പോളാറിസില്‍ നിന്ന് ജിതിന്‍ ഗോയല്‍ രാജിവച്ചു

പോളാറിസില്‍ നിന്ന്  ജിതിന്‍  ഗോയല്‍ രാജിവച്ചു

 

ന്യൂഡെല്‍ഹി: ഐടി സേവന ദാതാക്കളായ വിര്‍തുസയ്ക്കു കീഴിലെ പോളാര്‍ കണ്‍സള്‍ട്ടിംഗ് ആന്‍ഡ് സര്‍വീസസ് സിഇഒ സ്ഥാനത്തു നിന്ന് ജിതിന്‍ ഗോയല്‍ രാജിവച്ചു. മറ്റു ചില ബിസിനസുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് ജിതിന്റെ രാജിയെന്ന് കമ്പനി വിശദീകരിച്ചു. പോളാറിസ് ഡയറക്റ്റര്‍ ബോര്‍ഡ് അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചിട്ടുണ്ട്.
സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ പോളാറിസിന്റെ അറ്റാദായം 28 ശതമാനം ഇടിഞ്ഞിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 57.05 കോടി രൂപയില്‍ നിന്ന് 41.14 കോടിയിലേക്കാണ് കമ്പനിയുടെ അറ്റാദായം താഴ്ന്നത്. ഇതിനു പിന്നാലെയാണ് ജിതിന്‍ സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്നറിയുന്നു. പോളാറിസിന്റെ ആകെ വരുമാനവും പോയ വര്‍ഷത്തെ 542.49 കോടി രൂപയില്‍ നിന്ന് 506. 73 കോടിയിലേക്ക് കുറഞ്ഞിട്ടുണ്ട്.
കമ്പനിക്ക് ജിതിന്‍ നല്‍കിയ സേവനങ്ങളില്‍ നന്ദിയുണ്ട്. ബാങ്കിംഗ്, സാമ്പത്തിക സേവന മേഖലകളില്‍ പോളാറിസിന് വളരാന്‍ പാകത്തില്‍ അടിത്തറ പാകാന്‍ അദ്ദേഹത്തിന് സാധിച്ചു-പോളാറിസ് ചെയര്‍മാന്‍ ക്രിസ് കനകരത്‌നെ പറഞ്ഞു.
രണ്ടാം പാദത്തില്‍ ആദായവും ധനവരവും യഥാക്രമം 2.3, 4.7 ശതമാനം വീതം വളര്‍ന്നു. ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സേവന മേഖലകളിലെ പ്രകടനമാണ് ഇതിനു സഹായിച്ചത്. തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് കഠിന പ്രയത്‌നം നടത്തിയ ജീവനക്കാരെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിസിനസ് മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ശ്രദ്ധിക്കും. പണം പിരിച്ചെടുക്കുന്നതിലെ തുടര്‍ച്ചയായ ശ്രദ്ധ പോളാറിസിന്റെ വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നെന്ന് കമ്പനി സിഎഫ്ഒ എന്‍ എം വൈദ്യനാഥന്‍ പറഞ്ഞു.

Comments

comments

Categories: Branding