സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ യുപി സ്റ്റാര്‍ട്ടപ് ഐടി നയ ഉപദേഷ്ടാവ്

സ്റ്റാര്‍ട്ടപ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ യുപി സ്റ്റാര്‍ട്ടപ് ഐടി നയ ഉപദേഷ്ടാവ്

കൊച്ചി: രാജ്യത്ത് കോളെജ് വിദ്യാര്‍ഥികളില്‍ സംരംഭക സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിടുന്ന കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജിന്റെ ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ സ്റ്റാര്‍ട്ടപ് ഐടി നയങ്ങളുടെ ഉപദേഷ്ടാവും മാര്‍ഗ നിര്‍ദേശകനുമായി നിയമിച്ചു. വിദ്യാര്‍ഥി സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ട്ടപ് വില്ലേജിന്റെ #StartInCollege പദ്ധതി നടപ്പിലാക്കാന്‍ സ്റ്റാര്‍ട്ടപ് വില്ലേജ് യുപി സര്‍ക്കാരുമായി ധാരണാപത്രവും ഒപ്പുവച്ചു. ഇതു പ്രകാരം കാണ്‍പൂര്‍ ഐഐടി, ലക്‌നൗ ഐഐഎം തുടങ്ങി യുപിയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് സഞ്ജയ് വിജയകുമാര്‍ മേല്‍നോട്ടം വഹിക്കും.

ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും സ്റ്റാര്‍ട്ടപ് നയങ്ങളുടെ ഉപദേഷ്ടാവായ സഞ്ജയിനെ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ പരിസ്ഥിതി സൃഷ്ടിച്ച്, സംരംഭകത്വം പ്രോല്‍സാഹിപ്പിക്കാനും പുതിയ ആശയങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതിയ പദവിയില്‍ നിയമിച്ചത്. ഉത്തര്‍പ്രദേശിലാകെ സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുള്ള സംസ്ഥാന തല ഉപദേശകസമിതിയിലും സഞ്ജയിനെ അംഗമാക്കി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവുമായി സഞ്ജയ് വിജയകുമാര്‍ കൂടിക്കാഴ്ച നടത്തി. സ്റ്റാര്‍ട്ട് അപ് വില്ലേജിന്റെ സംരംഭക പ്രോത്സാഹന പ്രവര്‍ത്തനങ്ങളില്‍ യുപി മുഖ്യമന്ത്രി അതീവ താല്‍പര്യം പ്രകടിപ്പിച്ചതായി സഞ്ജയ് പറഞ്ഞു.

Comments

comments

Categories: Slider, Top Stories