിനും ട്രംപ് ഗ്രൂപ്പിന് പദ്ധതിയുണ്ട്. നടപ്പിലാക്കാന്‍ പോകാവുന്ന പദ്ധതികള കുറിച്ച് അറിയുന്നതിനുവേണ്ടി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരും, പ്രോപ്പര്‍ട്ടി താല്‍പര്യമുള്ളവരും, ചാനല്‍ പാട്ണര്‍മാരും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും മനീഷ് പറഞ്ഞു.

1.5 ബില്യണ്‍ ഡോളറിന്റെ അഞ്ച് പ്രൊജക്ടുകളാണ് ട്രംപ് ഗ്രൂപ്പ് ഇന്ത്യയില്‍ ആവിഷ്‌കരിക്കാന്‍ പോകുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോധ ഗ്രൂപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ട്രംപ് ടവര്‍ പ്രൊജക്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതേസമയം മുംബൈ, ലണ്ടന്‍, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കാന്‍ ട്രംപ് ഗ്രൂപ്പിന് പദ്ധതിയുണ്ടെങ്കില്‍ സഹകരിക്കുമെന്ന് ലോധ ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍ അഭിഷേക് ലോധ പറഞ്ഞു. ഇതുകൂടാതെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പഞ്ചശില്‍ റിയല്‍റ്റിയും നഗരത്തിലെ ട്രംപ് ടവര്‍ പ്രൊജക്റ്റിനു വേണ്ടി സഹകരിക്കുന്നുണ്ട്.

Comments

comments

Categories: Branding, Slider