പതഞ്ജലി മെഗാ ഫുഡ് പാര്‍ക്ക് രാജസ്ഥാനിലും

പതഞ്ജലി മെഗാ ഫുഡ്  പാര്‍ക്ക് രാജസ്ഥാനിലും

ജെയ്പൂര്‍: പതഞ്ജലി ഗ്രൂപ്പ് രാജസ്ഥാനിലും മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. കമ്പനി ഉടമ യോഗ ഗുരു ബാബാ രാംദേവ് അറിയിച്ചതാണ് ഇക്കാര്യം. അസമില്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കാനും പതഞ്ജലി നേരത്തെ തീരുമാനിച്ചിരുന്നു.
ക്ഷീരോല്‍പ്പന്ന വിപണിയിലും സുഗന്ധവിള വിഭാഗത്തിലേക്കും പ്രവേശിക്കാനൊരുങ്ങുകയാണ് പതഞ്ജലി. 5000 കോടി രൂപ മുതല്‍ 10,000 കോടി രൂപ വരെ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ രാജസ്ഥാനിലെ കര്‍ഷകരില്‍ നിന്ന് ശേഖരിക്കും. സംസ്ഥാനത്തെ എല്ലാ പദ്ധതികളെയും പതഞ്ജലി പിന്തുണയ്ക്കും. പതഞ്ജലിയുടെ യാത്രയില്‍ ഒരു അവിഭാജ്യഘടകമായി രാജസ്ഥാനെ മാറ്റും-ഗ്ലോബല്‍ രാജസ്ഥാന്‍ അഗ്രിടെക് മീറ്റില്‍ പങ്കെടുക്കവെ രാംദേവ് പറഞ്ഞു.
സുഗന്ധ വിളയുടെ വലിയ തോതിലെ ആവശ്യം പതഞ്ജലിക്കുണ്ട്. രാജസ്ഥാനില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇത് സംഭരിച്ച് സംസ്‌കരിക്കും. അതിനു പുറമെ ശുദ്ധമായ പശുവിന്‍ പാലും കമ്പനി വിപണിയിലെത്തിക്കും. അടുത്ത വര്‍ഷം മുതല്‍ രാജസ്ഥാനില്‍ നിന്ന് പതഞ്ജലി പാല്‍ വാങ്ങും. ആവശ്യത്തിന് പാല്‍ ലഭ്യമായാല്‍ അമുലിനെ പിന്തള്ളാന്‍ കഴിയും. എന്നാല്‍, അമുലുമായി മത്സരമില്ലെന്നും രാംദേവ് വ്യക്തമാക്കി. കറ്റാര്‍വാഴ, നെല്ലിക്ക, ചിറ്റമൃത്, തിന മുതലായവ വന്‍ തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ അദ്ദേഹം കര്‍ഷകരോട് ആഹ്വാനം ചെയ്തു. ആ വിളകള്‍ പരമാവധി വാങ്ങാന്‍ കമ്പനി ഒരുക്കമാണെന്നും അദ്ദേഹം അറിയിച്ചു.
ആഗോള തലത്തില്‍ ലഭ്യമായ എല്ലാ നൂതന രീതികളും ഉപയോഗിച്ച് കൃഷി ഭൂമിയില്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് അഗ്രി മീറ്റില്‍ സംബന്ധിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വ്യക്തമാക്കി. ഡിജിറ്റല്‍ മണ്ണ് പരിശോധന, ഡ്രോണുകളുടെ സഹായത്തോടെ മികച്ച സ്രോതസുകള്‍ ലഭ്യമാക്കുക, നൂതന സംരക്ഷിത കാര്‍ഷിക രീതികളില്‍ തൊഴിലവസരം, പ്രകൃതിദത്ത കൃഷി എന്നിവയൊരുക്കും. രാജസ്ഥാന്‍ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ്. നിക്ഷേപങ്ങള്‍ എല്ലാവര്‍ക്കും നേട്ടം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. റീസര്‍ജന്റ് രാജസ്ഥാന്‍ സമ്മേളനം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 5,000 കോടി രൂപയുടെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കി. കൂടാതെ, 54,000 കോടി രൂപയുടെയും 49,000 കോടി രൂപയുടെയും പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Branding