ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 34.6 ശതമാനത്തിന്റെ ഇടിവ്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2538 കോടി രൂപയാണ് എസ്ബിഐ യുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3879 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്ന 14,253 കോടി രൂപയില്‍ നിന്ന് 1.3 ശതമാനം വര്‍ധിച്ച് 14,437 കോടി രൂപയായിട്ടുണ്ട്.
കഴിഞ്ഞ പാദത്തില്‍ മൊത്തം നിഷ്ക്രിയാസ്തി 7.14 ശതമാനമായി വര്‍ധിച്ചത് മൊത്തം പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 6.94 ശതമാനമായിരുന്നു മൊത്തം നിഷ്ക്രിയാസ്തി. അറ്റ നിഷ്ക്രിയാസ്തി 4.05 ശതമാനത്തില്‍ നിന്ന് 4.19 ശതമാനമായി വര്‍ധിച്ചു. എസ്ബിഐ യുടെ അസറ്റ് ക്വാളിറ്റിയില്‍ 20 അടിസ്ഥാന പോയിന്റുകളുടെ കുറവാണ് ഉണ്ടായിട്ടുള്ളത്.
പ്രവര്‍ത്തന ലാഭം മുന്‍ വര്‍ഷം രണ്ടാം പാദത്തിലെ 39,518.67 കോടി രൂപയില്‍ നിന്ന് 9.34 ശതമാനം വര്‍ധിച്ച് 11,224.32 കോടി രൂപയായി. മൊത്തം ചെലവ് 36,588.92 കോടി രൂപയില്‍ നിന്ന് 39,518.67 കോടി രൂപയായി വര്‍ധിക്കുകയും ചെയ്തു.