മറക്കാതെ ആരോഗ്യം സംരക്ഷിക്കാന്‍ ‘നവിയ ആപ്പ്’

മറക്കാതെ ആരോഗ്യം സംരക്ഷിക്കാന്‍ ‘നവിയ ആപ്പ്’

navyaതിരക്കിനിടയില്‍ മരുന്ന് കഴിക്കാന്‍ മറക്കുന്നത് സ്വഭാവികം. എന്നാല്‍ കൃത്യ സമയത്ത് മരുന്നകഴിച്ചില്ലെങ്കില്‍ അത് ആരോഗ്യത്തെയും ആയുസ്സിനെ തന്നെയും ദോഷകരമായി ബാധിക്കും. കഴിക്കേണ്ട മരുന്നുകള്‍ ഏത് തിരക്കിനിടയിലും കൃത്യമായി ഓര്‍മ്മിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നല്ലതല്ലേ? എന്നാലിനി നവിയ എന്ന ആപ്പ് നിങ്ങളെ എന്നും കൃത്യസമയത്ത് മരുന്നുകഴിക്കാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. കുനാല്‍ കിഷോറിന്റെ ബുദ്ധിയില്‍ ഉദിച്ച പുതിയ ആശയമാണ് നവിയ എന്ന ആരോഗ്യ സംരക്ഷണ ആപ്പിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യ പരിപാലന രംഗത്ത് പുതിയ തരംഗമാവുകയാണ് നവിയ.

രാജ്യത്ത് 40 ശതമാനത്തിലധികം ആളുകള്‍ ഡോക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരാണെന്നാണ് കുനാലിന്റെ അഭിപ്രായം. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന മരുന്നുകള്‍ കൃത്യ സമയത്ത് നിര്‍ദേശിച്ച അളവില്‍ കഴിക്കാത്തവരുമുണ്ട്. ചിലര്‍ മറന്നു പോകുന്നതായിരിക്കാം. ഇതേകാരണം കൊണ്ടുതന്നെ അമേരിക്കയില്‍ മാത്രം പ്രതിവര്‍ഷം 1,25000 പേര്‍ മരണമടയുന്നു എന്നാണ് കണക്ക്. കൃത്യമായ ഉപയോഗത്തിലൂടെ രോഗികളില്‍ മരുന്നുകളുടെ പ്രയോജനം വര്‍ദ്ധിപ്പിക്കുക എന്നതാണ് തങ്ങള്‍ വികസിപ്പിച്ച ആപ്പിന്റെ ലക്ഷ്യമെന്ന് നവിയയുടെ സ്ഥാപകരില്‍ ഒരാളും സിഇഒ യുമായ കുനാല്‍ പറഞ്ഞു.

2016 ജനുവരിയില്‍ നവിയയുടെ ആദ്യ പതിപ്പ് കമ്പനി പുറത്തിറക്കി. രോഗികളെ കൃത്യസമയത്ത് മരുന്ന് കഴിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നതിനുള്ള സംവിധാനമായിരുന്നു ആപ്പിന്റെ ആദ്യപതിപ്പില്‍ ലഭ്യമായിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ രോഗവിവരങ്ങള്‍, ഇതുവരെ കഴിച്ച മരുന്നുകള്‍, ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍, തുടങ്ങി രോഗിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സൂക്ഷിക്കാന്‍ കഴിയുന്ന സംവിധാനങ്ങളോടെ ആപ്പിന്റെ നവീകരിച്ച രണ്ടാം പതിപ്പ് പുറത്തിറക്കി.

രോഗിയെ പരിചരിക്കാനായി നിയമിച്ച പേഴ്‌സണല്‍ മെഡിക്കല്‍ സ്റ്റാഫിനെ പോലെ രോഗികള്‍ക്ക് ഈ ആപ്പിനെ ഉപയോഗിക്കാം. ഡോക്ടറുമായി ഈ ആപ്പിനെ ബന്ധപ്പെടുത്തുകയാണെങ്കില്‍ രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവയൊക്കെ ഉടനടി കൈമാറാനും ഉചിതമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും സാധിക്കും.

‘കെയര്‍ഗിവര്‍’ എന്ന പുതിയ സംവിധാനം ആപ്പില്‍ കൊണ്ടുവരുന്നതിനുള്ള പ്രയത്‌നത്തിലാണ് ഇപ്പോള്‍ കമ്പനി. ഇത് നിലവില്‍ വന്നുകഴിഞ്ഞാല്‍ പ്രിയപ്പെട്ടവരുടെ ആരോഗ്യം എത്ര തിരക്കായാലും സംരക്ഷിക്കാന്‍ കഴിയും. അവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനും വേണ്ടനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും ആപ്പ് നിങ്ങളെ സഹായിക്കും. ആപ്പിനെ ഓണ്‍ലൈന്‍ ഫാര്‍മസിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. കുനാലിനൊപ്പം ഗൗരവ് ഗുപ്ത, ഷൗര്‍ജോ ബാനര്‍ജി എന്നിവരും ആപ്പിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ഇതുവരെ 25 ലക്ഷം രൂപയാണ് കമ്പനിയില്‍ ആപ്പിനായി നിക്ഷേപിച്ചിരിക്കുന്നത്.

Comments

comments

Categories: Branding