ടിക്കറ്റ് റദ്ദാക്കിയാല്‍ 10,000 മുകളിലുള്ള തുക റെയ്ല്‍വേ പണമായി നല്‍കില്ല

ടിക്കറ്റ് റദ്ദാക്കിയാല്‍ 10,000 മുകളിലുള്ള തുക റെയ്ല്‍വേ പണമായി നല്‍കില്ല

 

ന്യൂഡെല്‍ഹി: 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതിനും കൈയിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുമായി പലരും ആശ്രയിച്ചത് ഇന്ത്യന്‍ റെയ്ല്‍വേയെ. ദീര്‍ഘദൂര ആഡംബര ട്രെയ്‌നുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം നവംബര്‍ 8 രാത്രിക്കു ശേഷം അസാധാരണമായ രീതിയില്‍ വര്‍ധിക്കുകയായിരുന്നു. ടിക്കറ്റ് കാന്‍സല്‍ ചെയ്യുമ്പോള്‍ അല്‍പ്പം തുക നഷ്ടപ്പെട്ടാലും ബാക്കി തുക സുരക്ഷിതമായി ലഭിക്കും എന്നതാണ് പലരേയും ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഇതേത്തുടര്‍ന്ന് നവംബര്‍ 9നും 11നും ഇടയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ അത് റദ്ദ് ചെയ്താല്‍ മടക്കി നല്‍കേണ്ട തുക പതിനായിരമോ അതിനു മുകളിലോ ആണെങ്കില്‍ മടക്കിനല്‍കില്ലെന്ന് റെയ്ല്‍വേ ഉത്തരവിറക്കി.
പതിനായിരത്തിനോ അതിനു മുകളിലോ ഉള്ള ടിക്കറ്റ് കാന്‍സലേഷന്‍ തുകയ്ക്ക് ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ് പുറത്തിറക്കി പിന്നീട് ഈ തുക യാത്രക്കാരന്റെ എക്കൗണ്ടിലേക്ക് ചെക്ക് വഴിയോ ഇ ട്രാന്‍സാക്ഷന്‍ വഴിയോ എത്തിക്കും. ടിക്കറ്റ് റദ്ദ് ചെയ്യാന്‍ എത്തുന്ന യാത്രക്കാര്‍ തങ്ങളുടെ എക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കേണ്ടി വരും. ബാങ്ക് എക്കൗണ്ട് ഇല്ലാത്തവര്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ വ്യക്തമാക്കുന്ന കെവൈസി ഫോം പൂരിപ്പിച്ചു നല്‍കണം.
ടിക്കറ്റ് കൗണ്ടറുകളിലൂടെയുള്ള പണം വരവില്‍ 24 കോടി രൂപയുടെ വര്‍ധനയാണ് റെയ്ല്‍വേക്ക് ബുധനാഴ്ച ഉണ്ടായത്. അതേ സമയം ഓണ്‍ലൈനായുള്ള ടിക്കറ്റ് വില്‍പ്പനയില്‍ 10 കോടിയുടെ ഇടിവും സംഭവിച്ചു. നേരത്തേ സമാനമായ സാഹചര്യങ്ങളെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം മടക്കി നല്‍കില്ലെന്ന് വിവിധ വിമാനക്കമ്പനികളും വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories

Related Articles