റോഡ് ഗതാഗത വികസനം: ടാര്‍ ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

റോഡ് ഗതാഗത വികസനം:  ടാര്‍ ഉപയോഗം വര്‍ധിച്ചതായി റിപ്പോര്‍ട്ട്

 
ന്യൂഡെല്‍ഹി: രാജ്യത്തെ റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ടാര്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. ടാര്‍ ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിപ്പിക്കുന്നതിന് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികളെ (ഒഎംസി) ഇത് പ്രോത്സാഹിപ്പിച്ചതായാണ് വിവരം.

പെട്രോളിയം പ്ലാനിംഗ് അനാലിസിസ് ആന്‍ഡ് സെല്ലിന്റെ (പിപിഎസി) റിപ്പോര്‍ട്ടനുസരിച്ച് ടാടിന്റെ ഉപയോഗത്തിലെ പ്രതിമാസ വര്‍ധന 2015 ഓഗസ്റ്റ് വരെ സ്ഥിരത പുലര്‍ത്തിയിരുന്നു. ഇതേ വര്‍ഷം ജൂലൈയില്‍ കാലവര്‍ഷം തുടങ്ങുന്നതോടെ ഉപയോഗം കുറയുമെന്നാണ് പ്രതീക്ഷിച്ചത്. 2016 സെപ്റ്റംബറില്‍ കാലവര്‍ഷം കാര്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ടാര്‍ ഉപയോഗത്തില്‍ 5.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 9.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ടാര്‍ ഉപയോഗത്തില്‍ ഉണ്ടായിട്ടുള്ളതെന്നും പിപിഎസി 2016ലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റോഡ് ഗതാഗത വികസനത്തിന് വിവിധ പ്രോഗ്രാമുകളിലൂടെ സര്‍ക്കാര്‍ കൂടുതല്‍ മന്‍ഗണന നല്‍കിയിട്ടുണ്ട്. റോഡുകളുടെ നവീകരണത്തിനും വികസനത്തിനും ഉപയോഗിക്കുന്ന ഒരു പ്രധാന ഘടകം എന്ന നിലയില്‍ ഇത്തരം പദ്ധതികള്‍ ടാര്‍ ഉല്‍പ്പാദനത്തെയും വിതരണത്തെയും സ്വാധീനിച്ചിട്ടുണ്ട്. ടാര്‍ ഉല്‍പ്പാദനത്തില്‍ മുന്‍നിരയിലുള്ളത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) ആണ്. ആവശ്യത്തില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്ന് എച്ച്പിസിഎല്‍ പോലുള്ള കമ്പനികള്‍ ടാറിന് കൂടുതല്‍ ശ്രദ്ധ നല്‍കിത്തുടങ്ങിയിട്ടുണ്ട്. 32 ശതമാനം അധികം ടാര്‍ ഉല്‍പ്പാദനമാണ് എച്ച്പിസിഎല്‍ ഈ വര്‍ഷം നടത്തിയിട്ടുള്ളത്. ബിറ്റുമിന്‍ ക്രൂഡ് കൂടുതലായി വാങ്ങുന്നതിനും ഈ വര്‍ഷം കമ്പനി തയാറായിട്ടുണ്ട്. ടാറിന്റെ ആവശ്യകത വാര്‍ഷികാടിസ്ഥാനത്തില്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധിക്കുമെന്നാണ് എച്ച് പിസിഎല്‍ കണക്കുകൂട്ടുന്നത്.

Comments

comments

Categories: Business & Economy