സേവനം മെച്ചപ്പെടുത്തുമെന്ന് ജിയോ: കോള്‍ ഡ്രോപ്പ് നിരക്ക് 28 ശതമാനമായി കുറഞ്ഞു

സേവനം മെച്ചപ്പെടുത്തുമെന്ന് ജിയോ: കോള്‍ ഡ്രോപ്പ് നിരക്ക് 28 ശതമാനമായി കുറഞ്ഞു

 

മുംബൈ: മൂന്ന് പ്രമുഖ ടെലികോം നെറ്റ്‌വര്‍ക്കിലേക്ക് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ നടത്തിയ 30 കോടി കോളുകളില്‍ 8.5 കോടി ഫോണ്‍ കോളുകള്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്. നവംബര്‍ ഏഴിലെ മാത്രം കോളുകളുടെ റിപ്പോര്‍ട്ടാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ തങ്ങളുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ടത്. ഈ മാസം ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ജിയോയുമായി കടുത്ത മത്സരം നടത്തുന്ന ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ മൂന്ന് പ്രമുഖ ടെലികോം നെറ്റ്‌വര്‍ക്കിലേക്കുള്ള കോളുകളില്‍ 50 മുതല്‍ 60 ശതമാനം വരെ കോളുകളാണ് പരാജയപ്പെട്ടിരുന്നത്.

ജിയോയില്‍ നിന്നും എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിലേക്ക് നടത്തിയ 13.81 കോടി ഫോണ്‍കോള്‍ ശ്രമങ്ങളില്‍ 34 ശതമാനവും പരാജയപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വോഡഫോണ്‍ നെറ്റ്‌വര്‍ക്കിലേക്ക് നടത്തിയ 8.79 കോടി കോള്‍ ശ്രമങ്ങളില്‍ 26.7 ശതമാനം കോളുകളാണ് പരാജയപ്പെട്ടതെന്നും ജിയോ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഏറ്റവും കുറഞ്ഞ കോള്‍ ഡ്രോപ്പ് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത് ഐഡിയ നെറ്റ്‌വര്‍ക്കിലേക്കാണ്. മറ്റു നെറ്റ്‌വര്‍ക്കുകളെ അപേക്ഷിച്ച് ജിയോ ഉപയോക്താക്കള്‍ ഐഡിയ ഓപ്പറേറ്റര്‍ നെറ്റ്‌വര്‍ക്കിലേക്ക് നടത്തിയ 7.48 കോടി കോള്‍ ശ്രമങ്ങളില്‍ 18.9 ശതമാനം കോളുകള്‍ മാത്രമെ പരാജയപ്പെട്ടിട്ടുള്ളു.

ഒരു ദിവസം നടത്തുന്ന ആയിരം കോളുകളില്‍ പരമാവധി 5 കോളുകള്‍ (പരമാവധി 0.5%) മാത്രമെ പരാജയപ്പെടാവുള്ളു എന്ന സേവന ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ടെലികോം കമ്പനികള്‍ പാരാജയപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ കണക്കുകള്‍ തരുന്നത്. എന്നാല്‍ ഈ വരും ദിവസങ്ങളില്‍ ഈ സാഹചര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്നും സേവനം മെച്ചപ്പെടുമെന്നുമാണ് ജിയോ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്.

75 ദശലക്ഷത്തോളം വരുന്ന ജിയോ ഉപയോക്താക്കളെ പിന്തുണയ്ക്കുന്നതിന് മതിയായ പോയിന്റ് ഓഫ് ഇന്റര്‍കണക്ഷന്‍ (പിഒഐ) സംവിധാനം ലഭ്യമാക്കിയിട്ടുണ്ടെന്നാണ് ഭാരതി എയര്‍ടെല്‍ വക്താക്കള്‍ പ്രതികരിച്ചത്. അധികമായി ലഭ്യമാക്കിയിട്ടുള്ള പിഒഐ സൗകര്യത്തിന്റെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തണമെന്ന് ജിയോയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരതി എയര്‍ടെല്‍ അറിയിച്ചു.

ജിയോയുടെ 50 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് വേണ്ടത്രയും ശേഷിയില്‍ പിഒഐ സംവിധാനമൊരുക്കിയതായി വോഡഫോണ്‍ ഇന്ത്യയും അറിയിച്ചു. അതേസമയം ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായപ്രകടനവും നടത്താന്‍ ഐഡിയ സെല്ലുലാര്‍ നടത്തിയിട്ടില്ല.

Comments

comments

Categories: Branding, Slider